മീൻപിടുത്തക്കാർക്ക് ഇന്ന് ധൈര്യമായി കടലിൽ പോകാം; ഇത് ബാഹുബലി റോക്കറ്റാണ്, വിക്ഷേപിക്കുന്നത് ഇന്ത്യയാണ്
കുറേക്കാലം മുമ്പ് പല മിമിക്രി ഷോയിലൊക്കെ നമ്മൾ കേട്ട ഒരു കാര്യമുണ്ട്. ഇന്ന് തുമ്പയില്‍ നിന്ന് റോക്കറ്റ് വിക്ഷേപണമുണ്ട്. അതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോവാന്‍ പാടില്ലെന്ന് കേന്ദ്രം അറിയിക്കുന്നു. എമ്പതുകളിൽ, തൊണ്ണൂറുകളിൽ ഒക്കെ ഈ റോക്കറ്റ് വിക്ഷേപണ പരിഹാസം ഉണ്ടായിരുന്നു. ഇന്ത്യ എന്ത് സാധനം ആകാശത്തേക്ക് അയച്ചാലും അത് കടലില്‍ തന്ന്നെ തിരികെ വീഴുമെന്ന ഒരു മുൻധാരണയും അന്ന് ഉണ്ടായിരുന്നു.
പക്ഷേ അതൊക്കെ നമ്മുടെ തെറ്റായ ധാരണകളായിരുന്നു. ആകെയുള്ള കണക്കുകൾ നോക്കുമ്പോള്‍, അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ക്ക് ഉണ്ടായ പരീക്ഷണ പരാജയങ്ങളേക്കാൾ കുറവായിരുന്നു ഇന്ത്യയുടെ പരാജയ നിരക്ക്. എന്നാൽ നമ്മൾ തോൽക്കുമ്പോൾ എല്ലാം അത് വലിയ വാർത്തയായി മാറിയിരുന്നു.
ഇന്ന് 2025ല്‍ എത്തി നില്ക്കുമ്പോള്, ഇന്ത്യ ലോക ബഹിരാകാശരംഗത്തും തിളങ്ങി നില്‍ക്കുകയാണ്. ഇന്ന് ലോകത്തിലെ അഞ്ചാമത്തെ ബഹിരാകാശ ശക്തിയായി ഇന്ത്യ വളര്‍ന്നിരിക്കുന്നു.
ഇന്ന് ഇന്ത്യയിലെ ലക്ഷക്കണക്കിന് ബഹിരാകാശ പ്രേമികള്‍ വലിയ ആകാംക്ഷയിലും ആഹ്ലാദത്തിലുമാണ്. നമ്മുടെ ബാഹുബലിക്കായുള്ള കൗണ്ട് ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞു. നിര്‍ണായകമായ ഒരു ചുവടുവയ്പ്പിനാണ് ഇന്ത്യന്‍ സ്പേസ് റിസര്‍ച്ച് ഓര്ഗനൈസേഷന് തയ്യാറെടുക്കുന്നത്.
ബാഹുബലി എന്നറിയപ്പെടുന്ന എല്‍വിഎം 3 – എം5 എന്ന റോക്കറ്റ് ഇന്ന് വിക്ഷേപണം നടത്തും. ഇന്ന് വൈകുന്നേരം 5.26ന് ശ്രീഹരി കോട്ടയിലെ സതീഷ് ധവാന് ബഹിരാകാശ കേന്ദ്രത്തില്‍ നിന്നാണ് ബാഹുബലി ബഹിരാകാശത്തേക്ക് കുതിച്ചുയരുക. 4000 കിലോഗ്രാമില്‍ കൂടുതല്‍ ഭാരമുള്ള കമ്യൂണിക്കേഷൻ ഉപഗ്രഹമായ സി എം എസ് -03 എന്ന ഉപഗ്രഹവും വഹിച്ചുകൊണ്ടാണ് ബാഹുബലി ബഹിരാകാശത്തേക്ക് പറക്കുന്നത്.
ഇന്ത്യന്‍ മണ്ണില്‍ നിന്ന് ബഹിരാകാശത്തേക്ക് വിക്ഷേപിക്കുന്ന ഏറ്റവും ഭാരമേറിയ ഉപഗ്രഹം ആണിത്. വിക്ഷേപണത്തിനായുള്ള 24 മണിക്കൂര്‍ കൗണ്ട്ഡൗണ്‍ ആരംഭിച്ചു കഴിഞ്ഞതായി ഐഎസ്ആര്‍ഒ അറിയിച്ചു. വിക്ഷേപണത്തിനായുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായി കഴിഞ്ഞു. 43.5 മീറ്റര്‍ ഉയരമുള്ള ബാഹുബലി റോക്കറ്റിനെ ഇതിനകം രണ്ടാമത്തെ വിക്ഷേപണത്തറയിലേക്ക് മാറ്റി.
