ആന്ധ്രയിലെ ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലും പെട്ട് 9 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്
ആന്ധ്രാ പ്രദേശിലെ ശ്രീകാകുളത്തെ വെങ്കടേശ്വരസ്വാമി ക്ഷേത്രത്തില്‍ തിക്കിലും തിരക്കിലുംപെട്ട് 9 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റു. ക്ഷേത്രത്തിലെ ഏകാദശി ചടങ്ങുകള്‍ക്കിടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പരുക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റികൊണ്ടിരിക്കുകയാണ്.
ഏകാദശി ഉത്സവത്തില്‍ പങ്കെടുക്കാന്‍ പതിവിലും കൂടുതലായി ഭക്തരെത്തിയതും തിരക്ക് കൃത്യമായി നിയന്ത്രിക്കാന്‍ സംവിധാനമൊരുക്കാത്തതും അപകടത്തിന് കാരണമായെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. 12 ഏക്കര്‍ വിസ്താരമുള്ള ഈ ക്ഷേത്രം ദക്ഷിണേന്ത്യയിലെ വളരെ പ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും ആളുകള്‍ ക്ഷേത്ര ദര്‍ശനത്തിനെത്താറുണ്ട്.
ക്ഷേത്ര ദര്‍ശനത്തിനായി ഇന്ന് വളരെ വലിയ ക്യൂവാണ് ഉണ്ടായിരുന്നതെന്ന് ദൃക്സാക്ഷികള്‍ ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. ക്യൂ നിയന്ത്രിക്കുന്നതിന്റെ ഭാഗമായി സ്ഥാപിച്ചിരുന്ന ഒരു റെയിലിംഗ് മറിഞ്ഞതോടെ ആളുകള്‍ ആ വശത്തേക്ക് തിക്കിതിരക്കുകയും ചിലര്‍ മറിഞ്ഞുവീഴുകയുംചെയ്തു. അതിന് മുകളിലേക്ക് കൂടുതല്‍ പേര് വീഴുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ചുകൊണ്ട് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. പരുക്കേറ്റവരില്‍ ചിലരുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.













