”പരമ പവിത്രമിതാമീ” എന്ന ഗാനം നമ്മുടെ രാജ്യത്തെ സ്നേഹിക്കുന്ന എല്ലാവർക്കും പാടാവുന്നതാണ്; ”സാരേ ജഹാം സേ അച്ഛാ” എന്ന ഗാനം പാടുന്നത് തെറ്റാണോ??
പുതിയ ബെംഗളൂരു-കൊച്ചി വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ ട്രെയിനില്‍ വെച്ച് സ്കൂൾ വിദ്യാര്‍ഥികള്‍ ആര്‍എസ്എസ് ഗണഗീതം ചൊല്ലിയതില്‍ പ്രതികരിക്കുകയാണ് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. വിവാദമൊന്നും മൈന്‍ഡ് ചെയ്യേണ്ടതേ ഇല്ല. തീവ്രവാദ ഗാനം ഒന്നുമല്ലല്ലോ ചൊല്ലിയതെന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. കുഞ്ഞുങ്ങള്‍ നിഷ്കളങ്കമായി ചൊല്ലിയതാണ്. അവര്‍ക്ക് അപ്പോള്‍ അതാണ് തോന്നിയത്, അത് അവര്‍ ചെയ്തു. ഗണഗീതം ചൊല്ലിയത് ആഘോഷത്തിന്റെ ഭാഗമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കേരളത്തിലെ നാരീശക്തിക്ക് ഏറ്റവുമധികം പിന്തുണ നല്കുന്ന ഒന്നാണ് പുതിയ വന്ദേഭാരത് സര്‍വ്വീസ്. പെണ്‍കുട്ടികള്‍ക്കിത് വളരെയേറെ ഉപകാരപ്പെടും. ട്രാക്കുകളുടെ അപര്യാപ്തത കൊണ്ട് കൂടുതല്‍ ട്രെയിനുകള്‍ സാധ്യമാകുന്നില്ല. വന്ദേ ഭാരതത്തിന്റെ വരവ് വലിയ ആഘോഷമായി തന്നെ നടന്നു.
തിരുവനന്തപുരത്ത് ലൈറ്റ് മെട്രോ വരുന്നത് നല്ല കാര്യമാണ്. ഇതിലൂടെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകും ലഭിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രി, റെയിൽവേ മന്ത്രി, കേന്ദ്രസര്‍ക്കാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുകയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കൂടാതെ ‘തൃശ്ശൂരിലെ മോഡേണ്‍ കോളനി, പാടൂക്കാട് കോളനി എന്നിവിടങ്ങളില്‍ പോയ കാര്യവും കേന്ദ്ര സഹമന്ത്രി പങ്ക് വെച്ചു. ഈ രണ്ട് കോളനികളില്‍ നിന്നും എനിക്ക് ഹൃദയം തകരുന്ന വിവര ശേഖരണമാണ് ലഭിച്ചത്. വളരെ അപകടകരമായ ചില കാര്യങ്ങൾ അവിടെ നടക്കുന്നുണ്ട്. കഴിഞ്ഞ 70 വര്‍ഷമായി അവർ പടുകുഴിയിലാണ് വാഴുന്നത്. മറ്റു വിഷയങ്ങളില്‍ കുത്തിത്തിരിപ്പുണ്ടാക്കാതെ ഇവിടെ മാറിമാറി ഭരിക്കുന്ന ആളുകൾ അവിടെ വരണം. അവര്‍ക്ക് നന്മ നല്‍കിക്കൊണ്ട് നമുക്ക് അതാഘോഷിക്കാം’, എന്നും അദ്ദേഹം പറഞ്ഞു.
കൂടുതൽ കാര്യങ്ങൾ ഒന്നും അദ്ദേഹം പറഞ്ഞില്ല. അതുകൊണ്ട് വിവാദങ്ങൾ ഒന്നും ഉണ്ടായതുമില്ല.
ബാംഗ്ളൂരിലേക്കുള്ള വന്ദേഭാരതിന്റെ ഉദ്ഘാടനയോട്ടത്തിൽ വിദ്യാർഥികൾ ആർഎസ്എസ് ഗണഗീതം ആലപിച്ച കാര്യത്തിൽ സുരേഷ്ഗോപി പറഞ്ഞത് ഏതാണ്ട് ശരിയായ കാര്യമാണ്. ആ വീഡിയോ സതേൺ റെയിൽവെ പങ്കുവെച്ചതും വിവാദമായിരുന്നു. ഈ നിമിഷത്തിന്റെ ചൈതന്യം ആഘോഷിക്കുന്നതിന് സ്കൂൾ വിദ്യാർത്ഥികൾ ദേശഭക്തി ഗാനം പാടി’, എന്ന ക്യാപ്ഷനോട് കൂടിയാണ് ദക്ഷിണ റെയിൽവേ വീഡിയോ പങ്കുവെച്ചിരുന്നത്. വിമർശനം ഉയർന്നതോടെ ഈ പോസ്റ്റ് അവർ റിമൂവ് ചെയ്തു. പിന്നീട് ഇംഗ്ളീഷ് പരിഭാഷയോടെ അത് വീണ്ടും പബ്ലിഷ് ചെയ്തിരുന്നു.
