ബഹിരാകാശ പര്യവേഷണത്തിൽ കുതിപ്പ് ലക്ഷ്യമിട്ട് ഐഎസ്ആർഒ
യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പിട്ട് ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സിയായ ഐഎസ്ആർഒ. ചെയർമാൻ ഡോ.
എസ് സോമനാഥും ഇഎസ്എ ഡയറക്ടർ ജനറല്‍ ഡോ. ജോസഫ് അഷ്ബാച്ചറുമാണ് കരാറില്‍ ഒപ്പുവച്ചത്. ബഹിരാകാശ യാത്രികരുടെ പരിശീലനം, മിഷൻ നടപ്പിലാക്കാൻ , ഗവേഷണ-പരീക്ഷണങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലെ സഹകരണം എന്നിവയ്ക്കായാണ് കരാറില്‍ ഏജൻസികള്‍ ഒപ്പിട്ടിരിക്കുന്നത്.ചുരുക്കത്തിൽ ബഹിരാകാശ രംഗത്ത് കൂടുതല്‍ യോജിച്ചുള്ള പ്രവർത്തനങ്ങള്‍ നടത്തുകയാണ് ലക്ഷ്യം
കരാര്‍ അനുസരിച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെ യൂറോപ്യൻ സ്പേസ് ഏജൻസിയുടെ സൗകര്യങ്ങള്‍ ഉപയോഗിച്ച് ബഹിരാകാശത്തെ മനുഷ്യന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ഗവേഷണവും ബയോമെഡിക്കല്‍ ഗവേഷണ പരീക്ഷണവും ശാസ്ത്ര സാങ്കേതിക വിദ്യാഭ്യാസ പരിപാടികളും സങ്കടിപ്പിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ഐഎസ്ആർഒ പ്രസ്താവനയിലൂടെ വ്യക്തമാക്കി.
കൂടാതെ ഐഎസ്ആർഒയുടെ പ്രധാന ഭാവി പദ്ധതികളിലൊന്നായ ഭാരതീയ അന്തരീക്ഷ സ്റ്റേഷന്റെ (ബിഎഎസ്) വിഭാവനത്തിലും യൂറോപ്യൻ സ്പേസ് ഏജൻസിയുമായുള്ള സഹകരണം ഗുണം ചെയ്യുമെന്നാണ് സൂചന. ഇന്ത്യയുടെ സ്വന്തം ബഹിരാകാശ നിലയമാണ് ഭാരതീയ അന്തരീക്ഷ സ്റ്റേഷന്.
മുൻപ് ഐഎസ്ആര്‍ഒയുടെ കൊമേഴ്സ്യല്‍ വിഭാഗമായ ന്യൂസ്പേസ് ഇന്ത്യാ ലിമിറ്റഡും യൂറോപ്യന്‍ സ്പേസ് ഏജന്‍സിയും സഹകരിച് നടത്തിയ ദൗത്യമായിരുന്നു പ്രോബ-3 .സൂര്യന്റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണയെ കുറിച്ച് പഠിക്കുകയാണ് പ്രോബ-3യിലെ രണ്ട് കൃത്രിമ ഉപഗ്രഹങ്ങളുടെ ലക്ഷ്യം.ബഹിരാകാശത്ത് കൃത്രിമമായി സൂര്യഗ്രഹണം സൃഷ്ടിച്ചാണ് സൂര്യനെ കുറിച്ച് പഠിക്കുക. ആ ദൗത്യത്തിന് ശേഷമാണ് ഇപ്പോൾ പിതിയ കരാറിൽ ഐഎസ്ആർഒയും യൂറോപ്യൻ സ്പേസ് ഏജൻസിയുമായി സഹകരണ കരാറില്‍ ഒപ്പു വെച്ചിരിക്കുന്നത് .
നേരത്തെ സ്വകാര്യ അമേരിക്കന്‍ ബഹിരാകാശ കമ്ബനിയായ സ്പേസ് എക്സുമായി ഐഎസ്ആർഒ കരാറില്‍ ഒപ്പുവെച്ചിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള ആദ്യത്തെ വാണിജ്യ സഹകരണമായിരുന്നു അത്. അമേരിക്കൻ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ കീഴില്‍, ശതകോടീശ്വരനായ വ്യവസായി എലോണ്‍ മസ്ക് സുപ്രധാനസ്ഥാനം വഹിക്കുമെന്ന വാർത്ത വന്നതിന് പിന്നാലെയായിരുന്നു പുതിയ തീരുമാനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വന്നത്. കൂടാതെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ഒരു ഇന്ത്യൻ ബഹിരാകാശ സഞ്ചാരിയെ അയയ്ക്കുന്നതിനായി യുഎസ് ആസ്ഥാനമായുള്ള കമ്ബനിയുമായി രാജ്യം പ്രത്യേക കരാറും ഒപ്പുവച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ കരുത്ത് കൂട്ടാന്‍ ലക്ഷ്യമിടുന്നതിന്റെ ഭാഗമായാണ് ഈ കരാറുകളെല്ലാം.ബഹിരാകാശ പര്യവേക്ഷണത്തിൽ ISRO യുടെ വർദ്ധിച്ചുവരുന്ന പങ്ക് ഇതോടെ കൂടുതൽ വ്യക്തമാവുകയാണ്.