ഈ റോക്കറ്റിന്റെ ഭാരം ഉയര്‍ത്താനുള്ള ശേഷി കൊണ്ടാണ് ഐഎസ്ആര്‍ഒ ബാഹുബലി എന്ന പേര് നല്‍കിയത്. ജിടിഒ എന്നറിയപ്പെടുന്ന ജിയോ സിന്‍ക്രണസ് ട്രാന്‍സ്ഫര്‍ ഓര്‍ബിറ്റിലേക്കാണ് ഈ ഉപഗ്രഹത്തെ വിക്ഷേപിക്കുന്നത്. റോക്കറ്റിന്റെ വശങ്ങളില് സ്ഥിതി ചെയ്യുന്ന രണ്ട് എസ് 200 സോളിഡ് റോക്കറ്റ് ബൂസ്റ്ററുകളാണ് ഈ റോക്കറ്റിന് കുതിച്ചുയരാനുള്ള ഊര്‍ജം നൽകുന്നത്.
തിരുവനന്തപുരത്തെ വിക്രം സാരാഭായി സ്പേസ് സെന്ററിലാണ് എസ്200 ബൂസ്റ്ററുകള്‍ വികസിപ്പിച്ചെടുത്തത്. എല്‍വിഎം 3 റോക്കറ്റ് ഇന്ത്യയുടെ ഏറ്റവും ശക്തമായ റോക്കറ്റാണ്. ഇതില്‍ രണ്ട് സോളിഡ് റോക്കറ്റ് ബൂസ്റ്ററുകള്‍, ലിക്വിഡ് പ്രൊപ്പല്ലന്റ് കോര്‍ സ്റ്റേജ്, ക്രയോജനിക് അപ്പര്‍ സ്റ്റേജ് റോക്കറ്റ് എന്നിവ അടങ്ങിയിരിക്കുന്നു. ഇവയെല്ലാം തദ്ദേശീയമായി നിര്‍മ്മിച്ചതാണ് എന്ന കാര്യമാണ് ഏറ്റവും അഭിമാനകരം.
റോക്കറ്റ് വിക്ഷേപണ സാങ്കേതികവിദ്യയില്‍ ഇന്ത്യ സ്വയം പര്യാപ്തത നേടുന്നതിന്റെ സുപ്രധാന ചുവടുവയ്പാണിത്. ബാഹുബലി എന്ന എല്‍വിഎം 3-എം 5 റോക്കറ്റിന്റെ അഞ്ചാമത്തെ പറക്കലാണിത്.
2023-ല്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തിനടുത്ത് പേടകം ഇറക്കുന്ന ആദ്യ രാജ്യമായി ഇന്ത്യ മാറിയതും ഇതേ ബാഹുബലിയുടെ കരുത്തിലാണ്. എല്‍വിഎം3 റോക്കറ്റിന്റെ മറ്റൊരു പതിപ്പായ എച്ച്ആര്‍ എല്‍ വി ഐഎസ്ആര്‍ഒ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇത് വരാനിരിക്കുന്ന ഗഗന്യാന് മനുഷ്യ ബഹിരാകാശ യാത്രാ ദൗത്യത്തിനുള്ള വിക്ഷേപണ വാഹനമായി ഉപയോഗിക്കും. മള്‍ട്ടി-ബാന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഉപഗ്രഹമായ സിഎംഎസ്-03 എന്ന ഉപഗ്രഹം, ഇന്ത്യന്‍ കരയിലും വിശാലമായ സമുദ്രമേഖലയിലും ആശയവിനിമയ സേവനങ്ങളും നല്‍കും.
അതുകൊണ്ട് പഴയ കാലത്തേ പോലെ ഇന്ത്യയിൽ നിന്നും റോക്കറ്റ് കുതിച്ച് ഉയരുമ്പോൾ പേടിക്കേണ്ട കാര്യമില്ല. അഭിമാനത്തോടെ തല ഉയർത്തി തന്നെ നമുക്ക് ആകാശത്തേക്ക് നോക്കി നിൽക്കാം. അമേരിക്ക അടക്കമുള്ള പല വിദേശരാജ്യങ്ങളുടെയും ഉപഗ്രഹങ്ങൾ വിക്ഷേപിക്കുന്ന രാജ്യം കൂടിയാണ് നമ്മുടെ ഇന്ത്യ.
50 വർഷം മുൻപ് ഉപഗ്രഹ സാങ്കേതികവിദ്യ ഇല്ലാതിരുന്ന ഒരു രാജ്യത്തുനിന്ന്, ഐ.എസ്.ആർ.ഒ. ഇതുവരെ 34 രാജ്യങ്ങളുടെ അഞ്ഞൂറോളം ഉപഗ്രഹങ്ങൾ സ്വന്തം റോക്കറ്റുകൾ ഉപയോഗിച്ച് വിക്ഷേപിച്ചു എന്നത് ഒരു ചെറിയ കാര്യമല്ല. ശാസ്ത്ര സാങ്കേതിക വിദ്യയിൽ ഇന്ത്യ നടത്തിയ കുതിച്ച് ചാട്ടത്തിൻറെ ഉദാഹരണങ്ങളാണ് ഇതെല്ലം.













