അമേരിക്ക എതിർത്താലും പലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ബ്രിട്ടൻ; ലോകകപ്പിൽ ഇസ്രായേൽ ഉണ്ടെങ്കിൽ കളിക്കില്ലെന്ന് സ്പെയിനും

ആരൊക്കെ എതിർത്താലും പലസ്തീൻ എന്ന രാഷ്ട്രത്തെ തങ്ങൾ അംഗീകരിക്കും എന്ന് തന്നെയാണ് ബ്രിട്ടൻ പറയുന്നത്. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശനം പൂർത്തിയായാൽ ഉടൻ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് പറയുകയാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയിർ സ്റ്റാർമാർ.
ന്യൂയോർക്കിൽ തുടങ്ങുന്ന യു.എൻ പൊതുസഭ സമ്മേളനത്തിന് മുമ്പായി ഫലസ്തീനെ അംഗീകരിക്കാനാണ് യു.കെയുടെ നീക്കം. ഗസ്സയിലെ മനുഷ്യരുടെ സ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഒരു നടപടിയും സ്വീകരിക്കാത്ത ഇസ്രായേൽ നടപടിയിൽ പ്രതിഷേധിച്ച് കൂടിയാണ് യു കെ ഫലസ്തീന് അംഗീകാരം നൽകുന്നത്.
സെപ്തംബർ 23നാണ് യു.എൻ പൊതുസഭയുടെ സമ്മേളനം തുടങ്ങുന്നത്. ഇതിന് മുമ്പായി ഇക്കാര്യത്തിൽ സ്റ്റാർമറുടെ ഭാഗത്ത് നിന്നും പ്രഖ്യാപനം ഉണ്ടാവും. അതേസമയം, ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നതിന് എതിരായ സമീപനമാണ് അമേരിക്ക ഇപ്പോളും സ്വീകരിക്കുന്നത്. എന്നാൽ, ഈ എതിർപ്പ് യു.കെ വകവെക്കാൻ സാധ്യതയില്ലെന്നാണ് സൂചനകൾ. യു.കെ മാത്രമല്ല ഫ്രാൻസ്, കാനഡ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളും വരും ദിവസങ്ങളിൽ ഫലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിക്കും.
ജൂലൈയിൽ തന്നെ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുമെന്ന സൂചനകൾ കെയർ സ്റ്റാർമർ നൽകിയിരുന്നു. ലേബർ പാർട്ടി എം.പിമാരിൽ നിന്നുള്ള സമ്മർദത്തെ തുടർന്നാണ് ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കാൻ അദ്ദേഹം തയാറായത്. ഇപ്പോൾ യു.എന്നിലെ 193 അംഗങ്ങളിൽ 147 പേരും ഫലസ്തീൻ എന്ന രാഷ്ട്രത്തെ അംഗീകരിച്ചിട്ടുണ്ട്.
അതേസമയം, ഗസ്സയിൽ നടക്കുന്ന ക്രൂരമായ വംശഹത്യക്കെതിരെ ലണ്ടൻ മേയർ സാദിഖ് ഖാനും രംഗത്തെത്തി. ഗസ്സയിൽ നടക്കുന്നത് വംശഹത്യയാണ്. കുട്ടികൾ പട്ടിണി കിടക്കുന്നു. 20,000ത്തോളം കുട്ടികളാണ് നിലവിൽ കടുത്ത പട്ടിണിയിൽ കഴിയുന്നത്. അന്താരാഷ്ട്ര നീതിന്യായ കോടതി വിധിയും യു.എൻ റിപ്പോർട്ടുകളും വംശഹത്യ തന്നെയാണ് ഗസ്സയിൽ നടക്കുന്നതെന്ന് പകൽപോലെ വ്യക്തമാക്കുന്നുണ്ട്. എന്നാൽ ഈ റിപ്പോർട്ട് അംഗീകരിക്കാൻ ഇസ്രായേൽ ഇതുവരെ തയാറായിട്ടില്ല എന്നും ഖാൻ പറഞ്ഞു.
