ബിഹാർ എൻഡിഎ ഭരിക്കും, ഏറ്റവും കൂടുതൽ സീറ്റുകൾ ബിജെപിക്ക് ; കോൺഗ്രസ്സിനേക്കാൾ കൂടുതൽ സീറ്റ് നേടുന്നത് ഇടത് പാർട്ടികളെന്നും സർവേ ഫലം
അടുത്ത് നടക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ എന്‍ഡിഎ സഖ്യം വീണ്ടും അധികാരത്തിലെത്തുമെന്ന് അഭിപ്രായ സര്‍വേകൾ സൂചിപ്പിക്കുന്നു. ജെവിസി പോള്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് എന്‍ഡിഎ സഖ്യത്തിന് മുന്‍തൂക്കം. 243 അംഗനിയമസഭയില്‍ എന്‍ഡിഎക്ക് 120 മുതല്‍ 140 വരെ സീറ്റുകള്‍ നേടാനാകും. ഇന്ത്യാസഖ്യത്തിന് 93 മുതല്‍ 112 വരെ സീറ്റുകള്‍ ലഭിക്കുമെന്നാണ് സര്‍വേ പറയുന്നത്.
ബിഹാറിൽ ഏറ്റവും വലിയ വിജയം നേടുന്നത് ബിജെപി ആയിരിക്കും. 81 വരെ സീറ്റുകള്‍ അവർക്ക് ലഭിക്കുമെന്നും അധികാരത്തിലിരിക്കുന്ന ജെഡിയുവിന് പരമാവധി 48 സീറ്റകള്‍ വരെ ലഭിക്കുമെന്നാണ് സര്‍വേഫലം. മഹാസഖ്യത്തില്‍ ആര്‍ജെഡിക്ക് 69 മുതല്‍ 78 വരെ സീറ്റുകള്‍ ലഭിക്കുമ്പോള്‍ കോണ്‍ഗ്രസിന് 9 മുതല്‍ 17 വരെ സീറ്റുകള്‍ ലഭിക്കുമെന്നും ഇടതുപാര്‍ട്ടികള്‍ക്ക് 18 സീറ്റുകള്‍ വരെ ലഭിക്കുമെന്നും സര്‍വേയില്‍ പറയുന്നു. പ്രശാന്ത് കിഷോറിന്റെ പാര്‍ട്ടിക്ക് ഒരുസീറ്റ് ലഭിക്കും.
മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഏറ്റവും അധികം പേര് പിന്തുണച്ചത് ആര്‍ജെഡി നേതാവ് തേജസ്വി യാദവിനെയാണ്. 33 ശതമാനം പേരാണ് തേജസ്വിയെ പിന്തുണച്ചത്. രണ്ടാം സ്ഥാനത്തുള്ള നിതീഷ് കുമാറിനെ 29 ശതമാനം പേരാണ് പിന്തുണച്ചത്. ചിരാഗ് പാസ്വാനും പ്രശാന്ത് കിഷോറിനും പത്ത് ശതമാനം പേരുടെ പിന്തുണ കിട്ടി. എന്‍ഡിഎയ്ക്ക് 43 ശതമാനം വരെ വോട്ടുകള്‍ ലഭിക്കുമ്പോള്‍ മഹാസഖ്യത്തിന് 41 ശതമാനം വരെ വോട്ടുകള്‍ ലഭിക്കും.
രണ്ടുഘട്ടങ്ങളായാണ് ഇത്തവണ ബിഹാറില്‍ വോട്ടെടുപ്പ് നടക്കുന്നത്. ആദ്യഘട്ടം നവംബര്‍ ആറിനും രണ്ടാംഘട്ടം നവംബര്‍ പതിനൊന്നിനുമാണ്. പതിനാലിനാണ് വോട്ടെണ്ണല്‍.
ബിഹാർ സർക്കാരിലെ പ്രമുഖരെല്ലാം ആദ്യ ഘട്ടത്തിലാണ് ജനവിധി തേടുന്നത്.
നിലവിലെ ഉപമുഖ്യമന്ത്രിമാരും ബിജെപിയുടെ സംസ്ഥാന നേതാക്കളുമായ സമ്രാട്ട് ചൗധരി,വിജയ്കുമാര്‍ സിന്‍ഹ, പ്രതിപക്ഷ നേതാവും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രിസ്ഥാനാര്‍ഥിയുമായ തേജസ്വി യാദവ്, ലാലു കുടുംബത്തില്‍ പിണങ്ങിപ്പിരിഞ്ഞ് മത്സരിക്കുന്ന സഹോദരന് തേജ്പ്രതാപ് യാദവ്, ജെ.ഡി.യു സംസ്ഥാന അധ്യക്ഷന്‍ ഉമേഷ് കുശ്വാഹ തുടങ്ങിയവര്‍ ആദ്യഘട്ടത്തിലാണ് ജനവിധി തേടുന്നത്.നിലവിലെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിയമസഭാ കൗണ്‍സില്‍ അംഗമായതിനാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല.