ആ ഗാനം ആർ എസ്സ് എസ്സുകാർ പാടുന്നുണ്ടോ എന്നത് ഒരു വിഷയാണ്. അതൊരു 100 ശതമാനം ദേശഭക്തി ഗാനമാണ്. ഏതൊരു ഇന്ത്യൻ പൗരനും അത് പാടാം.
പരമ പവിത്ര മിതാമീ മണ്ണിൽ എന്ന് തുടങ്ങുന്ന ഗാനം പണ്ട് സ്കൂളുകളിൽ പാടി പഠിപ്പിച്ചിട്ടുണ്ട്.
ഈ പാട്ട് ഭാരതമാതാവിനോടുള്ള ഭക്തിയുടെയും അഭിമാനത്തിന്റെയും സൂചകമാണ്. ഭാരതഭൂമി പരമപവിത്രമായ മണ്ണാണ്, ഇവിടെ ഭാരതമാതാവിനെ ആരാധിക്കാൻ പുഷ്പങ്ങളാൽ നിറഞ്ഞ പൂന്തോട്ടമുണ്ട്. ഈ മണ്ണിലെ ഓരോ ഇലയും പൂവും തളിരുമെല്ലാം അമ്മക്ക് സമർപ്പിക്കാനായി വളരുന്നു.
തുടർന്നുള്ള ഭാഗങ്ങളിൽ ഈ ഭൂമിയിൽ ജനിച്ച മഹാന്മാരായ, ഭഗത് സിംഗ്, ഝാൻസി റാണി, ശ്രീനാരായണഗുരു, രാമകൃഷ്ണൻ, വിവേകാനന്ദൻ തുടങ്ങിയവരെ സ്മരിക്കുന്നു. അവരുടെ ത്യാഗവും ആത്മാഭിമാനവും ഈ ദേശത്തെ ഉണർത്തി എന്നും, അവരുടെ സ്മരണയിൽ ഒരു പൂവോ തളിരോ പോലും വാടിപ്പോകില്ലെന്നും പറയുന്നു.
അങ്ങനെ മൊത്തം വരികളിൽ ദേശസ്നേഹം മാത്രമാണുള്ളത്. ഭാരതമാതാവിനോടുള്ള ആരാധന, സേവന സന്നദ്ധത , ആത്മീയത, ദേശസ്നേഹം എഎന്നിങ്ങനെ ഭാരതത്തിന്റെ മഹത്വം എ ഗണത്തിൽ പറയുന്നു. അതിൽ സംഘപരിവാറിനെ സ്തുതിക്കുന്നതോ, മറ്റുള്ള വർഗീയ പരാമര്‍ശങ്ങളോ ഒന്നും തന്നെയില്ല. അതുകൊണ്ട് ആ ഗാനം ആർക്കും പാടാം. ഇന്ത്യയിൽ ഏതു വേദിയിലും പാടാം. അതിൽ ഒരു തെറ്റുമില്ല.
അതേപോലെ സാരെ ജഹാം സെ അച്ചാ എന്ന ഗാനം നമ്മുടെ ദേശഭക്തി ഗാനങ്ങളിൽ ഒന്നാണ്. അല്ലാമ മുഹമ്മദ് ഇക്ബാൽ ആണ് ഈ ഗാനം രചിച്ചത്. അദ്ദേഹത്തിന്റെ മറ്റുള്ള നിലപാടുകൾ നോക്കേണ്ട കാര്യമില്ല, ആ പാട്ടിലെ ദേശസ്നേഹം നിറയുന്ന വരികളാണ് നമ്മൾ ഇപ്പോളും ഏറ്റു പാടുന്നത്.
അതുകൊണ്ട് വന്ദേ ഭാരത്തിൽ കുട്ടികൾ പാടിയത് ആർഎസ്എസിന്റെ കുത്തകയായ പാട്ടൊന്നുമല്ല. ഒരു ദേശഭക്തി ഗാനമാണ്. അത് ആർഎസ്സ് എസുകാർ അവരുടെ പരിപാടികൾക്ക് ഉപയോഗിക്കുന്നു എന്നത് ആ പാട്ടിന്റെ തെറ്റല്ല.













