അസാനി ആന്ധ്ര തീരത്ത്: കേരളത്തിൽ 14 വരെ മഴ തുടരും
അസാനി ചുഴലിക്കാറ്റ് ആന്ധ്രയുടെ തീരത്തേയ്ക്ക് നീങ്ങുമ്പോൾ മേഖലയില്‍ കനത്ത തുടരുകയാണ്. ബുധനാഴ്ചയോടെ കാറ്റ് കാക്കിനഡ- വിശാഖപട്ടണം തീരത്തിനടുത്തെത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിക്കുന്നു.
കേരളത്തിലും മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. അടുത്ത 5 ദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത. മധ്യകേരളത്തിലും മലയോരമേഖലയിലും ശക്തമായ മഴ ലഭിക്കും. ഇടിയോടു കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്കി.
ഇതിനിടെ, വിശാഖപട്ടണം, വിജയവാഡ എന്നീ വിമാനത്താവളങ്ങളില്‍ നിന്ന് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി. വിശാഖപട്ടണം വഴിയുള്ള നിരവധി ട്രെയിന്‍ സര്‍വീസുകളും തല്‍ക്കാലത്തേക്ക് വെട്ടിച്ചുരുക്കി. ആന്ധ്രയിലെ അഞ്ച് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ആന്ധ്രതീരത്ത് മണിക്കൂറില്‍ 75 മുതല്‍ 95 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റു വീശുമെന്നാണ് കാലവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കൂടാതെ ഒഡീഷയിലും പശ്ചിമ ബംഗാളിന്റെ തീരമേഖലയിലും മുന്നറിയിപ്പുണ്ട്.
ആന്ധ്ര തീരത്ത് എത്തുന്ന അസാനി ചുഴലിക്കാറ്റ് ദിശ മാറി യാനം, കാക്കിനട, വിശാഖപട്ടണം തീരം വഴി മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ പ്രവേശിക്കും. ആന്ധ്ര തീരത്തിന് സമീപമെത്തുന്നത് മുതല്‍ അസാനിയുടെ ശക്തി കുറയും.