ബിഹാര്‍: ഒന്നാം ഘട്ടത്തില്‍ റെക്കോര്‍ഡ് പോളിങ്, 64.6 ശതമാനം
ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ് രേഖപ്പെടുത്തി. ഏറ്റവും ഒടുവിലെ കണക്കുകള്‍ പ്രകാരം 64.66 ശതമാനം പോളിങ്ങാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയിരിക്കുന്നത്. ബിഹാറിന്റെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പോളിങ്ങാണിതെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2000 ല്‍ ആയിരുന്നു ഇതിനുമുമ്പ്, ബീഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ഏറ്റവും ഉയര്‍ന്ന പോളിങ് കണ്ടത്. 62.57 ശതമാനം വോട്ടര്‍മാരാണ് അന്ന് പോളിങ് ബൂത്തിലെത്തിയത്. 1998 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ 64.6 ശതമാനം പോളിങ്ങും രേഖപ്പെടുത്തി. പോളിങ്ങിലെ ഉയര്‍ച്ചയ്ക്ക് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാര്‍ നന്ദി അറിയിച്ചു. വോട്ടര്‍മാരെ പോളിങ് ബൂത്തിലെത്തിക്കാന്‍ പ്രവര്‍ത്തിച്ച ജീവനക്കാരുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ആദ്യഘട്ടത്തില്‍ രേഖപ്പെടുത്തിയ വലിയ വോട്ടിങ് ശതമാനം ഭരണകക്ഷിയായ എന്‍ഡിഎയ്ക്ക് ഗുണം ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അവകാശപ്പെട്ടു. ആദ്യ ഘട്ട വോട്ടെടുപ്പില്‍ എന്‍ഡിഎ ഗണ്യമായ മേല്‍കൈ നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ടാം ഘട്ടത്തിലും ഈ മുന്നേറ്റം തുടരുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി എക്സില്‍ കുറിച്ചു.













