ഡ്രൈ ഡേയാണ് കേരളത്തിലെ പ്രധാന പ്രശ്നം, ഹൈവാല്യു ടൂറിസ്റ്റുകള്‍ വരുന്നില്ല-ബിജു പ്രഭാകര്‍
എല്ലാ മാസവും ഒന്നാം തീയതി മദ്യശാലകള്‍ അടച്ചിട്ടാല്‍ കേരളത്തിലേയ്ക്ക് എങ്ങനെയാണ് ഹൈ വാല്യൂ ടൂറിസ്റ്റുകള്‍ എത്തുകയെന്ന് ഏവിയേഷന്റെ ചുമതലയുള്ള ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ.
ഡ്രൈ ഡേ എന്തിനാണെന്ന് മനസിലാകുന്നില്ല. സർക്കാർ ഇതിനെ എതിർക്കാൻ ശ്രമിക്കുമ്ബോള്‍ കുറെ എതിർപ്പുകള്‍ വരികയാണ്. കൊച്ചിയിലേയ്ക്ക് വിദേശ പായ്വഞ്ചി സഞ്ചാരികള്‍ എത്താത്തതും ഇത്തരം സൗകര്യമില്ലാത്ത കൊണ്ടാണെന്നും ബിജു പ്രഭാകർ പറഞ്ഞു.
ഹൈ വാല്യൂ ടൂറിസ്റ്റുകളെ കൊണ്ടുവരണം. അത് ഒരു സുപ്രഭാതത്തില്‍ നടക്കില്ല. അതിനായി കാമ്ബയിൻ ആവശ്യമുണ്ട്. പല ആളുകള്‍ ജയ്പ്പുർ, ജോധ്പുർ എന്നിവിടങ്ങളില്‍ ഡെസ്റ്റിനേഷൻ വെഡ്ഡിങ് എന്നിങ്ങനെയൊക്കെ പോകുമ്ബോള്‍ നമ്മളും അത്തരം സ്കീമുകള്‍ കൊണ്ടുവരണമെന്ന് ബിജു പ്രഭാകർ പറയുന്നു.
ഇവിടുത്തെ പ്രധാനപ്രശ്നം ഒന്നാം തീയതി ബാറടയ്ക്കുന്നു എന്നതാണ്. അത് മാറ്റിയേ തീരൂ. ഒന്നാം തീയതി കല്യാണമോ മറ്റു പരിപാടികളോ വെക്കുകയാണെങ്കില്‍ ഒന്നിനും പറ്റില്ലെന്ന് പറയുന്നത് ഹോട്ടല്കാർക്ക് വലിയ ബുദ്ധിമുട്ടാണ്. ഇതു മാറ്റാൻ ടൂറിസം വകുപ്പ് നിരന്തരമായി ആവശ്യപ്പെടുകയാണ്-അദ്ദേഹം പറഞ്ഞു.