സിനിമാ ചിത്രീകരണത്തിനിടെ പൊള്ളലേറ്റ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണൻ ആശുപത്രിയിൽ
സിനിമാ ചിത്രീകരണത്തിനിടെ നടൻ വിഷ്ണു ഉണ്ണിക്കൃഷ്ണന് പൊള്ളലേറ്റു. കൈകൾക്കാണ് പൊള്ളലേറ്റത്. കൊച്ചിയിൽ ചിത്രീകരണം പുരോഗമിക്കുന്ന വെടിക്കെട്ട് എന്ന് ചിത്രത്തിന്റെ ലൊക്കേഷനിൽ വൈപ്പിനിൽ വെച്ചാണ് വിഷ്ണുവിന് പൊള്ളലേറ്റത്.
ഇന്നലെ വൈകീട്ട് ഏഴ് മണിയോടെയാണ് അപകടമുണ്ടായത്. ഷൂട്ടിനിടെ വിളക്കിലെ തിളച്ച എണ്ണ കയ്യിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. രണ്ട് കൈയിലും പൊള്ളലേറ്റ വിഷ്ണു ഉണ്ണിക്കൃഷ്ണനെ ആദ്യം വൈപ്പിനിലെ ആശുപത്രിയിലും തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പൊള്ളൽ സാരമായതിനാൽ പ്ലാസ്റ്റിക് സർജറിക്ക് വിധേയമാക്കി. സിനിമയുടെ ചിത്രീകരണം ഒരാഴ്ചത്തേക്ക് നിർത്തിവെച്ചു.
സുഹൃത്തുക്കളായ വിഷ്ണു ഉണ്ണിക്കൃഷ്ണനും ബിബിൻ ജോർജും ചേർന്ന് സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്യുന്ന ചിത്രമാണ് വെടിക്കെട്ട്. അമർ അക്ബർ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷൻ ഒരു യമണ്ടൻ പ്രണയകഥ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വെടിക്കെട്ട്.