പുനലൂര്‍-ചെങ്കോട്ട പാതയിലും വൈദ്യുത തീവണ്ടി; ആദ്യവണ്ടി പാലരുവി എക്സ്പ്രസ്
വർഷങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ പുനലൂർ-ചെങ്കോട്ട പാതയും വൈദ്യുത തീവണ്ടികള്‍ക്ക് വഴിമാറി.
ഞായറാഴ്ച പുലർച്ചെ തിരുനെല്‍വേലിയില്‍നിന്ന് പാലക്കാട്ടേക്കുപോയ ‘പാലരുവി എക്സ്പ്രസ്’ പാതയിലെ ആദ്യ വൈദ്യുത യാത്രാവണ്ടിയായി. ഇതോടെ തിരുവിതാംകൂറിലെ ആദ്യത്തെ തീവണ്ടിപ്പാതയായ കൊല്ലം-ചെങ്കോട്ട പാത പൂർണമായും വൈദ്യുത വണ്ടികള്‍ക്ക് വഴിയൊരുക്കിക്കഴിഞ്ഞു. അതുവഴി 761 കിലോമീറ്റർ നീളുന്ന കൊല്ലം-ചെന്നൈ പാതയും പൂർണമായും വൈദ്യുത പാതയായി.
പുനലൂർ-ചെങ്കോട്ട സെക്ഷനില്‍ ഓടുന്ന നാല് സർവീസുകളില്‍ ‘വേളങ്കണ്ണി’യൊഴികെ ചെന്നൈ, പാലരുവി, മധുര-ഗുരുവായൂർ എക്സ്പ്രസുകള്‍ ഇനി വൈദ്യുത എൻജിനുകളുമായി ഓടും. കാരക്കുടിയില്‍നിന്ന് തിരുവാരൂർവരെ 149 കിലോമീറ്റർ നീളുന്ന പാത വൈദ്യുതീകരിച്ചിട്ടില്ലാത്തിനാല് എറണാകുളത്തുനിന്ന് വേളാങ്കണ്ണിയിലേക്കുള്ള പ്രതിവാര എക്സ്പ്രസ് ഡീസല്‍ എൻജിനില്‍ തുടരും.
രണ്ടാഴ്ചമുൻപ് ചെങ്കോട്ടയിലെ 110 കെ.വി. ട്രാക്ഷൻ സബ്സ്റ്റേഷൻ പ്രവർത്തനസജ്ജമായതോടെയാണ് 49 കിലോമീറ്റർ നീളുന്ന പുനലൂർ-ചെങ്കോട്ട സെക്ഷനിലും വൈദ്യുത വണ്ടി ഓടിക്കാൻ ദക്ഷിണ റെയില്‍വേ നടപടിയെടുത്തത്. ചെങ്കോട്ടയില്‍നിന്നുള്ള വൈദ്യുതി പുനലൂരില്വരെ എത്തിച്ചാണ് സെക്ഷനില്‍ വണ്ടിയോടിക്കുന്നത്. ഒരുവർഷംമുൻപ് വൈദ്യുതീകരിച്ച, 45 കിലോമീറ്റർ നീളുന്ന കൊല്ലം-പുനലൂർ സെക്ഷനില്‍ പെരിനാട് സബ്സ്റ്റേഷനില്‍നിന്നുള്ള വൈദ്യുതി ലഭ്യമാക്കിയാണ് വണ്ടികള്‍ ഓടുന്നത്.