ബിജെപിക്ക് ജയിക്കേണ്ട, മത്സരിക്കാതെ മാറിനിന്ന് മുഖ്യ ശത്രുക്കളെ തോൽപ്പിക്കാൻ പദ്ധതി; കെ. മുരളീധരനേയും, മുഹമ്മദ് റിയാസിനേയും, വി.ഡി സതീശനേയും തോൽപ്പിച്ചിരിക്കും

ഇനി വരാൻ പോകുന്ന അടുത്ത വർഷത്തെ കേരളാ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപി പയറ്റുന്നത് പുതിയൊരു തന്ത്രം കൂടിയാണ്. മത്സരിച്ച് ജയിക്കുക എന്ന തന്ത്രം മാത്രമല്ല ഇപ്പോൾ ബിജെപിക്കുള്ളത്. മത്സരിക്കാതെ മാറിനിന്ന്, രാഷ്ട്രീയ ശത്രുക്കളെ തോല്‍പ്പിക്കണമെന്ന ഒരു തന്ത്രവും അവർ പ്ലാൻ ചെയ്യുന്നുണ്ട്. എന്നാൽ ഈ പ്ലാന്‍ ബി-യുടെ പിന്നില്‍ ആരായിരുന്നാലും, മത്സരിക്കാതെ മാറിനിന്നാൽ, പഴയ വോട്ട്കച്ചവട വിവാദം മടങ്ങി വരുമെന്ന ആശങ്കയും ഒരു വിഭാഗത്തിനുണ്ട്.
അടുത്ത ഇലക്ഷനിൽ വട്ടിയൂര്‍ക്കാവ്, ധര്‍മ്മടം, കൂത്തുപറമ്പ്, ബേപ്പൂര്‍, കളമശ്ശേരി, പറവൂര്‍, തൃപ്പൂണിത്തുറ, ഹരിപ്പാട്, അമ്പലപ്പുഴ തുടങ്ങിയ മണ്ഡലങ്ങളിലാണ് മത്സരിക്കാതെ വിട്ടുനിന്ന് രാഷ്ട്രീയശത്രുക്കളെ തോല്പിക്കാന് ബിജെപി പദ്ധതിയിടുന്നത്.
ഇനിയിപ്പോൾ ജയിച്ചില്ലെങ്കിലും കുഴപ്പമില്ല, ചിലരെ തോല്പ്പിക്കാതെ ഇനി മുന്നോട്ടില്ലെന്നാണ് ബിജെപി നേതൃത്വത്തിന്റെ നിലപാട്. ഇത്തരം നിലപാട് വരുന്നത് ആര്‍എസ്എസ് താല്പര്യം കൂടി കണക്കിലെടുത്താണ് എന്നാണ് റിപ്പോർട്ടുകൾ. കേരളത്തിലെ ബിജെപിയുടെ ഹിറ്റ്ലിസ്റ്റില് ഒന്നാമന് കെ. മുരളീധരന് ആണെന്നും പറയുന്നു. കേരളത്തില്‍ ബിജെപിക്കുണ്ടായിരുന്ന ഒരേയൊരു സീറ്റായ നേമത്തെ അക്കൗണ്ട് ‘പൂട്ടിച്ച’ ആളെന്ന നിലയിലാണ് കെ. മുരളീധരൻ ആര്‍എസ്എസിന്റെ മുഖ്യശത്രു ആകുന്നത്.
ബിജെപി ഏറെ വിജയസാധ്യത കല്പിച്ചിരുന്ന മണ്ഡലമായിരുന്നു നേമം. അവസാനനിമിഷം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അവിടേക്ക് മുരളിധരൻ എത്തിയതോടെ വലിയ തിരിച്ചടിയാണ് ബിജെപിക്കുണ്ടായത്. മണ്ഡലം വി. ശിവന്‍കുട്ടിക്ക് ലഭിക്കുകയും ചെയ്തു. ഇടത് മുന്നണിക്ക് 3 ശതമാനം വോട്ടുകൾ കുറഞ്ഞപ്പോൾ, ബിജെപിക്ക് 11 ശതമാനം വോട്ട് കുറഞ്ഞു. കോൺഗ്രസ് 15 ശതമാനം വോട്ടുകൾ വർധിപ്പിച്ച് ബിജെപിക്ക് സീറ്റ് നഷ്ടപ്പെടുത്തി. അതിനാല്‍ കെ. മുരളീധരന് എവിടെ മത്സരിച്ചാലും തോല്‍പ്പിക്കുമെന്ന പ്രതിജ്ഞയിലാണ് സംഘരിവാര്‍.
