ഡൽഹിയിൽ ഭരണം പിടിച്ച് ബിജെപി; അടിപതറി ആപ്പ്

27 വർഷത്തിന് ശേഷം ഡൽഹിയിൽ സർക്കാർ രൂപീകരിക്കാനുള്ള ഒരുക്കത്തിലാണ് ബിജെപി. ഇതിനിടയിൽ മുഖ്യമന്ത്രി സ്ഥാനാർഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കുമെന്ന പ്രസ്താവനയും നേതാക്കളിൽ നിന്ന് വന്നിട്ടുണ്ട്. ബി ജെ പി നേതാക്കാൾ പാർട്ടി ആസ്ഥാനത്തേക്ക് എത്തി തുടങ്ങി. ഡൽഹിയുടെ അടുത്ത മുഖ്യമന്ത്രി ആരാണെന്നത് ദേശീയ നേതൃത്വം തീരുമാനിക്കുമെന്ന് ബിജെപി അധ്യക്ഷൻ വീരേന്ദ്ര സച്ച്ദേവ പറഞ്ഞു.
വോട്ടെണ്ണൽ തുടങ്ങി രണ്ട് മണിക്കൂറുകൾ പിന്നിടുമ്പോൾ ഡൽഹിയിൽ ബിജെപി പാർട്ടി ആസ്ഥാനത്തിന് മുന്നിൽ പ്രവർത്തകർ വിജയാഘോഷം തുടങ്ങി. ബിജെപിയുടെ രണ്ട് മുൻ മുഖ്യമന്ത്രിമാരുടെയും മക്കൾ മുന്നിലാണ്. ന്യൂഡൽഹിയിൽ സാഹിബ് സിങ് വർമയുടെ മകൻ പർവേഷ് വർമ മുന്നിൽ നിൽക്കുമ്പോൾ, മോത്തിനഗറിൽ മദൻലാൽ ഖുറാനയുടെ മകൻ ഹരീഷ് ഖുറാനയും മുന്നിൽ തന്നെയാണ്.