ചൈന ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കൽ നടത്തി!!!!
അമേരിക്ക ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആറാം തലമുറ യുദ്ധവിമാനം വികസിപ്പിക്കാനുള്ള പദ്ധതിയുമായി മുന്നോട്ടുപോകവെയാണ് അതിനെയൊക്കെ കടത്തി വെട്ടി ചൈന ഏറെ മുന്നിലെത്തിയെന്ന് റിപ്പോർട്ടുകള്‍ വരുന്നത്.
ആറാം തലമുറ മോഡലെന്ന് കരുതപ്പെടുന്ന ചൈനയുടെ പുതിയ സ്റ്റെൽത്ത് ഫൈറ്റർ ജെറ്റിൻ്റെ ആവിർഭാവം ആഗോളതലത്തിൽ സൈനിക വൃത്തങ്ങളിൽ കോളിളക്കം സൃഷ്ടിചിരിക്കുകയാണ് . ജെ-36, സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിനു മുകളിലൂടെ പകൽ വെളിച്ചത്തിൽ പറക്കുന്നതായാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു വീഡിയോയിൽ കാണുന്നത് . ഇതോടെ സ്വന്തമായി വികസിപ്പിച്ച ആറാം തലമുറ യുദ്ധവിമാനത്തിന്റെ പരീക്ഷണ പറക്കല്‍ ചൈന നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകള്‍ പറയുന്നത്. പ്രതിരോധ വാർത്തകള്‍ പങ്കുവെക്കുന്ന ക്ലാഷ് റിപ്പോർട്ട് എന്ന എക്സ് അക്കൗണ്ടിലാണ് ഇതിന്റെ വിവരങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
റഡാർ സിഗ്നേച്ചർ ഗണ്യമായി കുറയ്ക്കുന്നതിനും അതിൻ്റെ രഹസ്യ സ്വഭാവം നിലനിർത്താനുള്ള കഴിവുകൾ വർദ്ധിപ്പിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തവയാണ് J-36 .പരമ്പരാഗത റഡാർ സംവിധാനങ്ങൾ വഴി കണ്ടെത്തുന്നതിൽ നിന്ന് രക്ഷപ്പെടാൻ ഈ ഡിസൈനിലൂടെ സാധിക്കും. ഇത് ട്രാക്ക് ചെയ്യുന്നതും തടസ്സപ്പെടുത്തുന്നതു ശ്രമകരമാവും എന്ന പ്രത്യേകതയുമുണ്ട് . ഉയർന്ന ദൂരത്തിൽ ഉയർന്ന ഉയരത്തിൽ പറക്കാനുള്ള ജെറ്റിൻ്റെ കഴിവും ഇതിനുണ്ട് .
ചൈനയുടെ ആറാം തലമുറ യുദ്ധവിമാനത്തിന് നിലവിലെ യുദ്ധവിമാനങ്ങളേക്കാള്‍ ഏറെ ഉയരത്തില്‍ പറക്കാനാകുമെന്നാണ് റിപ്പോർട്ടുകള്‍. വേണ്ടിവന്നാല്‍ ഭൂമിയുടെ അന്തരീക്ഷം മറികടന്ന് പോകാനും തിരികെ എത്താനും ശേഷിയുള്ള യുദ്ധവിമാനമാണ് ചൈനയുടേതെന്നാണ് പ്രചരിക്കുന്ന വിവരങ്ങള്‍.
