ഷെയ്ഖ് ഹസീനയുടെ വധശിക്ഷയിൽ നിലപാട് വ്യക്തമാക്കി ഇന്ത്യ; കൈമാറാൻ ഒരു സാധ്യതയും നിലവിലില്ല
ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനക്ക് വധശിക്ഷ നൽകി കൊണ്ടുള്ള കോടതി വിധി ഒരു തട്ടിപ്പാണെന്ന നിലപാടിലാണ് ഇന്ത്യ. ഇന്ത്യയിൽ അഭയം തേടിയിരിക്കുന്ന ഷെയ്ഖ് ഹസീനയെ ബംഗ്ലാദേശിന് കൈമാറാനുള്ള ഒരു സാധ്യതയും നിലവിലില്ലെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്. ആവശ്യമെങ്കിൽ കൈമാറാൻ കഴിയില്ലെന്ന നിലപാട് ഇന്ത്യ ബംഗ്ലാദേശിനെ അറിയിക്കും.
ഇതുവരെ ഷെയ്ഖ് ഹസീനയെ വിട്ടുനൽകണമെന്ന് ബംഗ്ലാദേശ് രേഖാമൂലം അറിയിച്ചിട്ടില്ല. അത്തരത്തിൽ രേഖാമൂലം ബംഗ്ലാദേശ് ആവശ്യപ്പെടുകയാണെങ്കിൽ അപ്പോള്‍ നിലപാട് അറിയിക്കാമെന്നാണ് സര്‍ക്കാര്‍ അറിയിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ ഷെയ്ഖ് ഹസീനയെ കൈമാറുന്നത് പ്രശ്നം രൂക്ഷമാക്കാനെ ഇടയാക്കുവെന്നും പ്രശ്ന പരിഹാരത്തിന് സഹായകമാകില്ലെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിക്കുന്നത്.












