കോഴിക്കോടും കൊച്ചിയിലും പെട്രോൾ പമ്പുകളിൽ കവർച്ച
സംസ്ഥാനത്ത് ഒരേദിവസം രണ്ടിടങ്ങളിൽ പെട്രോൾ പമ്പുകളിൽ കവർച്ച. എറണാകുളത്തെ ചെറായിയിലും കോഴിക്കോട് കോട്ടൂളിയിലുമാണ് കവർച്ച നടന്നത്.
കോട്ടൂളിയിലെ പെട്രോള്‍ പമ്പില്‍ ഇന്നലെ അർധരാത്രിയോടെയാണ് കവർച്ച നടന്നത്. പെട്രോൾ പമ്പ് ജീവനക്കാരനെ കെട്ടിയിട്ട ശേഷം കൌണ്ടറിലുണ്ടായിരുന്ന അമ്പതിനായിരത്തോളം രൂപ മോഷ്ടിക്കുകയായിരുന്നു. മുഖമ്മൂടി ധരിച്ചെത്തിയ മോഷ്ടാവ് മുളകു പൊടി വിതറിയ ശേഷമായിരുന്നു ആക്രമണം നടത്തിയത്.
ജീവനക്കാരനെ ബന്ദിയാക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. മുഖം മറച്ച ഒരാള്‍ ജീവനക്കാരനെ മർദ്ദിച്ച് കെട്ടിയിടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.
എറണാകുളം ചെറായി ദേവസ്വംനടയിലെ രംഭാ ഓട്ടോ ഫ്യുവൽസിൽ പുലർച്ചെ 3 മണിക്ക് ശേഷമായിരുന്നു കവർച്ച നടന്നത്. പമ്പിൽ ഉണ്ടായിരുന്ന 1,30,000 രൂപയും മൊബൈൽ ഫോണും കവർന്നു. എറണാകുളം കോമ്പാറ സ്വദേശിയുടെ ഉടമസ്ഥതയിലാണ് പമ്പ്.
പമ്പിന്റെ മുൻ വാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാക്കൾ അകത്തു കയറിയത്. ഇന്നലത്തെ കളക്ഷൻ തുകയും രൂപയും മൊബൈൽ ഫോണുമായിരുന്നു പമ്പിൽ ഉണ്ടായിരുന്നത്. സംഭവത്തിൽ മുനമ്പം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷ്ടാക്കളുടെ സിസിടിവി ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്.