സീരിയൽ നടികളും സുരക്ഷിതരല്ലേ ? സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമെന്ന് വനിതാ കമ്മിഷന് അധ്യക്ഷ
സീരിയലുകള്‍ക്ക് സെന്‍സറിങ് അനിവാര്യമാണെന്ന് വനിതാ കമ്മിഷന് അധ്യക്ഷ പി. സതീദേവി. സീരിയലുകളെ സംബന്ധിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യേണ്ട ഒട്ടേറെ വിഷയങ്ങളുണ്ടെന്നും എത്രമാത്രം നല്ല സന്ദേശങ്ങൾ സീരിയലുകള്‍ സമൂഹത്തിനു നൽകുന്നുവെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പി. സതീദേവി പറഞ്ഞു.
സംസ്ഥാനത്ത് മെഗാ സീരിയലുകള്‍ നിരോധിക്കണമെന്ന റിപ്പോര്‍ട്ടിനെ കുറിച്ച് അറിയില്ലെന്ന് വനിതാ കമ്മിഷന് അധ്യക്ഷ വ്യക്തമാക്കി . 2017-18 കാലയളവില്‍ വനിതാ കമ്മിഷന് സീരിയലുകളെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടായിരുന്നുവെന്നും താന്‍ കമ്മിഷന്റെ അധ്യക്ഷയായി ചാര്‍ജ്ജെടുത്തത് 2021 ലായതിനാല്‍ ആ റിപ്പോര്‍ട്ട് പൂര്‍ണമായും കണ്ടിട്ടില്ലെന്നും റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മാത്രമേ കൂടുതല്‍ പ്രതികരിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവർ പറഞ്ഞു.
സീരിയലിലെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പരാതികള്‍ ലഭിച്ചിട്ടുണ്ട്. സ്ത്രീകളെയും കുട്ടികളെയും കുറിച്ച് തെറ്റായ വിവരങ്ങളാണ് അവ സമൂഹത്തിന് നല്‍കുന്നതെന്നും സെന്‍സറിങ് അനിവാര്യമെന്നും വനിത കമ്മിഷന് അധ്യക്ഷ വ്യക്തമാക്കി.സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകൽ ഉണ്ടാവണമെന്നും സീരിയലുകള്‍ നിരോധിക്കുക എന്നത് കമ്മിഷന് വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും കുട്ടികളിലടക്കം തെറ്റായ സന്ദേശങ്ങള്‍ സീരിയലുകൽ നൽകുന്നതായും വനിതാ കമ്മിഷന് അധ്യക്ഷ അഭിപ്രായപ്പെട്ടു.അതേസമയം പാലക്കാട്ട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയില്‍ പൊലീസ് അര്‍ധരാത്രി പരിശോധന നടത്തിയതില്‍ സംസ്ഥാന വനിതാ കമ്മിഷന് റിപ്പോര്‍ട്ട് തേടി. മഹിള കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് നടപടി. മുറികളിലുണ്ടായിരുന്ന വനിത നേതാക്കാള്‍ പരാതി നല്‍കിയിട്ടില്ലെന്നും സതീദേവി വ്യക്തമാക്കി.