മുഖ്യമന്ത്രി പിണറായി വിജയന് മത്സരിക്കുന്ന മണ്ഡലമാണ് കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം. അതിനാല്‍ ധര്‍മ്മടത്ത് ബിജെപി മത്സരിക്കേണ്ടെന്നാണ് ഇപ്പോഴത്തെ ആലോചനയെന്നാണ് വിവരം. ജില്ലയിലെ മറ്റൊരു മണ്ഡലമായ കൂത്തുപറമ്പും ഹിറ്റ്ലിസ്റ്റിലാണ്. രാജ്യസഭാ എംപി സി. സദാനന്ദനെതിരായ അക്രമരാഷ്ട്രീയത്തിന് എല്‍ഡിഎഫിനോട് പകവീട്ടാനുള്ള അവസരം ഒരുക്കണമെന്ന ആലോചനയാണ് ഇവിടെ മത്സരിക്കാതെ പോരാടാന്‍ ബിജെപി ആലോചിക്കുന്നത്. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ ഇനി നിയമസഭ കാണിക്കരുതെന്ന രാഷ്ട്രീയ അജണ്ടയും ബിജെപിക്കുണ്ട്. റിയാസിനെതിരായ വോട്ട് ഭിന്നിക്കാതിരിക്കാന്‍ ബേപ്പൂരില്‍ മത്സരിക്കേണ്ടെന്ന ആര്‍എസ്എസ് ചിന്തയും ബിജെപി ഏറ്റെടുക്കാൻ സാധ്യതയുണ്ട്.
എറണാകുളം ജില്ലയിലെ കളമശ്ശേരി, പറവൂര്‍, തൃപ്പൂണിത്തുറ എന്നീ മണ്ഡലങ്ങളിലും മത്സരിക്കാതിരിക്കാന്‍ ബിജെപിക്ക് പദ്ധതിയുണ്ട്. ശക്തമായ ബിജെപി വിരുദ്ധ നിലപാടെടുക്കുന്ന മന്ത്രി പി. രാജീവ് വീണ്ടും കളമശ്ശേരിയില്‍ മത്സരിച്ചാല്‍ തേല്പ്പിക്കണമെന്നതും അജണ്ടയാണ്. ആര്‍എസ്എസിനെ ശത്രുവായി പ്രഖ്യാപിച്ച് നീങ്ങുന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ഹിറ്റ് ലിസ്റ്റിലുണ്ട്. ഹരിപ്പാട് രമേശ് ചെന്നിത്തലയെ തോല്‍പ്പിക്കണമെന്നും ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ട്. നേമത്ത് കോണ്‍ഗ്രസ് തോറ്റിട്ടും ബിജെപിയുടെ പരാജയത്തില്‍ സന്തോഷിച്ചതിലുള്ള പ്രതികാരമാണ് ഇതിന്റെ പിന്നിൽ.
എന്നാൽ ചില മണ്ഡലങ്ങളില്‍ മത്സരിക്കാതെ രാഷ്ട്രീയ എതിരാളികളെ തോല്‍പ്പിക്കാന്‍ ഒരു രാഷ്ട്രീയ തന്ത്രം പയറ്റണമെന്നത് സംസ്ഥാന നേതൃത്വത്തിന്റെ ആലോചന മാത്രമാണ്. അതുകൊണ്ട് തന്നെ ഈ തന്ത്രം സ്വീകരിച്ചാൽ, ബിജെപി വോട്ടുകച്ചവടം നടത്തിയെന്ന പഴയ അപവാദം വീണ്ടും ഉയർന്ന് വരും. അതിലം കണക്ക് കൂട്ടിയ ശേഷമാകും അവസാന തീരുമാനത്തിലേക്ക് എത്തുക. എന്നാലും കെ മുരളീധരന്റെ കാര്യത്തിൽ ഏകദേശ ധാരണ ആയെന്നാണ് സൂചനകൾ.