ബാലയ്യയുടെ സിനിമയുടെ ഒരു ടിക്കറ്റ് ഒരു ലക്ഷം രൂപക്ക് എടുത്ത ആരാധകൻ: വെറുത്ത് വെറുത്ത് ഒടുവിൽ ഇഷ്ടം തോന്നുന്ന കുട്ടിശങ്കരനായി മാറിയ ബാലയ്യ
തെലുങ്ക് സിനിമയിലെ ഒരു എവർ ഗ്രീൻ സൂപ്പര്‍താരമാണ് നന്ദമൂരി ബാലകൃഷ്ണ. ആരാധകര്‍ സ്നേഹത്തോടെ അദ്ദേഹത്തെ വിളിക്കുന്ന പേരാണ് ബാലയ്യ എന്നത്. ഇപ്പോൾ ബാലയ്യയുടെ ബ്രഹ്മാണ്ഡചിത്രം അഖണ്ഡ 2: താണ്ഡവം വെള്ളിയാഴ്ച തിയേറ്ററുകളില്‍ എത്തുകയാണ്. സൂപ്പര്‍ഹിറ്റായ അഖണ്ഡ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായതിനാല്‍ വലിയ പ്രതീക്ഷയോടെയാണ് ആരാധകര്‍ അഖണ്ഡ ടുവിനായി കാത്തിരിക്കുന്നത്.
എന്നാൽ ഇപ്പോൾ ഈ ബാലയ്യ ചിത്രത്തിന്റെ ആദ്യടിക്കറ്റിനായി വന്‍തുക മുടക്കിയ ആരാധകനാണ് സിനിമയേക്കാൾ ശ്രദ്ധിക്കപ്പെടുന്നത്. രാജശേഖര്‍ പര്‍നപള്ളി എന്നയാളാണ് വെറും ഒരു ടിക്കറ്റ് എടുത്ത് കൊണ്ട് വൈറലായത്. എന്നാൽ ഒരുലക്ഷം രൂപയാണ് ഇദ്ദേഹം അഖണ്ഡ 2-ന്റെ ആദ്യടിക്കറ്റിനായി മുടക്കിയത്.
ഇന്ത്യന്‍ വംശജനായ രാജശേഖര്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടിലാണ് താമസിക്കുന്നത്. അഖണ്ഡ 2 ജര്‍മനിയില്‍ വിതരണം ചെയ്യുന്ന തരക രാമ എന്റര്ടെയിന്മെന്റ്സ്, ഈ ചിത്രത്തിന്റെ ആദ്യടിക്കറ്റ് ലേലത്തിന് വെക്കുകയായിരുന്നു. അഞ്ച് മേഖലകളിലെ ആദ്യ ടിക്കറ്റുകളാണ് ലേലത്തിന് വെച്ചത്. ഇതിലൊന്നാണ് രാജശേഖര്‍ ആയിരം യൂറോ അതായത് ഒരുലക്ഷം രൂപ മുടക്കി സ്വന്തമാക്കിയത്.
താന്‍ ബാലയ്യയുടെ കടുത്ത ആരാധകനാണെന്നാണ് രാജശേഖര്‍ പറയുന്നത്. ‘ഏത് രാജ്യത്താണെന്നത് വിഷയമല്ല. ലോകത്തെവിടെയായാലും ഞാന്‍ ബാലയ്യ ആരാധകനാണ്. എന്റെ ഗ്രാമത്തിലോ സീമാന്ധ്രയിലോ എത്തിയതുപോലെയാണ് തോന്നുന്നത്. ആനന്ദപുരത്തുണ്ടായിരുന്നപ്പോള് ബാലയ്യ ചിത്രങ്ങളുടെ റിലീസ് കട്ടൗട്ടുകളും ബാനറുകളും സ്ഥാപിച്ചാണ് ഞാന്‍ ആഘോഷിച്ചിരുന്നത്. ഇവിടെയും എനിക്ക് അതൊന്നും നഷ്ടപ്പെട്ടിട്ടില്ല എന്നാണ് തോന്നുന്നത്. നന്ദമൂരി കുടുംബത്തിന്റെ ആരാധകനെന്ന നിലയില്‍ ആദ്യടിക്കറ്റ് സ്വന്തമാക്കിയതില്‍ എനിക്ക് അഭിമാനമുണ്ട്.’ എന്നും രാജശേഖര്‍ പറഞ്ഞു.
രാജശേഖറിന് ആദ്യടിക്കറ്റ് കൈമാറുന്നതിന്റെ വീഡിയോ തരക രാമ എന്റര്ടെയിന്മെന്റ്സ് സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചു. അധികം വൈകാതെ ഈ വീഡിയോ വൈറലായി മാറുകയും ചെയ്തു.
