മമ്മൂട്ടി പൂർണ്ണമായും രോഗമുക്തി നേടി തിരികെയെത്തുന്നു; ഇത്രയും പേരുടെ പ്രാർത്ഥന ദൈവം എങ്ങനെ കേൾക്കാതിരിക്കുമെന്ന് സോഷ്യൽ മീഡിയ

മലയാള സിനിമയുടെ മെഗാസ്റ്റാർ മമ്മൂട്ടി ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും അഭിനയരംഗത്തേക്ക് തിരിച്ചെത്തുന്നു. ആരോഗ്യപരമായ കാരണങ്ങളാൽ സിനിമയിൽ നിന്നും പൊതുവേദികളിൽ നിന്നും വിട്ടുനിൽക്കുകയായിരുന്ന പ്രിയതാരത്തിന്റെ തിരിച്ചുവരവ് നിർമ്മാതാവ് ആന്റോ ജോസഫാണ് സമൂഹമാധ്യമങ്ങളിലൂടെ സ്ഥിരീകരിച്ചത്. ഇതോടെ ആരാധകരുടെ നീണ്ട കാത്തിരിപ്പിനും ആശങ്കകൾക്കും വിരാമമായി.
“ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാർത്ഥനയ്ക്ക് ഫലം കണ്ടു, ദൈവമേ നന്ദി, നന്ദി, നന്ദി,” എന്നായിരുന്നു ആന്റോ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. ഇതിന് പിന്നാലെ മമ്മൂട്ടിയുടെ സന്തതസഹചാരിയായ ജോർജ് എസും സന്തോഷം പങ്കുവെച്ചു. “സന്തോഷത്തിൽ നിറഞ്ഞ കണ്ണുകളോടെ കൈകൂപ്പി നിങ്ങളുടെ മുന്നിൽ ഞാൻ നിൽക്കുന്നു,” എന്ന് തുടങ്ങുന്ന വൈകാരികമായ കുറിപ്പും അദ്ദേഹം പോസ്റ്റ് ചെയ്തു.
വമ്പൻ താരങ്ങൾ അണിനിരക്കുന്ന മഹേഷ് നാരായണൻ ചിത്രത്തിൽ നിന്നും മമ്മൂട്ടിഇടവേളയെടുത്തുവെന്ന റിപ്പോർട്ടുകളോടെയാണ് അദ്ദേഹത്തിന്റെ ആരോഗ്യത്തെ സംബന്ധിച്ചുള്ള അശുഭകരമായ വാർത്തകളും പ്രചരിച്ചത്. ഷൂട്ടിങ്ങിനിടെ ചെറിയ ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടുവെന്നും അതിനാൽ അദ്ദേഹം ഷൂട്ടിങ് നിർത്തി ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്നുമായിരുന്നു റിപ്പോർട്ടുകൾ.
അതിന് ശേഷം പലവിധ അഭ്യൂഹങ്ങളും നടന്റെ രോഗത്തെ കുറിച്ച് ഉയർന്നു. മമ്മൂട്ടിക്ക് കുടലിൽ ക്യാൻസർ ആണെന്ന് വരെ പ്രചരണങ്ങളുണ്ടായി. അദ്ദേഹത്തോട് അടുപ്പമുള്ളവർ ഇതെല്ലം നിഷേധിക്കുകയും ചെയ്തിരുന്നു. എന്നാൽ മോഹൻലാൽ ശബരിമലയിൽ പോയി, മമ്മൂട്ടിയുടെ പേരിൽ വഴിപാട് കഴിച്ചതോടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന കാര്യത്തിൽ ഏറെക്കുറെ സ്ഥിരീകരണമായി.
പിന്നാലെ സിനിമ മേഖലയിൽ നിന്നും പലരും മമ്മൂട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി ക്കൊണ്ടുള്ള പോസ്റ്റുകൾ പങ്കു വെച്ചിരുന്നു. അപ്പോളും മമ്മൂട്ടിയിൽ നിന്നോ അദ്ദേഹത്തിന്റെ പിആർ ടീമിൽ നിന്നോ ഔദ്യോഗിക പ്രതികരണങ്ങളൊന്നും വന്നിരുന്നില്ല.
എന്തായാലും ഇപ്പോൾ അദ്ദേഹം രോഗത്തിൽ നിന്നും പൂർണമായും മുക്തനായി എന്ന സന്തോഷകരമായ വാർത്തയാണ് എത്തിയിരിക്കുന്നത്. അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നടൻ പൂർണ ആരോഗ്യവാനാണെന്ന് ഡോക്ടർമാർ സാക്ഷ്യപ്പെടുത്തിയെന്നും ഇന്ന് രാവിലെയോടെ എല്ലാ ടെസ്റ്റുകളും പൂർത്തിയാക്കിയെന്നുമാണ് പുറത്തുവരുന്ന വാർത്തകൾ. രോഗം ഭേദമായ അദ്ദേഗം ഉടൻ നാട്ടിലേക്ക് മടങ്ങുമെന്നും അറിയിച്ചിട്ടുണ്ട്.
ആരാധകരും വിരോധികളും ഒക്കെ മമ്മൂട്ടിയുടെ തിരിച്ച് വരവിനായി പ്രാർത്ഥിച്ചിരുന്നു. ഇപ്പോൾ അസുഖം മാറി ഉടൻ തന്നെ സിനിമയിൽ അദ്ദേഹം സജീവമാകും എന്ന് പ്രതീക്ഷിക്കാം. ഇത്രയധികം ആളുകൾ ഒരുമിച്ച് പ്രാർത്ഥിക്കുമ്പോൾ ദൈവത്തിന് കേൾക്കാതിരിക്കാൻ പറ്റില്ലല്ലോ എന്നൊക്കെയാണ് സോഷ്യൽ മീഡിയയിൽ വരുന്ന കമന്റുകൾ. സെപ്റ്റംബർ ആദ്യവാരം മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ അദ്ദേഹം ജോയിൻ ചെയ്യും എന്നാണ് അറിയുന്നത്.
വിനായകനും ഒരുമിച്ചുള്ള ‘കളങ്കാവൽ’ ആണ് മമ്മൂട്ടിയുടേതായി റിലീസിന് ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രം.