ഇസ്ളാം വിരുദ്ധത പച്ചക്ക് വിളിച്ച് പറയുന്ന കാസ; വർഗീയതയുടെ പുതിയ മുഖം..
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത ‘കാതല്‍’ എന്ന ചിത്രം കഴിഞ്ഞ ദിവസം തിയേറ്ററുകളിൽ എത്തിയിരുന്നു. ചിത്രത്തിന് വമ്പിച്ച വരവേല്‍പ്പാണ് പ്രേക്ഷകരില്‍ നിന്ന് ലഭിച്ചത്. നിറഞ്ഞ സദസില്‍ കയ്യടികളോടെയാണ് പ്രേക്ഷകര്‍ ഈ ചിത്രത്തെ വരവേറ്റത്. എന്നാല്‍, ഇപ്പോള്‍ ചിത്രത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് ക്രൈസ്തവ സംഘടനയായ കാസ.
കാസയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നത് ഇങ്ങനെയാണ്;
നന്ദിയുണ്ട് അഹമ്മദ് കുട്ടി , അങ്ങ് തന്നെ നിര്‍മ്മിച്ചു പുറത്തിറക്കിയിരിക്കുന്ന കാതല്‍ എന്ന ക്രിസ്ത്യൻ പശ്ചാത്തലത്തിലുള്ള ചിത്രത്തില്‍ രണ്ട് സ്വവര്‍ഗ അനുരാഗ കഥാപാത്രങ്ങളെ ക്രിസ്ത്യാനികള്‍ ആക്കിയെങ്കിലും അവരെ സണ്‍ഡേ സ്കൂള്‍ അധ്യാപകരാക്കി മാറ്റാതിരുന്നതിലും വിഷയം ചര്‍ച്ച ചെയ്യാൻ കുടുംബത്തിലെത്തുന്ന വൈദികനെ മദ്യപാനിയും ഈ സ്വവര്‍ഗ അനുരാഗ കമ്ബനിയുടെ ഭാഗമാക്കാതെ ഇരുന്നതിലും പെരുത്ത് നന്ദിയുണ്ട്. യുവതലമുറയെ സ്വാധീനിക്കുന്ന ഏറ്റവും വലിയ മാധ്യമമാണ് സിനിമ , അവരുടെ ഉപബോധ മനസ്സുകളിലേക്ക് സ്വന്തം സമുദായത്തെക്കുറിച്ചും വിശ്വാസങ്ങളെക്കുറിച്ചും സ്വന്തം സംസ്കാരത്തെക്കുറിച്ചും അവമതിപ്പ് സൃഷ്ടിച്ച അപകര്‍ഷതാബോധത്തില്‍ മുക്കുക എന്നുള്ളതാണ് പുറത്തുവരുന്ന ഇത്തരം ചിത്രങ്ങളുടെ ലക്ഷ്യം . അത്തരത്തില്‍ വന്ന ഏറ്റവും വലിയ ക്രൈസ്തവവിരുദ്ധ മലയാള ചിത്രമായിരുന്നു മമ്മൂട്ടി നായകനായ ഭീഷ്മപര്‍വ്വം. അതിനുശേഷം വീണ്ടും ഇതാ ഗൂഢ ലക്ഷ്യത്തോടെ ഒരു ക്രൈസ്തവ പശ്ചാത്തലത്തിലുള്ള ചിത്രം ” കാതല്‍ ” .
കേന്ദ്ര കഥാപാത്രമായ നായകൻ സ്വവര്‍ഗ്ഗ ഭോഗിയായ ക്രിസ്ത്യാനി, നായകൻറെ സ്വവര്‍ഗ ഭോഗിയായ സുഹൃത്ത് അതും ക്രിസ്ത്യാനി. സ്വവര്‍ഗ അനുരാഗം മൂലം കുടുംബത്തില്‍ ഉണ്ടാകുന്ന പ്രശ്നങ്ങള്‍ പറഞ്ഞു തീര്‍ക്കാൻ എത്തുന്നതാകട്ടെ ഒരു വൈദികൻ, ഈ വൈദികൻ ആകട്ടെ പലതവണ നേരിട്ട് അല്ലാതെ സ്വവര്‍ഗ അനുരാഗത്തെ ന്യായീകരിക്കാനും തൻറെ വാക്കുകളില്‍ ശ്രമിക്കുന്നുണ്ട്. സിനിമയുടെ കഥ വായിച്ച് കേള്‍ക്കുന്ന പതിവ് താങ്കള്‍ക്ക് ഉള്ള സ്ഥിതിക്ക് സിനിമയെ കുറിച്ചുള്ള ചര്‍ച്ചകള്‍ നടക്കുമ്ബോള്‍ ഒരിക്കലെങ്കിലും താങ്കളുടെ മനസ്സിലേക്ക് കേരളത്തില്‍ ആഴ്ചയില്‍ രണ്ടും മൂന്നും വരുന്ന വാര്‍ത്തകള്‍ വന്നിട്ടില്ല എന്ന് മാത്രം പറയരുത്. കാരണം താങ്കളും സംവിധായകൻ ജിയോ ബേബിയും ഒന്നും മാനത്ത് നിന്നും പൊട്ടി വീണവര്‍ അല്ലല്ലോ ഈ കേരളത്തില്‍ തന്നെ ജീവിക്കുന്നവരല്ലേ. പിന്നെ ഒന്നും മനസ്സിലാകാത്ത മണ്ടന്മാരാണ് ഞങ്ങള്‍ എന്നു മാത്രം അങ്ങും കൂടെയുള്ളവരും ധരിക്കരുത്. ഈ സിനിമ കണ്ട ശേഷം ട്രെൻഡിനൊപ്പം എന്നു പറഞ്ഞ് പഴയതുപോലെ ഇറങ്ങരുത് , സംഗതി അസന്മാര്‍ഗികമാണ് എന്ന് പറഞ്ഞു കൊണ്ടാണ് ആ പോസ്റ്റ് അവസാനിക്കുന്നത്.