ബോയപതി ശ്രീനുവാണ് അഖണ്ഡ 2-ന്റെ സംവിധായകന്. ഈ കൂട്ടുകെട്ടിന്റെ നാലാമത്തെ ചിത്രമാണ് ‘അഖണ്ഡ 2: താണ്ഡവം’. ഇതിനകം പുറത്തുവന്ന ട്രെയിലറും ഡാന്‍സ് നമ്പറും ലിറിക്കല്‍ വീഡിയോയുമെല്ലാം ട്രെന്‍ഡിങ്ങായിരുന്നു. മലയാളി താരം സംയുക്തയാണ് ചിത്രത്തിലെ നായിക.
മലയാളികൾ ഓലപ്പോലും ട്രോൾ ചെയ്യുന്ന ഒരു താരമാണ് ബാലയ്യ. അദ്ദേഹം ട്രെയിൻ പിടിച്ച് നിർത്തുന്നതും ഹെലികോപ്റ്റർ താഴേക്ക് എറിയുന്നതും ഒക്കെ നമ്മൾ കണ്ടിട്ടുണ്ട്. ട്രബിൾ ഡയലോഗും ആരും മറക്കാൻ ഇടയില്ല.
എന്നാൽ വെറുത്ത് വെറുത്ത് വെറുപ്പിന്റെ അവസാനം തോന്നുന്ന ഒരിഷ്ടം ഉണ്ടാക്കാൻ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യക്ക് കഴിഞ്ഞിട്ടുണ്ട്. പലപ്പോളും ബാലയ്യ ചെയ്ത സീരിയസ് രംഗങ്ങൾ കണ്ടാണ് നമ്മൾ മലയാളികൾ ചിരിച്ചിട്ടുള്ളത്.
എന്നാൽ കുറെ മുമ്പ് പുറത്തിറങ്ങിയ ബാലയ്യയുടെ ഡാകു മഹാരാജ് എന്ന ചിത്രം മലയാളത്തിൽ ഉൾപ്പെടെ ഡബ്ബ് ചെയ്ത് ഒ.ടി.ടിയിലെത്തിയതോടെ വലിയ സ്വീകരണമാണ് മലയാളികളും നൽകിയത്. ഫെയ്സ്ബുക്ക് ഉള്‍പ്പെടെയുള്ള സാമൂഹികമാധ്യമങ്ങളില്‍ മികച്ച അഭിപ്രായമാണ് ഒട്ടേറെ പേര് പോസ്റ്റ് ചെയ്തിരിക്കുന്നത്.
പുഷ്പ 2-നേക്കാള്‍ മികച്ച ചിത്രമാണ് ഡാക്കു മഹാരാജ് എന്നാണ് ചിലര്‍ പറയുന്നത്. ചിത്രം കേരളത്തിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്യണമെന്നും പലരും പറഞ്ഞിരുന്നു. ഡാക്കു മഹാരാജ് വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ സംഗീതസംവിധായകന് തമന്, ബാലയ്യ രണ്ട് കോടി രൂപയോളം വിലവരുന്ന പോര്‍ഷെ കാറും സമ്മാനിച്ചിരുന്നു.
ഡാക്കു മഹാരാജിനെ കുറിച്ച് മലയാളികള്‍ എക്സില്‍ പോസ്റ്റ് ചെയ്ത അഭിപ്രായങ്ങളാണ് ശ്രദ്ധേയമായത്. ഈ ഒറ്റ പടം കൊണ്ട് ബാലയ്യ ഫാന്‍ ആക്കി കളഞ്ഞു. അസാധാരണ സ്ക്രീന്‍ പ്രസന്‍സും ഓറയുമാണ് ബാലയ്യക്ക് എന്നൊക്കെയാണ് ട്വീറ്റുകൾ വന്നത്.
ഫെയ്സ്ബുക്കിലും ‘ബാലയ്യ ഏറെ മാറിയിട്ടുണ്ട്. സ്ഥിരമായി ചിരിക്കുന്ന റിയാക്ഷന് മാത്രം കിട്ടിയിരുന്ന ബാലയ്യ പോസ്റ്റുകള്‍ക്ക് ഇപ്പോള്‍ ലൈക്കുകളും ലൗ റിയാക്ഷനുകളുമാണ് കൂടുതൽ ലഭിക്കുന്നത്.
മലയാളികളുടെ ബാലയ്യ ഫാൻസ് ഗ്രൂപ്പും ഉണ്ട്. എന്തായാലും ഇനി അഖണ്ഡ-2 താണ്ഡവം കൂടെ ഇറങ്ങുമ്പോള്‍ കേരളത്തില്‍ നല്ല ഓപ്പണിങ് ലഭിക്കാൻ തന്നെയാണ് സാധ്യത.












