രാജ്യത്ത് കള്ളനോട്ടുകളിൽ സാരമായ വർധനയെന്ന് റിസർവ് ബാങ്ക്; 500 രൂപയുടെ കള്ളനോട്ടുകൾ ഇരട്ടിയായി; പ്രധാനമന്ത്രിയ്ക്ക് പ്രതിപക്ഷത്തിൻ്റെ വിമർശനം
രാജ്യത്ത് കള്ളനോട്ടുകളുടെ പ്രചാരം വർധിക്കുന്നുവെന്ന് റിസർവ്വ് ബാങ്കിൻ്റെ വാർഷിക റിപ്പോർട്ട്. കഴിഞ്ഞ ഒരു വർഷം കൊണ്ട് രാജ്യത്ത് പ്രചരിക്കുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകൾ ഇരട്ടിയിലധികമായി (101.9 ശതമാനം) വർധിച്ചെന്നും 2000 രൂപയുടെ കള്ളനോട്ടുകളുടെ എണ്ണത്തിൽ 54.62 ശതമാനം വർധനവുണ്ടായെന്നും റിപ്പോർട്ട് പറയുന്നു. റിസർവ്വ് ബാങ്ക് റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അദ്ദേഹം നടപ്പിലാക്കിയ നോട്ടുനിരോധനത്തെയും വിമർശിച്ച് പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി 2016-ൽ രാജ്യത്ത് നടപ്പാക്കിയ നോട്ടുനിരോധനത്തിൻ്റെ പ്രധാനലക്ഷ്യങ്ങളിലൊന്നായിരുന്നു കള്ളനോട്ടുകളുടെ നിർമാർജ്ജനം. എന്നാൽ നോട്ടുനിരോധനത്തിന് ശേഷം പുറത്തിറക്കിയ പുതിയ കറൻസികളുടെ കള്ളനോട്ടുകൾ വ്യാപകമായി പ്രചാരത്തിലാകുന്നുവെന്നാണ് റിസർവ്വ് ബാങ്കിൻ്റെ കണക്കുകൾ സൂചിപ്പിക്കുന്നത്. ഇതോടെ പ്രധാനമന്ത്രിയെ വിമർശിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും തൃണമൂൽ കോൺഗ്രസ് നേതാവ് ഡെറെക് ഓ ബ്രയാനും രംഗത്തെത്തിയിട്ടുണ്ട്.
രൂക്ഷമായ വിമർശനമാണ് രാഹുൽ ഗാന്ധി ട്വിറ്ററിൽ ഉയർത്തിയത്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ തകർത്ത് മുക്കിക്കളയാൻ കഴിഞ്ഞു എന്നതുമാത്രമായിരുന്നു നോട്ടുനിരോധനത്തിൻ്റെ ഒരേയൊരു നിർഭാഗ്യകരമായ നേട്ടമെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.
കേന്ദ്രസർക്കാരിൻ്റെ നോട്ടുനിരോധനത്തിനെതിരെ അന്ന് മമത ബാനർജി പറഞ്ഞത് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നായിരുന്നു ഡെറെക് ഓ ബ്രയാൻ ട്വിറ്ററിൽ കുറിച്ചത്.
“നമസ്കാരം, പ്രധാനമന്ത്രി നരേന്ദ്ര മോദി- നോട്ടുനിരോധനം.. ഓർമ്മയുണ്ടോ? മമത ബാനർജി അന്ന് എങ്ങനെയാണ് പ്രതികരിച്ചതെന്ന് ഓർമയുണ്ടോ? രാജ്യത്തെ കള്ളനോട്ടുകൾ മുഴുവൻ ഇല്ലാതാക്കുമെന്ന് താങ്കൾ പറഞ്ഞതോർമയുണ്ടോ? കള്ളനോട്ടുകളുടെ എണ്ണത്തിലുണ്ടായ ഭീമമായ വർധനവിനെക്കുറിച്ചുള്ള റിസർവ്വ് ബാങ്കിൻ്റെ റിപ്പോർട്ടിതാ,” എന്നായിരുന്നു ഡെറെക്കിൻ്റെ ട്വീറ്റ്.
2021-ൽ രാജ്യത്ത് പ്രചാരത്തിലുണ്ടായിരുന്ന അഞ്ഞൂറ് രൂപയുടെ കള്ളനോട്ടുകളുടെ എണ്ണം 39,453-ൽ നിന്നും 79,669 ആയി വർദ്ധിച്ചെന്നാണ് റിസർവ്വ് ബാങ്ക് മേയ് 27-ന് പ്രസിദ്ധീകരിച്ച വാർഷിക റിപ്പോർട്ടിൽ പറയുന്നത്. രണ്ടായിരത്തിൻ്റെ നോട്ടുകളുടെ എണ്ണം 8798-ൽ നിന്നും 13,604 ആയും വർദ്ധിച്ചിട്ടുണ്ട്. കൂടാതെ 10 രൂപ, 20 രൂപ, 200 രൂപ എന്നീ കറൻസി നോട്ടുകളുടെ എണ്ണത്തിൽ യഥാക്രമം 16.4 ശതമാനം, 16.5 ശതമാനം, 11.7 ശതമാനം എന്നിങ്ങനെ വർധനവുണ്ടായിട്ടുണ്ട്.
Content Highlights: Fake Currency Notes, Counterfeit Currency, Reserve Bank Annual Report, Demonetisation Derek O Brian, Rahul Gandhi