നാലാം ഘട്ട വോട്ടെടുപ്പ്: 9 മണിവരെ 10.35 ശതമാനം പോളിംഗ്; തൃണമൂല്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടു
ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നാലാം ഘട്ടത്തില്‍ വോട്ടെടുപ്പ് പുരോഗമിക്കുന്നു. 9 മണിവരെ 10.35 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്.
പശ്ചിമ ബംഗാളിലാണ് കൂടുതല്‍ പോളിംഗ്. 15.24 ശതമാനം പോളിംഗാണ് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത്. ജമ്മു കശ്മീരിലാണ് ഏറ്റവും കുറഞ്ഞ പോളിംഗ്. 5.07 ശതമാനമാണ് പോളിംഗ്.
ആന്ധ്രപ്രദേശിലെ എല്ലാ സീറ്റുകളിലേക്കും ഒഡീഷയിലെ 28 നിയമസഭാ സീറ്റുകളിലേക്കും തിരഞ്ഞെടുപ്പും ഇതോടൊപ്പം നടക്കുന്നുണ്ട്. പത്ത് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലുമായിട്ടാണ് നാലാം ഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആന്ധ്രയിലെ 25 ലോക്സഭാ സീറ്റിലേക്കും ഇതോടൊപ്പം തിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്.
മധ്യപ്രദേശ്, ജാര്‍ഖണ്ഡ്, ബീഹാര്‍, മഹാരാഷ്ട്ര, ഒഡീഷ, തെലങ്കാന, ഉത്തര്‍പ്രദേശ്, പശ്ചിമ ബംഗാള്‍, ജമ്മു കശ്മീര്‍ എന്നിവയാണ് ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങള്‍. അതേസമയം ബംഗാളില്‍ ഒരിക്കല്‍ കൂടുതല്‍ വ്യാപക അക്രമങ്ങള്‍ തിരഞ്ഞെടുപ്പ് ദിനത്തില്‍ ഉണ്ടായിരിക്കുകയാണ്. അക്രമത്തിന് പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കുറ്റപ്പെടുത്തല്‍ ആരംഭിച്ചിരിക്കുകയാണ്.
ദുര്‍ഗാപൂരില്‍ ഇരുപാര്‍ട്ടികളും തമ്മില്‍ പോളിംഗ് നടന്നുകൊണ്ടിരിക്കുമ്ബോള്‍ ഏറ്റുമുട്ടി. ബിര്‍ബൂമില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ പോളിംഗ് സ്റ്റേഷന് പുറത്തുള്ള തങ്ങളുടെ സ്റ്റാള്‍ തകര്‍ത്തതായി ബിജെപി ആരോപിച്ചു. അതേസമയം പെട്രോള്‍ ബോംബ് ആക്രമണത്തില്‍ ഭോല്‍പൂരില്‍ തൃണമൂല്‍ പ്രവര്ത്തകന് കൊല്ലപ്പെട്ടു. തിരഞ്ഞെടുപ്പ് ആരംഭിക്കാന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയായിരുന്നു ആക്രമണം.
അതേസമയം തൃണമൂല്‍ പ്രവര്‍ത്തകനെതിരെ ബോംബെറിഞ്ഞവരെ തിരിച്ചറിഞ്ഞിട്ടില്ല. ഭോല്‍പൂര്‍ പുര്‍ബ ബര്‍ദമാന്‍ ജില്ലയിലെ മണ്ഡലമാണ്. മിന്റു ഷെയ്ക്ക് എന്ന ടിഎംസി പ്രവര്‍ത്തകനാണ് കൊല്ലപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറായഴ്ച രാത്രി വീട്ടിലേക്ക് വരുന്നതിനിടെയാണ് ഇയാള്‍ ആക്രമിക്കപ്പെട്ടത്.
സംഭവ സ്ഥലത്ത് വെച്ച് തന്നെ ഇയാള്‍ കൊല്ലപ്പെട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. അതേസമയം നാലാം ഘട്ടത്തില്‍ നിര്‍ണായകമായ ചില സീറ്റും തിരഞ്ഞെടുപ്പിനെ നേരിടുന്നുണ്ട്. കനോജില്‍ നിന്ന് അഖിലേഷ് യാദവ് ജനവിധി തേടുന്നുണ്ട്. കനോജില്‍ ഇന്നാണ് തിരഞ്ഞെടുപ്പ്. കേന്ദ്ര മന്ത്രി അജയ് മിശ്ര തേനിയാണ് ഇവിടെ അഖിലേഷിന് എതിരാളി. ലഖിംപുരി കേസില്‍ ആരോപണം നേരിടുന്നയാളാണ് അജയ് മിശ്രയുടെ മകന്.
ബംഗാളില്‍ അധീര്‍ രഞ്ജന്‍ ചൗധരിയുടെ സീറ്റും ഇന്ന് പോളിംഗിനെ നേരിടുന്നുണ്ട്. മുന്‍ ക്രിക്കറ്ററും തൃണമൂല്‍ നേതാവുമായ യൂസഫ് പഠാനാണ് ഇവിടെ മത്സരിക്കുന്നത്. മഹുവ മൊയിത്ര കൃഷ്ണനഗറില്‍ നിന്ന് ജനവിധി തേടുന്നുണ്ട്. ബിജെപിയുടെ അമൃത റോയിയാണ് എതിരാളി. അസന്‍സോളില്‍ നിന്ന് ശത്രുഘ്നന്‍ സിന്‍ഹയും ജനവിധി തേടുന്നുണ്ട്.
ബിജെപിയുടെ മുതിര്‍ന്ന നേതാവ് എഎസ് അഹലുവാലിയക്കെതിരെയാണ് മത്സരം. തൃണമൂലിന്റെ കീര്‍ത്തീ ആസാദ് ബര്‍ദമാന്‍-ദുര്‍ഗാപൂര്‍ സീറ്റില്‍ നിന്ന് മത്സരിക്കുന്നുണ്ട്. മുന്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷാണ് ഇവിടെ എതിരാളി. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ ശേഷമുള്ള ശ്രീനഗറില്‍ ആദ്യ തിരഞ്ഞെടുപ്പും ഇന്ന് നടക്കുന്നുണ്ട്.