മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗം; രാജ്യത്തെ ആദ്യ അതിവേഗ മെട്രോ നാളെ ട്രാക്കിലേക്ക്
82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഡല്‍ഹി-മീററ്റ് നമോ ഭാരത് ഇടനാഴി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ നാടിന് സമര്‍പ്പിക്കും. മീററ്റ് മെട്രോയും റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റവും ഒരേ ട്രാക്കിലൂടെയാണ് ഓടുക. ഞായറാഴ്ച മീററ്റ് സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി ശതാബ്ദി നഗര്‍ നമോ ഭാരത് സ്റ്റേഷനിലാണ് മീററ്റ് മെട്രോയും നമോ ഭാരത് ട്രെയിനും ഫ്ലാഗ് ഓഫ് ചെയ്യുക. അവിടെ നിന്ന് മീററ്റ് സൗത്ത് സ്റ്റേഷന് വരെ പ്രധാനമന്ത്രി മെട്രോ യാത്ര നടത്തും.
ഇന്ത്യയിലെ ആദ്യത്തെ നമോ ഭാരത് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന്റെ ശേഷിക്കുന്ന ഭാഗങ്ങളാണ് മോദി ഉദ്ഘാടനം ചെയ്യുന്ന ഒന്ന്. ഡല്‍ഹിയിലെ സരായ് കാലേ ഖാനും ന്യൂ അശോക് നഗറും തമ്മിലുള്ള 5 കിലോമീറ്റര്‍ ഭാഗവും മീററ്റ് സൗത്തിനും ഉത്തര്‍പ്രദേശിലെ മോദിപുരത്തിനും ഇടയിലുള്ള 21 കിലോമീറ്റര്‍ ഭാഗവും ഇതില്‍ ഉള്‍പ്പെടുന്നു.
മണിക്കൂറില്‍ 180 കിലോമീറ്റര്‍ വേഗതയില്‍ രൂപകല്‍പ്പന ചെയ്ത നമോ ഭാരത് ഇന്ത്യയിലെ ആദ്യത്തെ പ്രാദേശിക ദ്രുത ഗതാഗത സംവിധാനമാണ്. സാഹിബാബാദ്, ഗാസിയാബാദ്, മോദിനഗര്‍, മീററ്റ് തുടങ്ങിയ പ്രധാന നഗര കേന്ദ്രങ്ങളെ ഡല്‍ഹിയുമായി വേഗത്തില്‍ ബന്ധിപ്പിക്കുന്നതാണ് ഈ ഗതാഗത സംവിധാനം.













