41 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ഇനി മത്സരം പതിനാറ് സീറ്റിലേക്ക് മാത്രം
രാജ്യസഭയിലേക്ക് നാൽപത്തിയൊന്ന് പേർ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. കോൺഗ്രസിന്റെ പി ചിദംബരം, രാജീവ് ശുക്ല, ബിജെപിയുടെ സുമിത്ര വാത്മീകി, മുൻ കോൺഗ്രസ് നേതാവ് കപിൽ സിബൽ, ആർ ജെ ഡിയുടെ മിസാ ഭാരതി, ആർ എൽ ഡിയുടെ ജയന്ത് ചൗധരി എന്നിവരാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ എത്തിയത്.
യുപിയിൽ നിന്ന് പതിനൊന്ന് പേരും തമിഴ്നാട്ടിൽ നിന്ന് ആറും ബിഹാറിൽ നിന്ന് അഞ്ചും ആന്ധ്രപ്രദേശിൽ നിന്ന് നാല് പേരും മധ്യപ്രദേശ് ഒഡിഷ എന്നിവിടങ്ങളിൽ നിന്ന് മൂന്ന് പേർ വീതവും ചത്തീസ്ഗഢ്, പഞ്ചാബ്, തെലങ്കാന, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്ന് രണ്ട് പേരും ഉത്തരാഖണ്ഡിൽ നിന്ന് ഒരാളുമാണ് രാജ്യസഭയിലേക്ക് എതിരില്ലാതെ എത്തിയത്.
ബിജെപിയുടെ ബാനറിൽ ആകെ പതിനാല് പേരാണ് എതിരാളികളില്ലാതെ രാജ്യസഭയിൽ എത്തിയത്. കോൺഗ്രസ്, വൈ എസ് ആർ കോൺഗ്രസ് എന്നിവയിൽ നിന്ന് നാല് പേരും ഡി എം കെ, ബി ജെ ഡി എന്നിവയിൽ നിന്ന് മൂന്ന് പേരും രാജ്യസഭയിൽ എത്തി. ആം ആദ്മി പാർട്ടി, ആർ ജെ ഡി, ടി ആർ എസ്, എ ഐ ഡി എം കെ എന്നിവയിൽ നിന്ന് രണ്ട് പേരും ജെ എം എം, ജെ ഡി യു, എസ് പി, ആർ എൽ ഡി, എന്നിവയിൽ നിന്ന് ഒരാളും മത്സരമില്ലാതെ സഭയിൽ എത്തി. കപിൽ സിബൽ സ്വതന്ത്രനായാണ് രാജ്യസഭയിലേക്കെത്തിയത്. വെള്ളിയാഴ്ചയായിരുന്നു നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തിയതി. പതിനഞ്ച് സംസ്ഥാനങ്ങളിലെ അൻപത്തിയേഴ് രാജ്യസഭാ സീറ്റുകളിലേക്ക് ജൂൺ പത്തിനാണ് തെരഞ്ഞെടുപ്പ്. മഹാരാഷ്ട്രയിലെ ആറ് സീറ്റിലേക്കും രാജസ്ഥാനിലെയും കർണാടകയിലെയും നാല് സീറ്റിലേക്കും ഹരിയാനയിലെ രണ്ട് സീറ്റിലേക്കുമാണ് ഇനി മത്സരം നടക്കുക.
Content Highlight: Rajya Sabha, Kapil Sibal, P Chidambaram