250 പിന്നിട്ട് മരണം; കണ്ടെത്താനുള്ളത് 200ലേറെ പേരെ, ബെയ്ലി പാലം ഇന്ന് പൂര്‍ത്തിയാകും
വയനാട്ടിലെ മുണ്ടക്കെ-ചൂരല്‍മല ഉരുള്‍ പൊട്ടലില്‍ 250ലേറെ മരണം. 276 പേർ മരിച്ചതായാണ് അനൗദ്യോഗിക വിവരം.
ഇതില്‍ 96 പേരെയാണ് തിരിച്ചറിഞ്ഞത്. കൂടുതല്‍ പേരെ തിരിച്ചറിഞ്ഞുവരികയാണ്. 240ഓളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത.
അതേസമയം, ദുരന്തഭൂമിയില്‍ മൂന്നാംദിനം രക്ഷാപ്രവർത്തനം സജീവമായി തുടരുകയാണ്. സൈന്യത്തിന്റെ നേതൃത്വത്തില്‍ താല്‍ക്കാലിക ബെയ്ലി പാലം നിർമാണം ഇന്നലെ രാത്രിയും തുടർന്നു. ഇന്ന് പാലം പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷ. 24 ടണ്‍ ഭാരം വഹിക്കാൻ ശേഷിയുള്ള പാലത്തിന്റെ നിർമാണം പൂർത്തിയാകുന്നതോടെ മുണ്ടക്കൈയിലേക്ക് രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ഭാരമേറിയ യന്ത്രസാമഗ്രികള്‍ എത്തിക്കാനാവും. ചൂരല്‍മല അങ്ങാടിയോട് ചേർന്നുള്ള കോണ്‍ക്രീറ്റ് പാലം മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുപോയതോടെയാണ് ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ ഒറ്റപ്പെട്ടത്.