ട്രംപ് – പുടിൻ ചർച്ച അവസാനിച്ചു, ട്രംപിൻറെ ”ഭാര്യയുടെ കത്ത്” പുടിന് കൈമാറി; ഗാസയിൽ കൂട്ടക്കുരുതി നടത്താൻ ഇസ്രയേലിനെ സഹായിച്ചവർ ഉക്രൈനിലെ കുഞ്ഞുങ്ങൾക്ക് വേണ്ടി കരയുന്നു

അലാസ്കയിൽ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ നടത്തിയ നിർണായക കൂടിക്കാഴ്ച അവസാനിച്ചു. യുക്രൈൻ- റഷ്യ വെടിനിർത്തലിൽ യാതൊരു ധാരണയും ഉണ്ടായില്ലെന്നാണ് വിവരം. എന്നാൽ മൂന്ന് മണിക്കൂറോളം നീണ്ട ചർച്ചയിൽ വെടിനിർത്തലിനായുള്ള കരാറിലെത്തിയില്ലെങ്കിലും പല കാര്യങ്ങളിലും ധാരണയായി എന്ന് ട്രംപ് അറിയിച്ചു. ചർച്ചയിൽ വലിയ പുരോഗതിയുണ്ടായെന്നും വൈകാതെ ലക്ഷ്യം കാണാനാവുമെന്നും രണ്ട് നേതാക്കളും സംയുക്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
എന്നാൽ യുക്രൈൻ സഹോദര രാജ്യമാണെന്നായിരുന്നു പുടിന്റെ പ്രതികരണം. ഈ വിഷയത്തിൽ റഷ്യക്ക് പല ആശങ്കകളുണ്ടെന്നും അദ്ദേഹം പറഞ്ഞു. സമാധാന ചർച്ചയിൽ പുരോഗതിയുണ്ടെന്നും, എന്നാൽ ആ പുരോഗതിയെ ഇല്ലാതാക്കും വിധത്തിലുള്ള നീക്കങ്ങൾക്ക് യുക്രൈനോ യൂറോപ്യൻ രാജ്യങ്ങളോ മുതിരരുത് എന്നും പുടിൻ പറഞ്ഞു. യുക്രൈൻ യുദ്ധം അവസാനിക്കണമെങ്കിൽ റഷ്യയുടെ ആശങ്ക പരിഹരിക്കപ്പെടണം. സെലൻസ്കി സർക്കാരാണ് ആ ആശങ്കകളിൽ ഒരെണ്ണമെന്നും പുടിൻ പറഞ്ഞു.
ആറ് വർഷത്തിന് ശേഷമാണ് പുടിനും ട്രംപും നേരിട്ട് കാണുന്നത് എന്ന പ്രത്യേകതയും ഈ ചർച്ചക്ക് ഉണ്ടായിരുന്നു. മറ്റൊരു കാര്യം ഡൊണാൾഡ് ട്രംപിൻ്റെ ഭാര്യ മെലാനിയ ട്രംപിൻറെ ഒരു കത്ത് അലാസ്കയിൽ നടന്ന ഉച്ചകോടിയിൽ ട്രംപ് പുടിന് കൈമാറി എന്നതാണ്. ഉക്രൈനിലെ കുട്ടികളുടെ കഷ്ടപ്പാടിനെ കുറിച്ച് ആ കത്തിൽ എഴുതിയിട്ടുണ്ട് എന്നാണ് പറയുന്നത്. യുക്രെയ്ൻ യുദ്ധത്തിൻ്റെ ഫലമായി കുട്ടികളെ തട്ടിക്കൊണ്ടുപോയതിനെക്കുറിച്ച് കത്തിൽ സൂചനയുണ്ട് എന്നല്ലാതെ ഈ കത്തിനെക്കുറിച്ച് റിപ്പോർട്ടുകളൊന്നും വന്നിട്ടില്ല. ആയിരക്കണക്കിന് കുട്ടികളെ റഷ്യയിലേക്ക് അല്ലെങ്കിൽ റഷ്യൻ അധിനിവേശ പ്രദേശങ്ങളിലേക്ക് കൊണ്ടുപോയത് യുഎൻ ഉടമ്പടി പ്രകാരം ഒരു വംശഹത്യയാണെന്ന് യുക്രെനും ആരോപിക്കുന്നുണ്ട്. എന്നാൽ യുദ്ധഭൂമിയിലെ ദുർബലരായ കുട്ടികളെ തങ്ങൾ സംരക്ഷിക്കുക മാത്രമാണ് ചെയ്തതെന്നുമാരെയും കൊലപ്പെടുത്തിയില്ലെന്നും മോസ്കോ നേരത്തെ പറഞ്ഞിരുന്നു.