എന്നാല്‍ ഇതില്‍ എത്രമാത്രം സത്യമുണ്ടെന്നതില്‍ സ്ഥിരീകരണങ്ങളില്ല.അമേരിക്കയുടെ എൻഗാഡ്, ജപ്പാൻ, ഇറ്റലി, യുകെ എന്നിവരുടെ സംയുക്ത സംരംഭമായ ജിക്യാപ്, ഫ്രാൻസ്- ജർമനി സംയുക്ത സംരംഭമായ FCA തുടങ്ങിയ ആറാം തലമുറ യുദ്ധവിമാനങ്ങള്‍ കണ്‍സെപ്റ്റ് മോഡലില്‍ മാത്രമായൊതുങ്ങി നില്‍ക്കവേയാണ് ചൈന ഇക്കാര്യത്തില്‍ മുന്നിലെത്തിയതെന്നതാണ് ശ്രദ്ധേയം. ഹൈപ്പർസോണിക് മിസൈലുകള്‍ വഹിക്കാനുള്ള ശേഷി, ആർട്ടിഫിഷല്‍ ഇന്റലിജൻസ്, നിലവിലെ അഞ്ചാംതലമുറ യുദ്ധവിമാനങ്ങളിലെ റഡാറുകള്‍ക്ക് പോലും കണ്ടെത്താൻ സാധിക്കാത്ത സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യ തുടങ്ങിയവയാണ് ആറാം തലമുറ യുദ്ധവിമാനങ്ങളില്‍ പ്രതീക്ഷിക്കുന്നത്.
മാത്രമല്ല വളരെ ദൂരത്തുനിന്നുള്ള ആക്രമണ സാധ്യതകള്‍ നേരത്തെ കണ്ടെത്താൻ സാധിക്കുമെന്നതും വ്യോമയുദ്ധത്തില്‍ ഇതിലെ പൈലറ്റിന് മേല്‍ക്കൈ നല്‍കും. ഡ്രോണുകളെ ഒപ്പം പ്രവർത്തിപ്പിക്കാനുള്ള സവിശേഷതകളും അത്യാധുനിക ആശയവിനിമയ സംവിധാനങ്ങളുമൊക്കെ ആറാം തലമുറ വിമാനങ്ങള്ക്കുണ്ടാകുമെന്നാണ് വിലയിരുത്തല്‍.
ചൈന ഇക്കാര്യത്തില്‍ തങ്ങളുടെ പദ്ധതി യാഥാർഥ്യമാക്കിയതോടെ പാശ്ചാത്യ രാജ്യങ്ങള്‍ അവരുടെ പദ്ധതികളും വേഗത്തിലാക്കിയേക്കും. ആറാംതലമുറ സ്വന്തമായി വികസിപ്പിച്ച ലോകത്തിലെ ആദ്യത്തെ രാജ്യമായി ഇതോടെ ചൈന മാറിയിരിക്കുകയാണ്. നിലവില്‍ നടന്നത് വിമാനത്തിന്റെ ഹൈ ആള്‍ട്ടിട്യൂഡ് ഫ്ലൈയിങ് ടെസ്റ്റാണ്. വിമാനത്തിന്റെ റേഞ്ചും സ്ഥിരതയുമാണ് നിലവില്‍ പരിശോധിച്ചത്.
WS-10C ടർബോഫാൻ എഞ്ചിനുകൾ നൽകുന്ന മൂന്ന് എഞ്ചിൻ കോൺഫിഗറേഷനാണ് J-36-ൻ്റെ ഏറ്റവും ശ്രദ്ധേയമായ സവിശേഷതകളിലൊന്ന്. ഈ കോൺഫിഗറേഷൻ ഹൈ-സ്പീഡ്, ഹൈ-എൾട്ടിറ്റ്യൂഡ് ഓപ്പറേഷനുകൾക്കായി രൂപകൽപ്പന ചെയ്തിരിക്കുന്നു, ഇത് ഏരിയൽ റീഫ്യൂവലിംഗ് ആവശ്യമില്ലാതെ വിമാനത്തെ ദീർഘദൂരങ്ങൾ മറികടക്കാൻ പ്രാപ്തമാക്കുന്നു.അഞ്ചുവർഷത്തിനുള്ളില്‍ ആറാംതലമുറ യുദ്ധവിമാനം ചൈനീസ് സൈന്യത്തിന്റെ ഭാഗമാകുമെന്നാണ് വിവരങ്ങള്‍.