മുൻ ഓസീസ് സൂപ്പർതാരം ഡാമിയൻ മാർട്ടിൻ ഗുരുതരാവസ്ഥയിൽ; 54 വയസ്സുള്ള മാർട്ടിൻ കോമയിലെന്ന് റിപ്പോർട്ടുകൾ
2003 ലെ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയൻ ടീമംഗം ഡാമിയൻ മാർട്ടിൻ കോമ അവസ്ഥയിലാണിപ്പോൾ. മസ്തിഷ്ക ജ്വരം ബാധിച്ചാണ് മുന്‍ ആസ്ട്രേലിയന്‍ താരം ഡാമിയന്‍ മാര്ട്ടിന് കോമയില്‍ ആകുന്നത്. 54 വയസ്സാണ് അദ്ദേഹത്തിന് പ്രായം. ഓസീസിനായി 67 ടെസ്റ്റുകളും 208 ഏകദിനങ്ങളും കളിച്ചിട്ടിണ്ട്. ബോക്സിങ് ഡേ ടെസ്റ്റിനിടെയാണ് മാര്‍ട്ടിന്റെ ആരോഗ്യസ്ഥിതി വഷളാകുന്നതും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും
ആസ്ട്രേലിയന്‍ മാധ്യമങ്ങളാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്തുവിട്ടത്. മാര്ട്ടിന് വേഗത്തില്‍ സുഖംപ്രാപിക്കട്ടെയെന്ന പ്രാര്‍ഥനയിലാണ് ക്രിക്കറ്റ് ലോകവും ആരാധകരും. ഡാമിയന്‍ മാര്‍ട്ടിനായി പ്രാര്‍ഥിക്കുന്നുവെന്നും ഉടന്‍ തന്നെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരട്ടെയെന്നും ഏറെകാലം സഹതാരമായിരുന്ന ഡാരിന് ലേമാന് എക്സില്‍ കുറിച്ചു. വിദഗ്ധ ചികിത്സ തന്നെ മാര്ട്ടിന് ലഭ്യമാക്കുന്നുണ്ടെന്ന് അടുത്ത സുഹൃത്തും മുന്‍ ഓസീസ് താരവുമായ ആദം ഗില്‍ക്രിസ്റ്റ് പറഞ്ഞു.
താരത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല. 1992-93ല്‍ വെസ്റ്റിന്‍ഡീസിനെതിരായ ഹോം പരമ്ബരയില്‍ 21ാം വയസ്സിലാണ് ഡാമിയൻ മാര്ട്ടിന് ഓസീസിനായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്നത്. 2005ല്‍ ന്യൂസിലന്‍ഡിനെതിരെ നേടിയ 165 റണ്‍സാണ് താരത്തിന്റെ ഏറ്റവും ഉയര്‍ന്ന ടെസ്റ്റ് സ്കോര്‍. 2006-07ല്‍ അഡലെയ്ഡില്‍ ആഷസിലാണ് താരം അവസാന ടെസ്റ്റ് കളിച്ചത്. 1999, 2003 എന്നീ വർഷങ്ങളിൽ ഏകദിന ലോകകപ്പ് നേടിയ ഓസീസ് ടീമില്‍ മാര്‍ട്ടിനും ഉണ്ടായിരുന്നു.
2003ല്‍ ഇന്ത്യക്കെതിരായ ഏകദിന ലോകകപ്പ് ഫൈനലില്‍ പുറത്താകാതെ മാർട്ടിൻ നേടിയ 88 റൺസ് ഓസീസ് വിജയത്തില്‍ നിര്‍ണായകമായിരുന്നു. പരിക്കേറ്റ കൈയുമായാണ് താരം അന്ന് കളിച്ചത്. ഒരു വിരൽ ഒടിഞ്ഞിട്ടും അദ്ദേഹം 88 റൺ നേടി ഇന്നിങ്സിന്റെ അവസാനം വരെ ഉണ്ടായിരുന്നു. 2006 ൽ ചാമ്ബ്യന്‍സ് ട്രോഫി നേടിയ ഓസ്ട്രേലിയൻ ടീമിലും ഡാമിയൻ മാര്‍ട്ടിനുണ്ടായിരുന്നു.
ഈ ക്രിസ്മസ് ദിനത്തിലും ആഷസ് സീരീസിലെ നാലാം ടെസ്റ്റിനെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റുകളുമായി സജീവമായിരുന്നു ഡാമിയൻ മാർട്ടിൻ. പെട്ടെന്നാണ് അദ്ദേഹം ആശുപത്രിയിൽ അഡ്മിറ്റ് ആകുന്നത്. 2006-07 ലെ ആഷസ് പരമ്പരക്കിടെ വിരമിക്കൽ പ്രഖ്യാപിച്ച മാർട്ടിൻ പിന്നീട് ക്രിക്കറ്റ് കമന്ററിയിലും സജീവമായിരുന്നു.
വൈറൽ മെനിഞ്ചൈറ്റിസ് എന്നത് ഗുരുതരമായ ഒരു രോഗമാണ്. ഇത് തലച്ചോറിനെയും നാഡിയെയും മൂടുന്ന മെനിഞ്ചസ് എന്ന ചർമ്മത്തെ ബാധിക്കുന്ന ഒരു അണുബാധയാണ്. മെനിഞ്ചൈറ്റിസ് സാധാരണയായി ബാക്ടീരിയ അണുബാധ മൂലമാണ് ഉണ്ടാകുന്നത്. പക്ഷേ വൈറൽ അല്ലെങ്കിൽ ഫംഗസ് അണുബാധയും ഉണ്ടാകാം. ചിലതരം മെനിഞ്ചൈറ്റിസ് തടയാൻ വാക്സിനുകൾക്ക് കഴിയും.
സാധാരണയായി കുട്ടികൾക്കാണ് ഈ രോഗം ബാധിക്കാനുള്ള സാധ്യത കൂടുതൽ എന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. ദുർബലമായ രോഗപ്രതിരോധശേഷിയുള്ള ആളുകൾക്കും വൈറൽ മെനിഞ്ചൈറ്റിസ് പിടിപെടാനുള്ള സാധ്യത കൂടുതലാണ്. തലവേദന, ഓക്കാനം, ആശയക്കുഴപ്പം, പനി, കഴുത്ത് വേദന എന്നിവയാണ് പ്രധാനപ്പെട്ട ലക്ഷണങ്ങൾ.