ട്രംപിന്റെ ഭാര്യയുടെ വിഷമം ഉക്രൈനിലെ കുട്ടികളെ തട്ടിക്കൊണ്ട് പോയതിലാണ്. അവരുടെ ജീവനെടുക്കാൻ റഷ്യ ശ്രമിച്ചിട്ടില്ല. എന്നാൽ അമേരിക്ക നൽകിയ ആയുധങ്ങൾ കൊണ്ടും സഹായം കൊണ്ടും ഇസ്രായേൽ പതിനായിരക്കണക്കിന് ആളുകളെയും കുഞ്ഞുങ്ങളെയും ഗാസയിൽ കൂട്ടക്കൊല ചെയ്യുമ്പോൾ മെലാനിയാ ട്രംപ് മൗനം പാലിക്കുകയാണ്.
യുദ്ധത്തിന് ശേഷം ഉപരോധത്തിലൂടെ ആണിപ്പോൾ ഇസ്രായേൽ കൊലപാതകം നടത്തുന്നത്. ഇസ്രയേൽ ഉപരോധം കടുപ്പിച്ചതോടെ കൊടുംപട്ടിണിയുടെ പിടിയിലാണ് ഗാസ. മരുന്നും പോഷകാഹാരവുമില്ലാതെ കുട്ടികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകളാണ് നഗരത്തിൽ മരിച്ചുവീഴുന്നത്. ഒരു നേരത്തെ ഭക്ഷണത്തിനായി മണിക്കൂറുകളോളം ക്യൂവിൽ നിന്ന് കരഞ്ഞ് കേഴുന്ന കുഞ്ഞുങ്ങളുടെ കാഴ്ച മനുഷ്യമനസാക്ഷിയെ മരവിപ്പിക്കും. ഒരു നേരത്തെ അന്നത്തിനായുള്ള പോരാട്ടമാണ് ഗാസയിലെ ക്യാമ്പുകളിലെങ്ങും കാണുന്നത്.
നൂറ് കണക്കിനാളുകൾ പട്ടിണികൊണ്ട് മരിക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളിൽ 80 കുട്ടികളാണ് പോഷകാഹാരക്കുറവിൽ മരിച്ചുവീണത്. കുഞ്ഞുങ്ങളെ മുലയൂട്ടാൻ പോലും ഗതിയില്ലാത്ത ആയിരക്കണക്കിന് അമ്മമാരാണ് അവിടുള്ളത്. നൂറിലധികം മനുഷ്യാവകാശ സംഘടനകളാണ് ഗാസയിലേക്ക് അടിയന്തരമായി ഭക്ഷണമെത്തിക്കണമെന്ന് പ്രസ്താനവയിലൂടെ ആവശ്യപ്പെട്ടത്. എന്നിട്ടും ഒരു ജനതയെ കൊടും പട്ടിണിക്കിട്ട്, ഇസ്രയേൽ ഉന്മൂലനം ചെയ്യുമ്പോൾ ട്രംപും ഭാര്യയും അത് കണ്ടില്ലെന്ന് നടിക്കുകയാണ്. ഉക്രൈനിലെ ഇല്ലാക്കഥ മെനയാനും, അതുവഴി ലോകശ്രദ്ധ നേടാനാണ് ട്രംപിന്റെ ഭാര്യയും ഇപ്പോൾ ശ്രമിക്കുന്നത്.