പ്രക്ഷോഭം അടിച്ചമർത്തിയാൽ ഇറാനിൽ ഇടപെടുമെന്ന് അമേരിക്ക; ആഭ്യന്തര കാര്യങ്ങളിൽ ഇടപെട്ടാൽ മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താല്പര്യങ്ങൾ തകർക്കുമെന്ന് ഇറാനും
സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഇറാനിൽ ആരംഭിച്ച പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എട്ടായി ഉയർന്നിട്ടുണ്ട്. ഒരാഴ്ച പിന്നിട്ട ഇറാൻ പ്രക്ഷോഭം ഭരണകൂടത്തിന് കൂടുതൽ തലവേദനയായി. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ഒരു വിഭാഗം ജനങ്ങൾ ഭരണകൂടത്തിനെതിരെ രംഗത്തുവന്നത്.പ്രക്ഷോഭകരും സുരക്ഷാ വിഭാഗവും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ മരണം എട്ടായി.
രാജ്യത്തെ സാമ്പത്തിക രംഗം കടുത്ത പ്രതിസന്ധിയിലായതിനെ തുടർന്ന് പണപ്പെരുപ്പവും വിലക്കയറ്റം രൂക്ഷമാണ്. ഇതാണ് തെരുവിലിറങ്ങാൻ തങ്ങളെപ്രേരിപ്പിച്ചതെന്നാണ് പ്രഷോഭകാരികൾ പറയുന്നത്.
തെഹ്റാന് 300 കി.മീ. തെക്കുപടിഞ്ഞാറുള്ള ലോറിസ്താൻ പ്രവിശ്യയിലെ അസ്ന മേഖലയിലാണ് പ്രക്ഷോഭം രൂക്ഷമായത്. പ്രക്ഷോഭം പടരുന്നതിനിടെ ഇറാൻ ഭരണകൂടവും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ കൊമ്പുകോർത്തു. പ്രക്ഷോഭം അടിച്ചമർത്താൻ ശ്രമിച്ചാൽ അമേരിക്ക ഇടപെടുമെന്ന് ട്രംപ് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ ഭീഷണി മുഴക്കി. ‘ഞങ്ങൾ ആക്രമണത്തിന് റെഡിയാണ്’ എന്നും ട്രംപ് കുറിച്ചു.
ഇതിന് കടുത്ത ഭാഷയിൽ ഇറാൻ മറുപടിയും നൽകി. ‘ഞങ്ങളുടെ ആഭ്യന്തര കാര്യങ്ങളിൽ അമേരിക്ക കയറി ഇടപെട്ടാൽ പ്രദേശത്താകെ സ്ഥിതി വഷളാവുകയും, മിഡിൽ ഈസ്റ്റിലെ അമേരിക്കൻ താൽപര്യങ്ങൾ തകർക്കപ്പെടുകയും ചെയ്യമെന്ന് ഇറാൻ സുപ്രിം നാഷനൽ സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എക്സിൽ കുറിച്ചു. അത് ചെയ്യാൻ ഇറാൻ എപ്പോളും തയ്യാറാണെന്നും, തങ്ങൾക്ക് മടിയോ പേടിയോ ഇക്കാര്യത്തിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു. യഥാർത്ഥത്തിൽ അമേരിക്കയും ഇസ്രായേലുമാണ് ഇറാനിലെ പ്രതിഷേധങ്ങൾക്ക് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
അമ്പതോളം പ്രക്ഷോഭകാരികൾ അറസ്റ്റിലായതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം പ്രക്ഷോഭകരെ അനുനയിക്കാനുള്ള നീക്കവും ശക്തമാണ്. ഇറാനിൽ ആരംഭിച്ച ഈ പ്രക്ഷോഭം ഇപ്പോൾ അയത്തൊള്ള ഖമനയി വിരുദ്ധ പ്രക്ഷോഭമായി മാറുകയാണ്. ടെഹ്റാനിൽ ആരംഭിച്ച പ്രക്ഷോഭം രാജ്യത്തിന്റെ മറ്റിടങ്ങളിലേക്കും വ്യാപിച്ചതോടെ സുരക്ഷാ സേന പ്രതിഷേധ പ്രകടനങ്ങളെ പലയിടങ്ങളിലും അടിച്ചമർത്തുകയാണ്. പൊലീസ് പ്രക്ഷോഭകർക്കു നേരേ കണ്ണീർവാതകം പ്രയോഗിക്കുന്നതിന്റെ ദൃശ്യങ്ങളും ഇതിനിടെ പുറത്തുവന്നു.
ടെഹ്റാനിലെ ഏഴെണ്ണം ഉൾപ്പെടെ, രാജ്യത്തെ 10 സർവകലാശാലകളിൽ പ്രതിഷേധം പൊട്ടിപ്പുറപ്പെട്ടതായാണ് റിപ്പോർട്ടുകൾ. വിദ്യാർഥികളടക്കം നിരവധി പ്രക്ഷോഭകർ കസ്റ്റഡിയിലായി. ഇതിനിടെയാണ് ചില പ്രതിഷേധക്കാർ ഭരണമാറ്റം വേണമെന്ന ആവശ്യം ഉന്നയിച്ചത്. ‘മുല്ലമാർ രാജ്യം വിടണം’ എന്ന മുദ്രാവാക്യവുമായി ഇറാനിൽ ഖമനയി വിരുദ്ധ പ്രതിഷേധം തുടങ്ങിയെന്നും റിപ്പോർട്ടുണ്ട്. വിലക്കയറ്റത്തിനും സാമ്പത്തിക അരക്ഷിതാവസ്ഥയ്ക്കുമെതിരെ വ്യാപാരികളാണ് ഡിസംബർ 27ന് പ്രതിഷേധം തുടങ്ങിയത്.
