സിനിമ- സീരിയൽ നടി മീനാ ഗണേഷ് അന്തരിച്ചു

അമ്മ കഥാപാത്രങ്ങളിലൂടെ മലയാളി സിനിമാപ്രേക്ഷകർക്ക് സുപരിചിതയായ നടി മീനാ ഗണേഷ് അന്തരിച്ചു. ഷൊർണൂരിലെ സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം. 82 വയസായിരുന്നു. സംസ്കാരം ഉച്ചകഴിഞ്ഞു ഷൊർണൂരിൽ വെച്ച് നടത്തും .
നാടക രംഗത്ത് നിന്നുമാണ് സിനിമയിലേയ്ക്ക് മീനാ ഗണേശ് എത്തിയത് . സിനിമയിലെ അഭിനയ മികവിൻ്റെ അടിസ്ഥാനത്തിൽ മികച്ച സ്വഭാവ നടിയ്ക്കുള്ള അംഗീകാരം ലഭിച്ചിട്ടുണ്ട് .ഇരുന്നൂറുലധികം സിനിമകളിലും ഇരുപത്തിയഞ്ചോളം സീരിലുകളിലും അഭിനയിച്ചിട്ടുട്ണ്ട് .മീനാ ഗണേശ് അഭിനയിച്ച വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, വാൽക്കണ്ണാടി, നന്ദനം, മീശമാധവൻ, തുടങ്ങി ചിത്രങ്ങളിലെ വേഷങ്ങൾ ശ്രദ്ധേയമാണ് .
1976 ൽ റിലീസായ മണിമുഴക്കം ആണ് ആദ്യ ചിത്രമേങ്കിലും 1991ലെ മുഖചിത്രം എന്ന ചിത്രത്തിൽ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിനിമയിൽ സജീവമായത്.
1942 ൽ പാലക്കാട് കല്ലേക്കുളങ്ങരയിൽ ജനിച്ചു. തമിഴ് സിനിമകളിൽ അഭിനയിച്ചിരുന്ന നടൻ കെ പി കേശവന്റെ മകളാണ്. സ്കൂൾ പഠനകാലത്ത് കൊപ്പം ബ്രദേഴ്സ് ആർട്ട്സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടകരംഗത്തെത്തുന്നത്. തുടർന്ന് നാടകത്തിൽ സജീവമായി. കോയമ്പത്തൂർ, ഈറോഡ്, സേലം എന്നിവിടങ്ങളിലെ മലയാളി സമാജങ്ങളിലടക്കം അഭിനയിക്കുകയും ചെയ്തു.
1971 ൽ പ്രശസ്ത നാടകരചയിതാവും സംവിധായകനും നടനുമായ എ എൻ ഗണേഷാണ് ഭർത്താവ്.സീരിയൽ സംവിധായകനായ മനോജ് ഗണേഷ്, സംഗീത എന്നിവരാണ് മക്കൾ.
കെപിഎസി, എസ്എൽപുരം സൂര്യസോമ, ചങ്ങനാശേരി ഗീഥ, കോട്ടയം നാഷണൽ തീയേറ്റേഴ്സ്, അങ്കമാലി പൗർണമി, തൃശൂർ ഹിറ്റ്സ് ഇന്റർനാഷണൽ, കൊല്ലം ട്യൂണ, ചാലക്കുടി സാരഥി, തൃശൂർ യമുന, അങ്കമാലി പൂജ എന്നിങ്ങനെ നിരവധി സമിതികളുടെ നാടകങ്ങളിൽ മീനഅഭിനയിച്ചിട്ടുണ്ട്.ചാലക്കുടി സാരഥി തീയറ്റേഴ്സിനു വേണ്ടി നടൻ തിലകൻ സംവിധാനം ചെയ്ത ഫസഹ് എന്ന നാടകത്തിൽ മീന ഗണേഷ് ചെയ്ത ‘കുൽസുമ്പി’ എന്ന കഥാപാത്രം ഏറെ ജനപ്രീതി നേടിയിരുന്നു.