പ്ലസ് വൺ പ്രവേശനം ; രണ്ട് ദിവസം കൂടി കാത്തിരിക്കണമെന്ന് വിദ്യാഭ്യാസ മന്ത്രി
സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനം രണ്ടു ദിവസം വൈകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. പ്രവേശനം സംബന്ധിച്ച നടപടി ക്രമങ്ങൾ പൂർത്തിയാക്കാനുള്ളതിനാലാണ് കാലതാമസമുണ്ടാകുന്നത് എന്നാണ് മന്ത്രി വിശദീകരിച്ചത്. പ്ലസ് വൺ പ്രവേശന നടപടികൾ നാളെ മുതൽ തുടങ്ങും എന്നാണ് വിദ്യാഭ്യാസ വകുപ്പ് നേരത്തെ അറിയിച്ചിരുന്നത്.
സംസ്ഥാനത്ത് പ്ലസ് വൺ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാം വിദ്യാർത്ഥികൾക്കും ഉപരി പഠനത്തിന് സീറ്റു ലഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി . ഇപ്രാവശ്യം മൂന്നു ഘട്ടങ്ങളിലായാണ് പ്രവേശനം നടത്തുക. അതുകൊണ്ടു തന്നെ എല്ലാവർക്കും ആഗ്രഹിക്കുന്ന, വീട്ടിനടുത്തുള്ള സ്കൂൾ ലഭിക്കണമെന്നില്ല. മെറിറ്റ് പോയിന്റ് അടിസ്ഥാനത്തിൽ മാത്രമേ പ്രവേശനം നടത്താൻ കഴിയുവെന്നും മന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് എസ്.എസ്.എൽ.സി പരീക്ഷയിൽ വിജയിച്ച കുട്ടികളുടെ എണ്ണത്തിലുള്ള വർധനവ് ഉണ്ടായിട്ടുണ്ട്. ഇത് പരിഗണിച്ച് സീറ്റ് വർധനവ് നടപ്പാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. നിലവിൽ സർക്കാർ, എയ്ഡഡ്, അൺഎയ്ഡഡ് സ്കൂളുകളിലായി 3,61,307 സീറ്റുകളാണുള്ളത്. സീറ്റ് വർധനവിലൂടെയും താൽക്കാലിക ബാച്ചുകളിലൂടെയുമായി ഇതു നാലു ലക്ഷത്തിന് മുകളിലെത്തുമെന്നാണ് മന്ത്രി പറയുന്നത്. ഉയർന്ന മാർക്ക് നേടി വിജയിച്ച എല്ലാവർക്കും പ്ലസ് വൺ അഡ്മിഷൻ ഉറപ്പാക്കാൻ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി ഉറപ്പു നൽകി.
Content Highlights: V SivancKutty On Plus One Admission