സേഫായി സുനിതാ വില്യംസും സംഘവും;ലോകം കാത്തിരുന്ന ആ നിമിഷം, വിണ്ണിൽ നിന്നും മണ്ണിലേക്ക്

കൈ വീശിക്കാണിച്ച് ചിരിച്ചു കൊണ്ടാണ് സുനിതാ വില്യംസ് പുറത്തിറങ്ങിയത്.അതെ ആ നിമിഷം ,ലോകം ഒന്നാകെ കാത്തിരുന്ന ആ സേഫ് ലാൻഡിംഗ് ,ഇന്ത്യൻസമയം ബുധനാഴ്ച പുലർച്ചെ 3.27ന് മെക്സിക്കോ ഉള്‍ക്കടലിൽ .അനിശ്ചിതമായി തുടർന്ന ഒൻപത് മാസത്തിലധികം നീണ്ട ബഹിരാകാശജീവിതം അവസാനിച്ചു. സുനിത വില്യംസും ബുച്ച് വില്‍മോറും ക്രൂ 9 ലെ മറ്റ് അംഗങ്ങള്‍ക്കൊപ്പം സുരക്ഷിതമായി ഭൂമിയിലെത്തി.
ലാൻഡിംഗിന് ശേഷം സുനിതാ വില്യംസും സംഘവും ഡ്രാഗണ്‍ പേടകത്തിനു പുറത്തിറങ്ങി. നിക്ക് ഹേഗ് ആണ് യാത്രക്കാരില്‍ ആദ്യം പുറത്തിറങ്ങിയത്. മൂന്നാമതായി സുനിതയും പുറത്തിറങ്ങി.സുനിതാ വില്യംസും സംഘവും സഞ്ചരിച്ച ക്രൂ- 9 ഡ്രാഗണ്‍ പേടകം മെക്സിക്കൻ ഉള്‍ക്കടലില്‍ ഫ്ലോറിഡയുടെ തീരത്തോട് ചേർന്ന് മൂന്നരയോടെ ലാൻഡ് ചെയ്തു. സ്പേസ് എക്സിന്റെ എംവി മേഗൻ എന്ന കപ്പല്‍ പേടകത്തെ കടലില്‍ നിന്ന് വീണ്ടെടുത്ത് യാത്രക്കാരെ കരയ്ക്കെത്തിച്ചു. അങ്ങനെ മാസങ്ങള്‍ നീണ്ട ദൗത്യത്തിന് ശേഷം ക്രൂ 9 സംഘം ഭൂമിയിലെത്തി.
പേടകത്തിനുള്ളില്‍ നിന്ന് പുറത്തിറങ്ങിയ യാത്രികരെ സ്ട്രെച്ചറിലാണ് മാറ്റിയത്. അതിനുമുൻപ് ഒരുനിമിഷം അവരെ നിവർന്നുനില്ക്കാൻ അനുവദിച്ചിരുന്നു. സുനിത വില്യംസുള്‍പ്പെടെ എല്ലാവരും അതീവ സന്തുഷ്ടരായി ക്യാമറയിലൂടെ ലോകത്തെ അഭിവാദ്യം ചെയ്തു.ശേഷം ഇവരെ സ്ട്രെച്ചറില്‍ വൈദ്യ പരിശോധനക്കായി ടെക്സസിലെ ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്സണ് സ്പെയ്സ് സെന്ററിലെക്കെ മാറ്റി .ബഹിരാകാശത്ത് ഗുരുത്വാകർഷണമില്ലാതെ ഇത്രനാള്‍ കഴിഞ്ഞ രണ്ടുപേർക്കും ഭൂമിയിലെ ഗുരുത്വാകർഷണവുമായി വീണ്ടും താദാത്മ്യം പ്രാപിക്കാനുള്ള സഹായങ്ങള്‍ നല്‍കും.
ചൊവ്വാഴ്ച ഇന്ത്യൻ സമയം രാവിലെ 10:35നാണ് ഫ്രീഡം ഡ്രാഗണ്‍ പേടകം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തത്. നിക് ഹേഗ്, സുനിത വില്യംസ്, ബുച്ച് വില്‍മോർ, പിന്നെ റഷ്യൻ കോസ്മനോട്ട് അലക്സാണ്ടർ ഗോർബുനോവ് എന്നിവരായിരുന്നു പേടകത്തിലെ യാത്രക്കാര്‍.
ഡ്രാഗണ്‍ പേടകത്തില്‍ നിന്ന് സോളാർ പാനലുകള്‍ അടങ്ങിയ ട്രങ്ക് എന്ന ഭാഗം ബുധനാഴ്ച പുലർച്ചെ 2.36-ഓടെ വേർപ്പെടുത്തി. തൊട്ടുപിന്നാലെ 2.41ഓടെ ഡ്രാഗണ്‍ പേടകം ഭൂമിയിലേക്ക് പ്രവേശിക്കാനായുള്ള അവസാനവട്ട എഞ്ചിൻ ജ്വലനം നടത്തുകയും ലാന്‍ഡിംഗ് പാത ഉറപ്പിക്കുകയും ചെയ്തു.
പൈലറ്റിൻറേയും കമാൻഡറിൻറേയും ഇരിപ്പിടങ്ങളില്‍ നിക്ക് ഹേഗും അലക്സാണ്ടർ ഗോർബുനോവുമായിരുന്നു കാരണം സുനിതയും ബുച്ചും ഡ്രാഗണ്‍ പേടകത്തിലെ യാത്രക്കാർ മാത്രമാണ്. സ്റ്റാർലൈനർ പേടകത്തിലാണ് സുനിതയും ബുച്ചും ബഹിരാകാശത്തേക്ക് പോയത്. ആ പേടകത്തിലാണ് ഇരുവർക്കും പരിശീലനം ലഭിച്ചിട്ടുള്ളത്.
