അരവിന്ദ് കേജ്രിവാളിന്റെ ജാമ്യം റദ്ദാക്കണം; ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ച് ഇഡി

മദ്യനയക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചു.
നടപടിക്കെതിരെ കേജ്രിവാളിന്റെ അഭിഭാഷകൻ തടസഹർജി നല്‍കിയിട്ടുണ്ട്.
ജാമ്യം ലഭിച്ച കേജ്രിവാള് ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് ഇഡി കോടതിയെ സമീപിച്ചത്. ഉച്ചയോടെ തീഹാർ ജയിലിലെ നടപടികള്‍ പൂർത്തിയാക്കി കേജ്രിവാള് പുറത്തിറങ്ങുമെന്ന് ആം ആദ്മി നേതാക്കള്‍ അറിയിച്ചു. അറസ്റ്റിലായി 91 ദിവസത്തിന് ശേഷമാണ് അദ്ദേഹത്തിന് ജാമ്യം ലഭിച്ചത്.
പുറത്തിറങ്ങുന്ന കേജ്രിവാളിന് വൻ സ്വീകരണം നല്‍കാനുള്ള ഒരുക്കത്തിലാണ് എഎപി പ്രവർത്തകർ. കോടതി നടപടി സത്യത്തിന്റെ വിജയമാണെന്ന് നേതാക്കള്‍ പ്രതികരിച്ചു. രാജ്യത്ത് ജനാധിപത്യം ശക്തിപ്പെടുമ്ബോഴാണ് കേജ്രിവാള് പുറത്തിറങ്ങുന്നതെന്നും എഎപി എംപി സഞ്ജയ് സിംഗ് പറഞ്ഞു.
ഡല്‍ഹി റോസ് അവന്യു കോടതിയാണ് കേജ്രിവാളിന് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപ ജാമ്യത്തിലാണ് മോചനം. ജാമ്യം 48 മണിക്കൂർ നേരത്തേക്ക് സ്റ്റേ ചെയ്യണമെന്ന ഇ ഡി ആവശ്യപ്പെട്ടിരുന്നെങ്കിലും ആവശ്യം അവധിക്കാല ബെഞ്ചിലെ ജഡ്ജ് നിയയ് ബിന്ദു തള്ളിയിരുന്നു.