ചില പ്രധാന മണ്ഡലങ്ങൾ നോക്കിയാൽ അതിൽ ആദ്യം വരുന്നത് രാഘവ്പൂര് മണ്ഡലം ആണ്. ലാലു പ്രസാദ് യാദവിന്റെ കുടുംബമണ്ഡലമാണ് രാഘവ്പൂര്. ലാലുവും ഭാര്യ റാബ്രിയും മാറി മാറി മത്സരിച്ചിട്ടുള്ള രാഘവ്പൂറില് ഇക്കുറിയും തേജസ്വി യാദവാണ് ആര്.ജെ.ഡിയുടെ സ്ഥാനാര്‍ഥി.
രണ്ടു തവണ ലാലു പ്രസാദ് യാദവ് ജയിച്ച മണ്ഡലമാണിത്.റാബ്രിദേവി ഇവിടെ മൂന്ന് വട്ടം ജയിച്ചിട്ടുണ്ട്. എന്നാൽ 2010 ല്‍ ലാലു കുടുംബത്തെ ഞെട്ടിച്ച് ബി.ജെ.പി സ്ഥാനാര്‍ഥി സതീഷ് കുമാര്‍ റാബ്രിദേവിയെ 13000 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയിരുന്നു.
പിന്നീട് 2015 ലും 2020 ലും തേജസ്വി വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു.അമ്മയെ തോല്പിച്ച സതീഷ് കുമാറിനെയാണ് ഈ രണ്ട് വട്ടവും തേജസ്വി കീഴ്പ്പെടുത്തിയത്. ഇത്തവണയും സതീഷ് കുമാര്‍ യാദവ് തന്നെയാണ് എതിരാളി.
ജെ.ഡിയുവിന്റെ ശക്തികേന്ദ്രമായ താരാപ്പുര്‍ ആണ് മറ്റൊരു പ്രധാന മണ്ഡലം. ആര്‍ജെഡിയും ജെ.ഡി.യുവും തമ്മില്‍ വര്‍ഷങ്ങളായിട്ട് നേരിട്ട് ഏറ്റുമുട്ടുന്ന മണ്ഡലമാണിത്.എന്നാല്‍ സീറ്റ് ധാരണ പ്രകാരം ഈ മണ്ഡലം ബിജെപിക്കാണ് ഇപ്രാവശ്യം കിട്ടിയത്. ഉപമുഖ്യമന്ത്രി സാമ്രാട്ട് ചൗധരിയാണ് എന്‍ഡിഎ സ്ഥാനാര്‍ഥി. കുശ്വാഹ, യാദവ, മുസ്ലീം, പട്ടികജാതി വിഭാഗങ്ങളുടെ സാന്നിധ്യമുള്ള മണ്ഡലമാണിത്.ആര്.ജെ.ഡിയുടെ സ്ഥാനാര്‍ഥി അരുണ്‍ കുമാറാണ്.
ലഖിസരായ്, അലി നഗര്‍, ഹാസന്‍പൂര്‍, ഹര്‍നൗട്ട്, ഷിയോഹാര്‍, രഘുനാഥ് പുർ, സസാറാം എന്നിവയാണ് കടുത്ത മത്സരം നടക്കുന്ന മറ്റ് ചില മണ്ഡലങ്ങൾ.
ഒട്ടേറെ യാത്രകൾ നടത്തിയിട്ടും നേതാക്കൾ സംസ്ഥാനം മൊത്തം പര്യടനം നടത്തിയിട്ടും കോൺഗ്രസ്സിന്റെ ആകാശത്ത ശോകമാണ് ബിഹാറിൽ. സർവ്വേ പ്രകാരം 9 മുതൽ പതിനേഴ് സീറ്റുകളാണ് അവർക്ക് ലഭിക്കുന്നത്. എന്നാൽ ഇടത് പാർട്ടികൾക്ക് 18 സീറ്റ് ആണ് സർവ്വേഫലത്തിൽ പറയുന്നത്.













