ശിവാജി ഗണേശന്റെ സ്വത്ത് സംബന്ധിച്ച് തര്‍ക്കം; പ്രഭുവിനും രാംകുമാറിനുമെതിരെ പരാതിയുമായി സഹോദരിമാര്‍
അന്തരിച്ച നടന് ശിവാജി ഗണേശന്റെ സ്വത്തിന്മേല് തര്‍ക്കം. സ്വത്ത് ഭാഗിച്ചതില്‍ ക്രമക്കേടുണ്ടെന്ന് ചൂണ്ടിക്കാട്ടി ശിവാജി ഗണേശന്റെ പെണ്മക്കളായ ശാന്തി നാരായണസാമിയും രാജ്വി ഗോവിന്ദരാജനുമാണ് ഹൈക്കോടതിയെ സമീപിച്ചത്. സഹോദരങ്ങളായ നടന് പ്രഭുവും നിര്‍മാതാവ് രാംകുമാറും അനധികൃതമായി സ്വത്തു തട്ടിയെടുത്തെന്നാണ് ആരോപണം.
1952 മെയ് 1നാണ് ശിവാജി ഗണേശന് കമലയെ വിവാഹം കഴിക്കുന്നത്. 4 മക്കളാണ് ഇവര്‍ക്കുള്ളത്. പ്രഭുവും മൂത്തമകന് രാംകുമാറും ചേര്‍ന്നാണ് ശിവാജി ഗണേശന്റെ പേരിലുള്ള ശിവാജി പ്രൊഡക്ഷന്‍സ് നോക്കിനടത്തുന്നത്. ഇവര്‍ രണ്ടുപേരും ചേര്‍ന്ന് വ്യാജ വില്‍പ്പത്രം തയ്യാറാക്കി കബളിപ്പിച്ചെന്നും തങ്ങളറിയാതെ ചില സ്വത്തുക്കള്‍ വിറ്റെന്നും ഹര്‍ജിയില്‍ പറയുന്നു. മറ്റു ചില സ്വത്തുക്കള്‍ അവരുടെ ആണ്മക്കളുടെ പേരിലാക്കിയെന്നും ഹര്‍ജിയില്‍ ആരോപണമുണ്ട്.
ആദ്യമൊക്കെ എസ്റ്റേറ്റും സ്വത്തുവകകളും സ്ഥാപനങ്ങളും ഇവര്‍ ചേര്‍ന്ന് നടത്തുന്നതില്‍ സഹോദരിമാര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നില്ല. എന്നാല്‍ വസ്തുക്കളില്‍ ചിലത് വിറ്റതായി വിവരം ലഭിച്ചതോടെ ഇവര്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഗോപാലപുരത്തെ ശിവാജിയുടെ വീട് ആണ്മക്കള് ചേര്‍ന്ന് 5 കോടി രൂപയ്ക്ക് വിറ്റു. റോയപ്പേട്ടയിലെ നാലു വീടുകളുടെ വാടകവിഹിതം പോലും നല്‍കുന്നില്ല. അമ്മയുടെ സ്വത്തും 10 കോടിയോളം വിലമതിക്കുന്ന സ്വര്‍ണം, വെള്ളി, വജ്ര ആഭരണങ്ങളുടെ വിഹിതവും നല്‍കാതെ വഞ്ചിച്ചതായും ഹര്‍ജിയില്‍ പറയുന്നു.
82 കോടി വില വരുന്ന ശാന്തി തീയേറ്റര്‍ സ്വന്തം മക്കളുടെ പേരിലേക്ക് പ്രഭു മാറ്റിയെന്നും ആരോപണമുണ്ട്. അഭിനയരംഗത്തെ പ്രതിഫലം ഉപയോഗിച്ച് ശിവാജി ഗണേശന് ചെന്നൈയില്‍ പലയിടത്തും സ്വത്തുക്കള്‍ വാങ്ങിയിരുന്നു. നിലവില്‍ അവയ്ക്ക് 271 കോടി രൂപയോളം മൂല്യമാണ് കണക്കാക്കുന്നത്.
Content Highlights – Sivaji ganesan, daughters, case, prabhu , inheritance