ക്രിസ്ത്യൻ അസോസിയേഷൻ ആൻഡ് അലയൻസ് ഫോർ സോഷ്യൽ ആക്ഷൻ..അതാണ് ഈ കാസ എന്ന് പറയുന്ന സാധനം. മണിപ്പൂരിലും മറ്റ് പലയിടത്തും ക്രിസ്ത്യൻ പള്ളികൾ ആക്രമിക്കപ്പെട്ടപ്പോൾ, ക്രിസ്റ്റിയാനികൾ കൊല ചെയ്യപ്പെട്ടപ്പോൾ കാസ ഒരക്ഷരം പോലും മിണ്ടിയില്ല. മമ്മൂട്ടിയുടെ മാത്യൂസിനേക്കാളും ശ്രദ്ധ നേടിയ കഥാപാത്രമാണ് മുംബൈ പോലീസ് എന്ന സിനിമയിലെ പൃഥ്വിരാജിന്റെ ആന്റണി മോസസ്. സ്വവർഗ അനുരാഗം കുറേക്കൂടി തുറന്ന് കാണിച്ച സിനിമയാണ് അത്. അപ്പോളും കാസ മിണ്ടിയില്ല. മുഹമ്മദ് കുട്ടി ഇസ്മായിൽ പാണപ്പറമ്പിൽ എന്ന മമ്മൂട്ടിയെ, അഹമ്മദ്കുട്ടി എന്നാണ് ഈ തലയ്ക്ക് വെളിവില്ലാത്ത കാസ സംബോധന ചെയ്തിരിക്കുന്നത്. ഏതെങ്കിലും ഒരു മുസ്ലിം പേര് പറയണം എന്നേയുള്ളൂ അവർക്ക്. കാതൽ എന്ന സിനിമക്കെതിരെ സംഘപരിവാർ തുടങ്ങി വെച്ച മുറുമുറുപ്പ് കാസ ഏറ്റെടുത്തിരിക്കുന്നു, അത്രേയുള്ളൂ.
സിനിമ എന്നത് സംവിധായകന്റെ ആശയമാണ്, പിന്നെ അതിൻറെ കഥ എഴുതുന്നവരുടെയും. ഇവിടെ സംവിധായകൻ ജിയോ ബേബി ആണ്. സിനിമക്കായി എഴുതിയ ഒരാൾ പോൾസൺ സ്കറിയ ആണ്. അതൊന്നും കാസക്ക് വലിയ വിഷയമല്ല. മമ്മൂട്ടിയെയും, അതുവഴി മൊത്തം മുസ്ലീങ്ങളെയും അധിക്ഷേപിക്കുക എന്നൊരു അജണ്ട മാത്രമാണ് അവർക്കുള്ളത്.
ഇന്നാട്ടിലെ വര്‍ഗീയവാദികളല്ലാത്ത എല്ലാ മനുഷ്യരും, പ്രത്യേകിച്ച് ക്രിസ്ത്യന്‍ വിശ്വാസികള്‍ ‘കാസ’ എന്ന വര്‍ഗീയ വിഷത്തെ ഇപ്പോഴെങ്കിലും പടിയടച്ച് പുറത്താക്കാന്‍ തയ്യാറാകണം. സംഘികളുടെ കഞ്ഞി കുടിച്ച് ജീവിക്കുന്ന ‘കാസ’, മമ്മൂട്ടിയെ അഹമ്മദ് കുട്ടി എന്ന് വിളിക്കുന്നതിലൂടെ കൃത്യമായ വർഗീയതയാണ് വിളമ്പുന്നത്. മറ്റുള്ള സംഘടനകൾ എല്ലാം തന്നെ ഔദ്യോഗികമായി കാസയെ പ്രസ്താവനയിലൂടെ നിഷേധിക്കുകയാണ് വേണ്ടത്. ഈ നാട്ടില്‍ ജനാധിപത്യവും മതസ്വാതന്ത്ര്യവും നിലനിൽക്കാൻ അത്യാവശ്യമായ ഒരു കാര്യമാണ് അത്. കേരളത്തിലെ മറ്റുള്ള വർഗീയവാദി സംഘടനകളെഎല്ലാം കടത്തി വെട്ടി കാസ മുന്നോട്ട് കുതിക്കുകയാണ്. കളമശ്ശേരി സ്ഫോടനവിഷയത്തിൽ സോഷ്യൽ മീഡിയയിൽ കാസ നടത്തിയ പ്രസ്താവനകൾ അത് തന്നെയാണ് സൂചിപ്പിക്കുന്നത്.