ഇന്നലെ ഗസ്സയിലെ പ്രവർത്തിച്ച് കൊണ്ടിരിക്കുന്ന അവസാനത്തെ ആശുപത്രികൾക്ക് സമീപവും ഇസ്രായേൽ മിസൈൽ ആക്രമണം നടത്തിയിരുന്നു. കരയാക്രമണം തുടങ്ങിയതിന് പിന്നാലെയാണ് ആശുപത്രികൾക്കെതിരെയും ഇസ്രായേൽ ആക്രമണം ശക്തമാക്കിയത്. ഗസ്സയിലെ അൽ-ശിഫ, അൽ-അഹ്ലി ആശുപത്രികൾക്കെതിരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയത്. 15 പേർ ഈ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടു.
കുട്ടികളുടെ ആശുപത്രിക്ക് നേരെ മൂന്ന് തവണയാണ് ആക്രമണമുണ്ടായതെന്ന് ഗസ്സ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുമൂലം 40 രോഗികൾക്ക് ആശുപത്രി ഒഴിയേണ്ടി വന്നു. നിരവധി രോഗികൾ ജീവനക്കാർക്കൊപ്പം ആശുപത്രിയിൽ കുടുങ്ങി കിടക്കുകയാണ്.ഇസ്രായേൽ ആക്രമണങ്ങളിൽ ശക്തമായ പ്രതിഷേധവുമായി ഹമാസ് രംഗത്തെത്തി.
ഗാസയിലെ കൊടും ക്രൂരതക്ക് എതിരെ കായിക ലോകത്തും പ്രതിഷേധം ഉയരുകയാണ്.
2026 ൽ നടക്കാനിരിക്കുന്ന ഫുട്ബോൾ ലോകകപ്പിന് ഇസ്രയേൽ യോഗ്യത നേടിയാൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് സ്പാനിഷ് സർക്കാർ വക്താവ് പാറ്റ്സി ലോപ്പസ് പറയുന്നു. ലോകകപ്പ് കിരീടം നേടാൻ ഏറെ സാധ്യത കൽപ്പിക്കുന്ന ടീമുകളിലൊന്നാണ് സ്പെയ്ൻ.
പലസ്തീനിൽ വംശഹത്യ തുടരുന്ന ഇസ്രയേലിനെ ഒരു കായിക ടൂർണമെന്റിലും പങ്കെടുപ്പിക്കരുതെന്നും ലോപ്പസ് പറഞ്ഞു. അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ നിന്ന് ഇസ്രായേലിനെ ഒഴിവാക്കണമെന്ന് സ്പെയിൻ പ്രധാനമന്ത്രി പെഡ്രോ സാഞ്ചസും ആവശ്യപ്പെട്ടു.
2022 ൽ അയൽരാജ്യമായ യുക്രയ്നിനെ ആക്രമിച്ചതിനെ തുടർന്ന് ഫിഫയും യുവേഫയും അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് റഷ്യയെ വിലക്കിയ പോലെ തന്നെ ഇസ്രയേലിനെയും വിലക്കണമെന്നും സാഞ്ചസ് പറഞ്ഞു.
ലോകകപ്പ് യോഗ്യതാ ഗ്രൂപ്പിൽ മൂന്നാം സ്ഥാനത്താണ് ഇസ്രായേൽ. എങ്കിലും യോഗ്യത നേടാനുള്ള സാധ്യത ബാക്കിയിട്ടുണ്ട്. ഒന്നാമതുള്ള നോർവേയേക്കാൾ ആറ് പോയിന്റ് പിന്നിലാണ് അവർ. എന്നാൽ രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയുമായി പോയിന്റ് നിലയിൽ അവർ തുല്യരാണ്. ഗ്രൂപ്പ് ജേതാക്കൾക്ക് മാത്രമേ ലോകകപ്പിന് നേരിട്ട് യോഗ്യത നേടാൻ കഴിയൂ. മറ്റ് ഗ്രൂപ്പുകളിലെ ഫലങ്ങളെ ആശ്രയിച്ച് ഏറ്റവും മികച്ച രണ്ടാം സ്ഥാനക്കാർക്ക് യോഗ്യത നേടാൻ അവസരമുണ്ട്.