“ബിജെപിക്കാർക്കെന്തിന് നമ്മൾ ജോലി കൊടുക്കണം?”: അഗ്നിവീരരെ സംസ്ഥാന സർക്കാർ സർവ്വീസിൽ പരിഗണിക്കുന്നതിനെക്കുറിച്ച് മമത
നാലുവർഷത്തെ സർവീസ് പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് സംസ്ഥാന സർക്കാർ സർവീസുകളിൽ നിയമനം നൽകണമെന്ന് ശുപാർശ ചെയ്യുന്ന കേന്ദ്രസർക്കാർ നിർദേശത്തിനെതിരെ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. സംസ്ഥാനങ്ങൾ എന്തിന് ബിജെപി പ്രവർത്തകർക്ക് ജോലിനൽകണമെന്നായിരുന്നു മമതയുടെ ചോദ്യം.
“അവർ തന്ത്രപരമായി സൈന്യത്തെ മുന്നിൽ നിർത്തിയിരിക്കുകയാണ്. നാലുവർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് സംസ്ഥാന സർക്കാർ ജോലി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രത്തിൻ്റെ ഒരു കത്ത് എനിക്ക് ലഭിച്ചു. നമ്മളെന്തിന് ബിജെപി പ്രവർത്തകർക്ക് ജോലി കൊടുക്കണം? ” മമത ചോദിച്ചു. അസൻസോളിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു മമത ബാനർജി.
ആർക്കും ജോലി കൊടുക്കുന്നതിന് തങ്ങൾക്ക് പ്രശ്നമില്ല. പക്ഷേ സംസ്ഥാന സർക്കാരിൻ്റെ ജോലിയാണെങ്കിൽ സംസ്ഥാനത്തെ യുവാക്കൾക്ക് കൊടുക്കും. നിങ്ങൾ അഗ്നിപഥിൽ അവരെ നാലുവർഷത്തേയ്ക്ക് ജോലിക്കെടുത്തിട്ട് ബാക്കി ഉത്തരവാദിത്തം സംസ്ഥാനങ്ങൾക്ക് നൽകുകയാണെന്നും മമത ആരോപിച്ചു. ഈ സംസ്ഥാനത്ത് യുവാക്കൾക്ക് ക്ഷാമമൊന്നുമില്ല. അവർക്കാണ് ആദ്യത്തെ മുൻഗണനയെന്നും മമത കൂട്ടിച്ചേർത്തു.