സ്റ്റാർലൈനർ പ്രതിസന്ധി കാരണം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ ദൗത്യ കാലാവധി നീട്ടേണ്ടി വന്ന സുനിത വില്യംസും ബുച്ച് വില്‍മോറും നീണ്ട 9 മാസത്തെ ദൗത്യം ആവേശകരമായി പൂര്‍ത്തിയാക്കിയാണ് ഭൂമിയിലേക്ക് തിരിച്ചെത്തിയത്. 2024 ജൂണ്‍ അഞ്ചിനായിരുന്നു ബോയിംഗിന്റെ സ്റ്റാര്‍ലൈനര്‍ പരീക്ഷണ പേടകത്തില്‍ സുനിത വില്യംസും ബുച്ച് വില്‍മോറും ഐഎസ്എസിലേക്ക് കുതിച്ചത്.
വെറും എട്ട് ദിവസം മാത്രമായിരുന്നു ദൗത്യ കാലയളവ്. എന്നാല്‍ സാങ്കേതിക തകരാര്‍ കാരണം സ്റ്റാര്‍ലൈനറില്‍ സുനിതയ്ക്കും ബുച്ചിനും മടങ്ങിവരാനായില്ല. ഇരുവരുമില്ലാതെ പേടകത്തെ ലാന്‍ഡ് ചെയ്യിക്കുകയാണ് ബോയിംഗും നാസയും ചെയ്തത്.
ബോയിങ്ങിന്റെ സ്റ്റാർലൈനർ പേടകത്തിന്റെ മനുഷ്യനെയും വഹിച്ചുള്ള ആദ്യപരീക്ഷണത്തിന്റെ ഭാഗമായാണ് സുനിതയും ബുച്ചും 2024 ജൂണില്‍ ഐഎസ്എസിലേക്കു പോയത്. ഒരാഴ്ചയ്ക്കുള്ളില്‍ തിരിച്ചുവരുകയായിരുന്നു ലക്ഷ്യമെങ്കിലും സ്റ്റാർലൈനറിനുണ്ടായ സാങ്കേതിക തകരാർമൂലം അതിലുള്ള മടക്കയാത്ര നടന്നില്ല.ഉചിതമായ ബദല്‍പദ്ധതി തയ്യാറാകുന്നതുവരെ അവർക്ക് ഐഎസ്എസില്‍ കഴിയേണ്ടിവന്നു. ഇലോണ്‍ മസ്കിന്റെ സ്പേസ് എക്സുമായി സഹകരിച്ചാണ് നാസ തിരിച്ചുവരവ് സാധ്യമാക്കിയത്.
പക്ഷെ തിരിച്ചെത്തിയാലും ഇവരെ കാത്തിരിക്കുന്ന വെല്ലുവിളികള്‍ നിസാരമല്ല. ക്ഷീണിച്ച സുനിതയുടെ രൂപം തന്നെ പലതരത്തിലുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരുന്നു. ഭൂമിയില്‍ കാലുകുത്തിയെന്ന് ആലങ്കാരികമായി പറയുമ്പോള്‍ പോലും ഇവര്‍ക്കിനി സ്വന്തമായി നടക്കാന്‍ എത്രകാലമെടുക്കമെന്ന ആശങ്കയാണ് അതില്‍ പ്രധാനം. ദീര്‍ഘകാലത്തെ ആകാശവാസം ‘ബേബി ഫീറ്റ്’ എന്ന അവസ്ഥയിലേക്ക് നയിച്ചുണ്ടാകും. അതായത് കാല്പാദം കുഞ്ഞുങ്ങളുടേതിന് സമാനമായ രീതിയില്‍ മൃദുവായിട്ടുണ്ടാകും. അതിനാല്‍ തന്നെ ഭൂമിയിലെത്തിയാല്‍ നടക്കാന്‍ വല്ലാതെ ബുദ്ധിമുട്ടേണ്ടി വരും.
ബഹിരാകാശ നിലയത്തില്‍ തങ്ങുമ്പോഴുള്ള മറ്റൊരു വെല്ലുവിളി റേഡിയേഷന് സാധ്യതയാണ്. മൂന്നുതരത്തിലുള്ള റേഡിയേഷനാണ് ഇവരെ ബാധിക്കുകയെന്ന് നാസ പറയുന്നു.ബഹിരാകാശത്തുതങ്ങി മടങ്ങുന്നവർക്ക് ഭൂമിയില്‍ ജീവിക്കുന്നതിന് അനുഗുണമായ ശാരീരിക, മാനസിക അവസ്ഥ വീണ്ടെടുക്കല്‍ പ്രക്രിയയ്ക്ക് നാളുകളെടുക്കും. ഗുരുത്വാകർഷണമില്ലാത്ത അവസ്ഥയില്‍ ജീവിക്കുന്നതിനാല്‍ അവരുടെ കൈകാലുകളിലെ പേശികള്‍ ക്ഷയിച്ചിട്ടുണ്ടാകും. എല്ലുകള്‍ക്ക് ബലക്ഷയം, ഉറക്കമില്ലായ്മ, മൂത്രത്തില്‍ കല്ല്, അണുബാധ , മാനസികസമ്മർദം, തലകറക്കം, മന്ദത, ശരീരത്തിന്റെ തുലനനിലയില്‍ പ്രശ്നം, തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങളുമുണ്ടാകും.