ഉദ്ധവിൻ്റെ ഹർജി സുപ്രീം കോടതി തള്ളി; മഹാരാഷ്ട്രയിൽ നാളെ വിശ്വാസ വോട്ടെടുപ്പ്
മഹാരാഷ്ട്രയിൽ വിശ്വാസവോട്ടെടുപ്പ് മാറ്റുന്നതുമായി ബന്ധപ്പെട്ട് ഉദ്ധവ് സർക്കാർ സമർപ്പിച്ച ഹർജി സുപ്രീം കോടതി തള്ളി. വ്യാഴാഴ്ച നടത്തണമെന്ന് കോടതി ഉത്തരവിട്ടു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ജെ.ബി.പര്‍ദിവാല എന്നിവരുടെ അവധിക്കാല ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഇതോടെ മഹാ വികാസ് അഘാഡി സർക്കാർ നാളെ നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണം. വ്യാഴാഴ്ച വിശ്വാസ വോട്ടെടുപ്പ് നടത്തണമെന്ന ഗവര്‍ണര്‍ ഭഗത് സിംഗ് കോഷിയാരിയുടെ നിര്‍ദേശം ചോദ്യം ചെയ്തുകൊണ്ട് ശിവസേന ചീഫ് വിപ്പ് സുനില്‍ പ്രഭു നല്കിയ ഹര്‍ജിയിയാണ് സുപ്രീംകോടതി തള്ളിയത്. മൂന്നേകാൽ മണിക്കൂർ നീണ്ട വാദത്തിനൊടുവിലാണ് സുപ്രീം കോടതിയിയുടെ നിർണായക വിധി.
വിമത നേതാവ് ഏക്നാഥ് ഷിന്ദേ അടക്കം 16 സേന എംഎല്‍എമാരെ അയോഗ്യരാക്കാനുള്ള ഡെപ്യൂട്ടി സ്പീക്കറുടെ നോട്ടീസില്‍ ജൂലയ് 11 വരെ തുടര്‍ നടപടികള്‍ സ്വീകരിക്കരുതെന്ന് സുപ്രീംകോടതിയുടെ ഇതേ ബെഞ്ച് നേരത്തെ ഉത്തരവിട്ടിരുന്നു. ഡെപ്യൂട്ടി സ്പീക്കറുടെ അയോഗ്യ നോട്ടീസിനെതിരെ ഷിന്ദേ നല്കിയ ഹര്‍ജിയിലായിരുന്നു ഈ ഉത്തരവ്. ഈ ഹര്‍ജി ജൂലായ് 12-ന് കോടതി വാദം കേള്‍ക്കും. അതുവരെ വിശ്വാസ വോട്ടെടുപ്പ് നടത്തരുതെന്നായിരുന്നു ശിവസേനയുടെ ആവശ്യം.
മുതിര്‍ന്ന അഭിഭാഷകന് മനു അഭിഷേക് സിങ്വിയാണ് ശിവസേന ഔദ്യോഗിക വിഭാഗത്തിനായി ഹാജരായത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത മഹാരാഷ്ട്ര ഗവര്‍ണര്‍ക്കും മുതിര്‍ന്ന അഭിഭാഷകന് നീരജ് കിഷന് കൗള്‍ വിമതശിവസേന നേതാവ് ഏക്നാഥ് ഷിന്ദേയ്ക്കും വേണ്ടി ഹാജരായി.