യുക്രൈനിൽ യുദ്ധം നിർത്താനുള്ള അമേരിക്കൻ നിർദ്ദേശം പരിഹസിച്ച് തള്ളി റഷ്യ; അമേരിക്കയുടെ 2 ആണവ അന്തർവാഹിനികൾ റഷ്യക്കരികിലേക്ക് എത്തി

റഷ്യയുടെ അടുത്തായി രണ്ട് ആണവ അന്തർവാഹിനികൾ അയച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പഴയ സോവിയറ്റ് യൂണിയന്റെ കാലത്തെ ആണവശേഷി റഷ്യയ്ക്ക് ഇപ്പോഴുമുണ്ടെന്ന മുൻ പ്രസിഡന്റ് ദിമിത്രി മെദ്വദേവിന്റെ പ്രസ്താവനയ്ക്ക് മറുപടിയായാണ് ഈ തീരുമാനം. യുക്രെയ്ൻ വിഷയത്തിൽ റഷ്യയുമായി ഇപ്പോൾ കൊമ്പ് കോർക്കുകയാണ് ഡൊണാൾഡ് ട്രംപ്.
ട്രംപ് വെറുതെ ഭീഷണി നാടകം തുടരുകയാണെന്നും റഷ്യ, ഇറാനോ ഇസ്രയേലോ അല്ലെന്ന് ഓർക്കണമെന്നും മെദ്വദേവ് പറഞ്ഞിരുന്നു. എന്നാൽ ഈ വാക്കുകൾക്കു വലിയ പ്രാധാന്യമുണ്ടെന്നായിരുന്നു ട്രംപിന്റെ തിരിച്ചടി. വാക്കുകൾ പലപ്പോഴും ഉദ്ദേശിക്കാത്ത പ്രത്യാഘാതങ്ങളിലേക്കു നയിച്ചേക്കാം. അത്തരത്തിലൊന്നാവില്ലെന്ന് താൻ പ്രതീക്ഷിക്കുന്നതായും ട്രംപ് വ്യക്തമാക്കി.
രണ്ടാഴ്ചയ്ക്കകം യുക്രെയ്നുമായി സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞ ദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു. റഷ്യയ്ക്ക് സമയപരിധി കൽപിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്നായിരുന്നു മെദ്വദേവ് തിരിച്ചടിച്ചത്.

റഷ്യൻ പ്രസിഡൻറ് വ്ലാദിമിർ പുട്ടിൻറെ അടുത്ത അനുകൂലിയും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമാണ് ദിമിത്രി മെദ്വദേവ്. പരാജിതനായ ഒരു പ്രസിഡന്റായിരുന്നു മെദ്വദേവ് എന്നു പറഞ്ഞ ട്രംപ്, അയാൾ അപകടകരമായ മേഖലയിലേക്കാണ് ഇപ്പോൾ കടക്കുന്നതെന്നും ഇപ്പോഴും റഷ്യയുടെ പ്രസിഡന്റാണെന്ന് അയാൾ വിചാരിക്കുന്നതായും പരിഹസിച്ചിരുന്നു.
റഷ്യയുമായുള്ള വാണിജ്യ–പ്രതിരോധ ബന്ധത്തിന്റെ പേരിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യയ്ക്കെതിരെയും കടുത്ത വിമർശനമുയർത്തിയിരുന്നു. ഇരുരാജ്യങ്ങൾക്കും അവരുടെ ‘ ചത്ത സമ്പദ്വ്യവസ്ഥയുമായി ഒരുമിച്ചു നശിക്കാം’ എന്നും താനതു കാര്യമാക്കില്ലെന്നും ട്രംപ് സമൂഹമാധ്യമത്തിൽ കുറിച്ചിരുന്നു. ഇന്ത്യയ്ക്കെതിരെ അമേരിക്ക 25% തീരുവ ചുമത്തി മണിക്കൂറുകൾക്കകമായിരുന്നു ഈ പരസ്യവിമർശനം ഉണ്ടായത്.
എന്തായാലും ഇപ്പോൾ രണ്ട് അമേരിക്കൻ ആണവ അന്തർവാഹിനികൾ റഷ്യയ്ക്ക് അരികിലായി എത്തിയിട്ടുണ്ട്. നമ്മൾ പൂർണ്ണമായും തയ്യാറാണ്’ എന്നായിരുന്നു ട്രംപ് മാധ്യമങ്ങളോട് പറഞ്ഞത്. ‘ഞങ്ങളുടെ ജനങ്ങളുടെ സുരക്ഷയെ മുൻനിർത്തിയാണ് ഞാൻ അത് ചെയ്യുന്നത്… ഞങ്ങൾ ഞങ്ങളുടെ ജനങ്ങളെ സംരക്ഷിക്കും’ എന്നുമാണ് ഏറ്റവും പുതിയ നടപടിയെ കുറിച്ച് ട്രംപ് നൽകിയിരിക്കുന്ന വിശദീകരണം.
ആണവ അന്തര്വാഹിനികൾ ഏതൊക്കെ പ്രദേശങ്ങളിലാണ് വിന്യസിച്ചത് എന്ന കാര്യത്തിൽ ട്രംപ് പ്രതികരിച്ചിട്ടില്ല. എന്ത് തന്നെ ആയാലും ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത കൂടുതൽ ശക്തമാവുകയും അത് മോശം അവസ്ഥയിലേക്ക് എത്തുകയും ചെയ്തു എന്നതിന്റെ തെളിവാണ് പുതിയ സംഭവ വികാസങ്ങൾ.
മാത്രമല്ല, ഉക്രെയ്നിൽ വെടിനിർത്തൽ നടപ്പാക്കാൻ 10 ദിവസം ബാക്കി ഉണ്ടെന്നും, അല്ലെങ്കിൽ ഉക്രെയ്നിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കൊപ്പം തീരുവകൾ നേരിടേണ്ടിവരുമെന്നും ട്രംപ് ചൊവ്വാഴ്ച റഷ്യയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു.
എന്നാൽ ഉക്രെയ്നിലെ കാര്യങ്ങളിൽ എല്ലയ്പോളും സ്വയം തീരുമാനമെടുക്കുന്ന റഷ്യ, ട്രംപിന്റെ സമയപരിധി ഭീഷണിയെയോ, യുദ്ധഭീഷണിയേയോ ഒരു തരത്തിലും ഭയപ്പെടുന്നില്ല എന്നതാണ് യാഥാർഥ്യം. ഇത് ഇറാനോ ഇസ്രായേലോ അല്ല റഷ്യയാണ് എന്ന കാര്യം അമേരിക്ക ഓർത്തിരിക്കണമെന്നാണ് മെദ്വദേവ് നേരത്തെയും പറഞ്ഞത്.