കരിയര്‍ ബെസ്റ്റ് ഓപണിംഗുമായി ഉണ്ണി മുകുന്ദന്; ‘മാര്‍ക്കോ’ ആദ്യ ദിനം എത്ര നേടി?
മലയാളത്തില്‍ സമീപകാലത്ത് ഏറ്റവും വലിയ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് മാര്‍ക്കോ. ഉണ്ണി മുകുന്ദന് ടൈറ്റില്‍ കഥാപാത്രമായി എത്തിയിരിക്കുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹനീഫ് അദേനിയാണ്. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സ്, ഉണ്ണി മുകുന്ദന് ഫിലിംസ് എന്നീ ബാനറുകളില്‍ ഷെരീഫ് മുഹമ്മദ് ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മലയാളത്തിലെ ഏറ്റവും വയലന്റ് ഫിലിം എന്ന വിശേഷണത്തോടെ എത്തിയ ചിത്രം അതിനോട് പൂര്‍ണ്ണമായും നീതി പുലര്‍ത്തുന്നുവെന്നാണ് റിലീസ് ദിനത്തില്‍ പ്രേക്ഷകരുടെ അഭിപ്രായവും. ഇപ്പോഴിതാ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ സംബന്ധിച്ച കണക്കുകളും പുറത്തെത്തിയിരിക്കുകയാണ്.
ചിത്രം കേരളത്തില്‍ നിന്ന് 4.5 കോടിയോളം നേടിയതായാണ് വിവിധ ട്രാക്കര്‍മാര്‍ അറിയിക്കുന്നത്. പാന്‍ ഇന്ത്യന്‍ ബോക്സ് ഓഫീസ് ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്കനുസരിച്ച് ചിത്രത്തിന്റെ ഓപണിംഗ് കളക്ഷന്‍ 5 കോടിയാണ്. ഉണ്ണി മുകുന്ദന്റെ കരിയര്‍ ബെസ്റ്റ് ഓപണിംഗ് ആണ് ഇത്. ചിത്രത്തിന് സംഗീതമൊരുക്കിയിരിക്കുന്നത് കെജിഎഫ്, സലാർ എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളുടെ സംഗീത സംവിധായകൻ രവി ബസ്രൂർ ആണ്. ചിത്രത്തിൻറെ മ്യൂസിക് റൈറ്റ്സ് സോണി മ്യൂസിക്ക് ആണ് സ്വന്തമാക്കിയിരിക്കുന്നത്. പരുക്കൻ ഗെറ്റപ്പിൽ തികഞ്ഞൊരു ഗ്യാങ്സ്റ്റർ ലുക്കിലാണ് ഉണ്ണി മുകുന്ദൻ ചിത്രത്തിലെത്തുന്നത്.