ഇതിന്റെ കാരണങ്ങൾ നോക്കിപ്പോയാൽ കാണാൻ കഴിയുന്നത്, അമേരിക്ക ഇറാനുമേൽ ഉപരോധവും ഭീഷണിയും കടുപ്പിച്ചതോടെയാണ് ആ രാജ്യം വിലക്കയറ്റത്തിലേക്കും സാമ്പത്തിക മാന്ദ്യത്തിലേക്കും വീണത്. ഇറാൻ കേന്ദ്രബാങ്കിന്റെ ഗവർണർ മൊഹമ്മദ് റേസ ഫർസീൻ രാജിവച്ചതും ഇറാന് ആഘാതമായി. കടുത്ത ഉപരോധവും സാമ്പത്തിക ഒറ്റപ്പെടുത്തലും മൂലം ഇറാന്റെ കറൻസിയായ റിയാൽ, ഡോളറിനെതിരെ തകർന്നടിഞ്ഞതിന്റെ പശ്ചാത്തലത്തിലായിരുന്നു രാജി.
2015ൽ ഒരു ഡോളറിന് മുപ്പത്തിരണ്ടായിരം റിയാൽ എന്ന നിലയിലായിരുന്നു മൂല്യം. ഇപ്പോഴിത് ഒരു ഡോളറിന് നാൽപ്പത്തി മൂവായിരം റിയാൽ ആണെങ്കിലും കരിഞ്ചന്തയിൽ ഇത് 14.2 ലക്ഷം റിയാൽ ആണെന്നതാണ് വസ്തുത. എന്നാൽ ഇപ്പോഴും ഔദ്യോഗിക എക്സ്ചേഞ്ച് റേറ്റ് നാല്പത്തിരണ്ടായിരം തന്നെയാണ്.
ഇപ്പോൾ പ്രതിഷേധ റാലിയിൽ ഉയരുന്ന മുദ്രാവാക്യങ്ങളിൽ പുരോഹിത ഭരണം അവസാനിപ്പിക്കാനും പഴയ രാജഭരണം മതിയെന്നും ആണ് പറയുന്നത്. യുവജനങ്ങൾ ഏറ്റെടുത്ത പ്രക്ഷോഭത്തിൽ ഇതാണിപ്പോൾ മുഴങ്ങിക്കേൾക്കുന്നത്.
പതിറ്റാണ്ടുകളായി ഇറാനിൽ വിലക്കപ്പെട്ട ഒന്നായിരുന്നു പഴയ പഹ്ലവി രാജവംശത്തെ അനുകൂലിക്കുന്ന മുദ്രാവാക്യങ്ങൾ. എന്നാലിപ്പോൾ ആയത്തൊള്ള ഖമനേയിയുടെ നേതൃത്വത്തിലുള്ള ഇറാനിലെ ഭരണ സംവിധാനത്തിനെതിരായ പ്രക്ഷോഭത്തിന്റെ പ്രധാനമായി മാറിയിരിക്കുകയാണ് ആ പഴയ മുദ്രാവാക്യം.
‘ജാവീദ് ഷാ’ അതായത് ഷാ നീണാൾ വാഴട്ടെ എന്ന വിളിയാണ് ഖമനേയി വിരുദ്ധ പ്രക്ഷോഭത്തിന്റെ ആവേശമായി മാറിയിരിക്കുന്നത്. 1979-ൽ പുറത്താക്കപ്പെട്ട പഹ്ലവി രാജവംശത്തെയാണ് പ്രതിഷേധക്കാർ ഇപ്പോൾ പിന്തുണയ്ക്കുന്നത്. മത പുരോഹിതരുടെ ഭരണം വേണ്ടെന്നാണ് യുവാക്കൾ പറയുന്നത്.
നിലവിൽ അമേരിക്കയിൽ കഴിയുന്ന പഹ്ലവി രാജവംശത്തിലെ കിരീടാവകാശി റെസ പഹ്ലവി പ്രക്ഷോഭകാരികൾക്ക് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ഭാവി ഭരണക്രമം തീരുമാനിക്കാൻ സ്വതന്ത്ര ഹിത പരിശോധന വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവിലെ ഭരണകൂടത്തെ നീക്കം ചെയ്യണമെന്നും അതിനായി രാജ്യവ്യാപകമായ പ്രതിഷേധങ്ങൾ സംഘടിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു. നിലവിലെ ഇസ്ലാമിക് റിപ്പബ്ലിക്കിന് പകരം, ലിബറൽ ജനാധിപത്യ ഭരണക്രമം കൊണ്ടുവരുമെന്നാണ് റെസ പഹ്ലവി വാദിക്കുന്നത്.
വര്ഷങ്ങളായി അമേരിക്ക കാത്തിരുന്നതും ഈയൊരു മാറ്റത്തിന് വേണ്ടിയാണ്. നേരിട്ട് കീഴടക്കാൻ കഴിയുന്നില്ലെങ്കിൽ, പ്രക്ഷോഭങ്ങൾ ഉണ്ടാക്കി അവിടുത്തെ സർക്കാരിനെ മാറ്റുക എന്ന പഴയ രീതി അമേരിക്ക ഇറാനിലും നടപ്പാക്കാൻ തുനിഞ്ഞാൽ അതിൽ അത്ഭുതപ്പെടാനുമില്ല.













