ശ്രീനാഥ് ഭാസിക്കെതിരായ പരാതി പിന്‍വലിക്കാനൊരുങ്ങി അവതാരക; അഭിഭാഷകരെ ചുമതലപ്പെടുത്തി
ശ്രീനാഥ് ഭാസിക്കെതിരെ നല്കിയ പരാതി പിന്‍വലിക്കാനൊരുങ്ങി അവതാരക. പരാതി പിന്‍വലിക്കാനുള്ള ഹര്‍ജിയില്‍ അവതാരക ഒപ്പുവെച്ചതായാണ് റിപ്പോര്‍ട്ടുകള്‍. പിന്‍വലിക്കുന്നതിനായി അഭിഭാഷകരെ നിയോഗിച്ചു. നടന് മാപ്പു നല്കാന് ആലോചിക്കുന്നതായി പരാതിക്കാരി നേരത്തേ പറഞ്ഞിരുന്നു.
ശ്രീനാഥ് ഭാസി മാപ്പു പറഞ്ഞതിനു പിന്നാലെയായിരുന്നു പ്രതികരണം. ശ്രീനാഥ് ഭാസിയുടെ മാപ്പ് അംഗീകരിക്കുന്നു. ചെയ്ത തെറ്റ് ശ്രീനാഥ് ഭാസി ഏറ്റുപറഞ്ഞു. വിളിച്ച ഓരോ തെറിയും നടന് സമ്മതിച്ചു. ഒരു കലാകാരന് കാല് പിടിച്ച് മാപ്പ് ചോദിക്കുമ്പോള്‍ കൊടുക്കാനുള്ള മാനസികാവസ്ഥ എനിക്കുണ്ട്. ശ്രീനാഥ് ഭാസിയുടെ കരിയര്‍ നശിപ്പിക്കാന്‍ ആഗ്രഹമില്ല. മറ്റൊരു ശ്രീനാഥ് ഭാസി ഉണ്ടാകരുത്. മറ്റൊരാളോടും ഇങ്ങനെ പെരുമാറരുത് എന്നതാണ് എന്റെ ആവശ്യമെന്നായിരുന്നു അവര്‍ പറഞ്ഞത്.
ചട്ടമ്പി സിനിമയുടെ പ്രമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിനിടെ ശ്രീനാഥ് ഭാസി അസഭ്യം പറഞ്ഞുവെന്നായിരുന്നു പരാതി. ക്യാമറകള്‍ നിര്‍ബന്ധിച്ച് ഓഫ് ചെയ്യിച്ചതിനു ശേഷമായിരുന്നു തെറിവിളിയെന്നും മരട് പോലീസ് സ്റ്റേഷനില്‍ നല്കിയ പരാതിയില്‍ അവര്‍ വ്യക്തമാക്കിയിരുന്നു.