അപർണ ബാലമുരളി മികച്ച നടി, സൂര്യയും അജയ് ദേവഗണും നടന്മാർ. മലയാളത്തിന്റെ അഭിമാനമായി അയ്യപ്പനും കോശിയും
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മികച്ച നടനുള്ള പുരസ്കാരം സൂര്യയും അജയ് ദേവഗണും പങ്കിട്ടു. മികച്ച നടി അപര്‍ണാ ബാലമുരളി. സുരറൈ പൊട്രിലെ അഭിനയമാണ് സൂര്യക്കും അപര്‍ണക്കും പുരസ്കാരം നേടിക്കൊടുത്തത്. സുരറൈ പോട്ര് തന്നെയാണ് മികച്ച ചിത്രവും.
മലയാളത്തിന്റെ അഭിമാനമായത് അയ്യപ്പനും കോശിയും ആണ്. മികച്ച സംവിധായകനുള്ള പുരസ്കാരം സച്ചി നേടിയപ്പോള്‍ മികച്ച സഹനടനായി ബിജു മേനോനും മികച്ച ഗായികയായി നഞ്ചിയമ്മയും തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഘട്ടത്തിനുള്ള പുരസ്കാരം മാഫിയ ശശിയും സുപ്രീം സുന്ദറും ഇതെ ചിത്രത്തിലൂടെ സ്വന്തമാക്കി.
തിങ്കളാഴ്ച നിശ്ചയമാണ് മികച്ച മലയാള ചിത്രം. കാവ്യാ പ്രകാശിന്റെ വാങ്ക് പ്രത്യേക പരാമർശം നേടി. മികച്ച പശ്ചാത്തല സംഗീതത്തിനുള്ള പുരസ്കാരവും സുരറൈ പോട്രിനാണ്.
സിനിമാ സൗഹൃദ സംസ്ഥാനമായി ജൂറി തെരഞ്ഞെടുത്തത് മധ്യപ്രദേശിനെയാണ്. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മികച്ച സിനിമാ പുസ്തകത്തിനുള്ള പുരസ്കാരം അനൂപ് രാമകൃഷ്ണൻ എഴുതിയ എം.ടി അനുഭവങ്ങളുടെ പുസ്തകമാണ്. നോൺ ഫീച്ചർ വിഭാഗത്തിൽ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്കാരം മലയാളിയായ നിഖിൽ എസ് പ്രവീണിനാണ്. ശബ്ദിക്കുന്ന കലപ്പ എന്ന ചിത്രമാണ് പുരസ്കാരത്തിന് അർഹമായത്.
Content Highlights: National film awards Aparna Balamurali, Surya and Ajay Devgan