ഒരു മൃതദേഹം സംസ്കരിക്കാൻ 75,000; വയനാട്ടിലെ കണക്കുകള്‍ പുറത്ത്
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ ഭാഗമായി നടന്ന രക്ഷാപ്രവർത്തനത്തിന്റെയും മറ്റും ചിലവ് കണക്കുകള്‍ പുറത്ത്.
ക്യാമ്ബിലെ വസ്ത്രങ്ങള്‍ക്ക് മാത്രം 11 കോടിയോളം രൂപ ചെലവഴിച്ചുവെന്നാണ് സൂചന. കൂടാതെ മൃതദേഹങ്ങള്‍ സംസ്കരിക്കാൻ ആകെ 2 കോടി 76 ലക്ഷം രൂപ മുടക്കിയെന്നും കണക്കുകളില്‍ പറയുന്നുണ്ട്. ആകെ 359 മൃതദേഹങ്ങളാണ് സംസ്കരിച്ചത്. അങ്ങനെ കൂട്ടുമ്ബോള്‍ ഒരു മൃതദേഹം സംസ്കരിക്കാൻ 75,000 രൂപയാണ് ചെലവായത്.
നിലവില്‍ ദുരിതബാധിതർക്ക് പ്രഖ്യാപിച്ചതിനേക്കാള്‍ തുക ചിലവായത് വളണ്ടിയർമാർക്ക് ആണെന്ന് കണക്കുകളില്‍ വ്യക്തമാണ്. വളണ്ടിയര്‍മാരുടെ വാഹന ചെലവിനും ഭക്ഷണത്തിനും മാത്രം 14 കോടിയോളം രൂപ ചിലവാക്കിയെന്ന് റിപ്പോർട്ടില്‍ പറയുന്നു. ഇതില്‍ തന്നെ വളണ്ടിയർമാരുടെ ഗതാഗത ചെലവ് മാത്രം 4 കോടി രൂപയോളം വരുമെന്നാണ് സർക്കാർ ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലം പരാമർശിച്ചുള്ള റിപ്പോർട്ട് വ്യക്തമാക്കുന്നത്.
ദുരിതാശ്വാസ ക്യാമ്ബുകളിലെ ജനറേറ്റർ ചെലവ് 7 കോടിയോളമാണെന്നും വളണ്ടിയേഴ്സിന് യൂസർ കിറ്റ് നല്കിയ വകയില്‍ ആകെ 2 കോടി 98 ലക്ഷം ചെലവായെന്നും റിപ്പോർട്ടില്‍ പറയുന്നു. മുണ്ടക്കൈ-ചൂരല്‍മല മേഖലകളെ തമ്മില്‍ ബന്ധിപ്പിക്കുവാനും ഇവിടേക്കുള്ള യാത്രയും രക്ഷാപ്രവർത്തനവും സുഗമമാക്കാനും കഴിഞ്ഞ സൈന്യം നിർമ്മിച്ച ബെയ്ലി പാലത്തിന്റെ ചിലവ് ഒരു കോടിയോളം രൂപയാണെന്നാണ് റിപ്പോർട്ടില്‍ പറയുന്നത്.
ഇന്ത്യൻ എയർ ഫോഴ്സിന് എയർ ലിഫ്റ്റിംഗ് ഹെലികോപ്റ്റർ ചാർജ്ജ് 17 കോടിയാണ്. ദുരിതബാധിതരെ ഒഴിപ്പിക്കാൻ വണ്ടികള്‍ ഉപയോഗിച്ച വകയില്‍ 12 കോടിയും ചിലവായി. മിലിട്ടറി-വളണ്ടിയർമാർ എന്നിവരുടെ താമസ സൗകര്യങ്ങള്‍ ഒരുക്കിയ വകയില്‍ 15 കോടിയും ഇവരുടെ ഭക്ഷണ, കുടിവെള്ള ആവശ്യങ്ങള്‍ക്ക് 10 കോടിയും മുടക്കിയിട്ടുണ്ട്. മേഖലയില്‍ പരിശോധനക്കായി എത്തിച്ച ഡ്രോണ്‍ റഡാർ വാടക വകയില്‍ 3 കോടി രൂപ ചിലവായി.
ദുരന്ത മേഖലയില്‍ പെട്ടെന്ന് തന്നെ രക്ഷാപ്രവർത്തനം സാധ്യമാക്കാനായി എത്തിച്ച ക്രെയിൻ, ജെസിബി, ഹിറ്റാച്ചി എന്നിവയുടെ ചിലവ് 15 കോടിയാണ്. ദുരിതാശ്വാസ ക്യാമ്ബിലെ വസ്ത്രങ്ങള്‍ക്ക് 11 കോടി മുടക്കിയതിന് പുറമേ അവിടുത്തെ ഭക്ഷണത്തിന് എട്ട് കോടിയോളം രൂപ വരെ ചിലവായിട്ടുണ്ട്. മെഡിക്കല്‍ പരിശോധനകള്‍ക്ക് മുടക്കിയത് എട്ട് കോടിയും, ഡിഎൻഎ പരിശോധനക്ക് മൂന്ന് കോടി രൂപ ചിലവഴിച്ചതായും റിപ്പോർട്ടില്‍ പറയുന്നു.