തമിഴകത്തിൻ്റെ പ്രിയ സംവിധായകൻ ഭാരതിരാജ അന്തരിച്ചു
പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകൻ ഭാരതിരാജ അന്തരിച്ചു. ആരോഗ്യപ്രശ്നങ്ങളും വാർദ്ധക്യസഹജമായ അസുഖങ്ങളും അലട്ടിയതിനെത്തുടർന്ന് ചെന്നൈയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. 85 വയസ്സായിരുന്നു അദ്ദേഹത്തിന്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.
തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ അംഗങ്ങൾ മരണവാർത്ത സ്ഥിരീകരിക്കുകയും തങ്ങളുടെ അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ഭാരതിരാജയുടെ മകന് മനോജ് ഭാരതിരാജ അന്തരിച്ചിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മനോജിന്റെ മരണം. മകന്റെ മരണം ഭാരതിരാജയെ വൈകാരികമായി തളര്‍ത്തിയിരുന്നു. മകന്റെ മരണം അദ്ദേഹത്തിന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്ന് ഭാരതിരാജയുടെ സഹോദരന് ജയരാജ് പെരിയമയത്തേവര്‍ മുന്‍പ് പറഞ്ഞിരുന്നു.
ഗ്രാമീണ കഥകള്‍ക്ക് പുനര്വിര്വചനം നല്‍കുകയും നിരവധി സിനിമകളെ സിനിമയിലേക്ക് കൊണ്ടുവരികയും ചെയ്ത സംവിധായകനാണ് ഭാരതിരാജ. തമിഴ്സിനിമയിലെ ഏറ്റവും സ്വാധീനമുള്ള ചലച്ചിത്രകാരന്മാരില് ഒരാളായാണ് അദ്ദേഹത്തെ കാണുന്നത്.













