ആദ്യം തൃഷയുമായുള്ള ബന്ധം അവസാനിപ്പിക്കണം, എന്നിട്ട് രാഷ്ട്രീയം പഠിക്കണം; വിജയിനെ പരിഹസിച്ച് ബിജെപി നേതാവ് നൈനാർ നാഗേന്ദ്രൻ
തമിഴ് സിനിമ ലോകത്ത് കുറെ വര്‍ഷങ്ങളായി പ്രചരിക്കുന്ന ഒരു അഭ്യൂഹമാണ് നടനും ടിവികെ സ്ഥാപക നേതാവുമായ വിജയും നടി തൃഷയും തമ്മിൽ പ്രണയത്തിലാണെന്നത്. ഇരുവരും തമ്മിലുള്ള വിവാഹം ഉടൻ ഉണ്ടായേക്കുമെന്ന തരത്തിലുള്ള വാർത്തകളും നേരത്തേ വന്നിരുന്നു.
നടി കീര്‍ത്തി സുരേഷിന്റെ വിവാഹത്തിൽ പങ്കെടുക്കാൻ ഗോവയിലേക്ക് വിജയും തൃഷയും ഒരുമിച്ചാണ് പ്രൈവറ്റ് ജെറ്റില്‍ വന്നിറങ്ങിയത്. അന്നുമുതലാണ് ഇവർ രണ്ടുപേരും തമ്മില്‍ പ്രണയത്തിലാണെന്നും ഒരുമിച്ച് കഴിയുകയാണെന്ന തരത്തിലുമുള്ള വാർത്തകൾക്ക് ജീവൻ വെച്ചത്. പിന്നീട് അത് പടരുകയും ചെയ്തു.
എന്തായാലും ഇപ്പോൾ തമിഴ്നാട്ടിൽ തിരഞ്ഞെടുപ്പ് അടുത്ത് വരുമ്പോൾ വീണ്ടും ഈ വിഷയം ചർച്ചയാക്കുകയാണ് ബി ജെ പി. തൃഷയെ വിട്ട് പുറത്ത് കടന്നാൽ മാത്രമേ വിജയിക്ക് എന്തെങ്കിലും ചെയ്യാൻ സാധിക്കൂവെന്നാണ് ബി ജെ പിയുടെ പരിഹാസം. ബി ജെ പി നേതാവ് നൈനാർ നാഗേന്ദ്രൻ ആണ് വിജയിക്കെതിരെ രംഗത്തെത്തിയത്.
വിജയ് പാവമാണ്, അയാൾക്ക് ഒന്നും അറിയില്ല, രാഷ്ട്രീയത്തിൽ അദ്ദേഹത്തിന് യാതൊരു അനുഭവസമ്പത്തുമില്ല. തൃഷയുമായുള്ള ബന്ധത്തിൽ നിന്ന് മോചിതനായാൽ മാത്രമേ അയാൾക്ക് യാഥാർത്ഥ്യം മനസിലാക്കാൻ കഴിയൂ. ഒരു സംസ്ഥാനത്തെ നയിക്കാൻ ശ്രമിക്കുന്നതിന് മുൻപ് സ്വന്തം കുടുംബബന്ധങ്ങൾ ശരിയാക്കുകയും, മറ്റുള്ള മഹാന്മാരായ നേതാക്കൾ പ്രസ്ഥാനങ്ങൾ കെട്ടിപ്പടുത്തത് എങ്ങനെയാണെന്ന് പഠിക്കുകയും വേണം’, എന്നുമാണ് നൈനാർ നാഗേന്ദ്രൻ പരിഹസിച്ചത്.
‘ഒരു കോഴിയെ പിടിക്കാൻ വീടിന്റെ മേൽക്കൂരയിൽ കയറാൻ കഴിയാത്ത ഒരാൾക്ക് എങ്ങനെയാണ് സ്വർഗത്തിലേക്ക് പോകാൻ ആകാശത്തിൽ എത്താൻ സാധിക്കുക. എല്ലാത്തിനും അനുഭവ പരിചയം വേണം. ഒരു പാത്രത്തിനുള്ളിൽ ഉള്ളത് മാത്രമേ അതിൽ നിന്ന് പുറത്തേക്ക് ഒഴിക്കാൻ കഴിയൂ’എന്നും നൈനാർ പറഞ്ഞു.
32% വോട്ട് വിഹിതം എന്ന ടിവികെയുടെ അവകാശവാദത്തേയും അദ്ദേഹം തള്ളിക്കളഞ്ഞു. ഒരു നടനായതുകൊണ്ട് മാത്രം 32% വോട്ട് അയാൾ നേടുമെന്ന് നമുക്കെങ്ങനെ അംഗീകരിക്കാൻ കഴിയും? വിജയകാന്ത് വലിയ ജനക്കൂട്ടത്തെ ആകർഷിച്ചിട്ടും, അത് വോട്ടുകളായി മാറിയില്ല. ഒരു പ്രയോജനവും അദ്ദേഹത്തിന് ഉണ്ടായതുമില്ല എന്നും അന്തരിച്ച നടൻ വിജയകാന്തിന്റെ രാഷ്ട്രീയ ജീവിതം ഓർമ്മിപ്പിച്ചുകൊണ്ട് നാഗേന്ദ്രൻ ചോദിച്ചു.
രാഷ്ട്രീയപരമായി നോക്കുമ്പോൾ വിജയ് ഞങ്ങളുടെ മുന്നിൽ ഒന്നുമല്ല. ഹനുമാനെപ്പോലെ ഒരു പർവതത്തിന് മുകളിലൂടെ ചാടാൻ കഴിയുമെന്ന് എനിക്കും അവകാശപ്പെടാം. പക്ഷേ അത് സാധ്യമാണോ? അയാൾക്ക് ഒരു സീറ്റ് പോലും നേടാൻ കഴിയില്ല’, എന്നും നൈനാർ നാഗേന്ദ്രൻ കൂട്ടിച്ചേർത്തു.
നേരത്തേ ഡിഎംകെ നേതാവ് പനീർശെൽവവും വിജയ്-തൃഷ ബന്ധത്തെ പരിഹസിച്ചിരുന്നു. ടിവികെയിലെ ടി തൃഷയെ ഉദ്ദേശിച്ചുള്ളതാണെന്നായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം. അതേസമയം ഇത്തരം പരിഹാസങ്ങളോട് വിജയിയോ തൃഷയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് തിരിയുന്നതിന് തൊട്ടുമുന്‍പ് റിലീസായത് ‘ഗോട്ട്’ എന്ന സിനിമയാണ്. ഗോട്ടില്‍ ഒരു ഡാന്‍സ് രംഗത്തില്‍ തൃഷ വിജയ്ക്കൊപ്പം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഗില്ലി എന്ന ചിത്രത്തിലെ പാട്ടിൽ തൃഷയും വിജയ്യും ചെയ്ത സ്റ്റെപ്പ് ‘ഗോട്ടി’ൽ ആവര്‍ത്തിച്ചതും ശ്രദ്ധേയമായിരുന്നു. ഗില്ലി, കുരുവി, തിരുപ്പാച്ചി, ആത്തി എന്നീ ചിത്രങ്ങള്‍ സൃഷ്ടിച്ച കോംബോ അവസാനമായി ഒന്നിച്ച ചിത്രം ‘ലിയോ’ ആയിരുന്നു. വിജയ്യുടെ നായിക വേഷത്തിലാണ് ‘ലിയോ’യില്‍ തൃഷ അഭിനയിച്ചത്.













