11,600 നര്‍ത്തകര്‍; മെഗാ ഭരതനാട്യം ഗിന്നസ് റെക്കോര്‍ഡില്‍
കലൂര്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ 11,600 പേര് ചേര്‍ന്ന് അവതരിപ്പിച്ച ഭരതനാട്യം ലോക റെക്കോര്‍ഡിലേക്ക്. ”മൃദംഗനാദം” സംഘടിപ്പിച്ച പരിപാടിക്ക് ഗിന്നസ് അധികൃതര്‍ റെക്കോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൈമാറി. ചലച്ചിത്ര സീരിയല്‍ താരങ്ങളായ ദേവീചന്ദന, ഉത്തര ഉണ്ണി, വിദ്യ ഉണ്ണി, ഋതുമന്ത്ര, പാരിസ് ലക്ഷ്മി തുടങ്ങിയവര്‍ നൃത്തത്തില്‍ പങ്കെടുത്തു. ഈ പരിപാടി കാണാനെത്തിയപ്പോഴാണ് ഉമ തോമസ് എംഎൽഎ ഗാലറിയിൽ നിന്ന് വീണ് ഗുരുതരമായി പരിക്കേറ്റത്.
കൈതപ്രം ദാമോദരന്‍ നമ്പൂതിരിയുടെ വരികള്‍ക്ക് ദീപാങ്കുരന് സംഗീതം നല്കി പിന്നണി ഗായകന് അനൂപ് ശങ്കര്‍ ആലപിച്ച ഗാനത്തിന് അനുസൃതമായാണ് ഭരതനാട്യം അവതരിപ്പിച്ചത്. 10,176 നര്‍ത്തകരുടെ ഭരതനാട്യം അവതരണത്തിനായിരുന്നു ഇതുവരെ ഉണ്ടായിരുന്ന റെക്കോര്‍ഡ്. എട്ടു മിനിറ്റ് നീണ്ട റെക്കോര്‍ഡ് ഭരതനാട്യം മന്ത്രി സജി ചെറിയാനാണ് ഉദ്ഘാടനം ചെയ്തത്. ഗോകുല്‍ ഗോപകുമാറും സംഘവും ഗാനങ്ങള്‍ അവതരിപ്പിച്ചു.
കേരളത്തിന് പുറമെ, വിവിധ സംസ്ഥാനങ്ങളില്‍ നിന്നും ഗള്‍ഫ് രാജ്യങ്ങള്‍, അമേരിക്ക, ബ്രിട്ടന്, കാനഡ, തുടങ്ങിയ വിദേശരാജ്യങ്ങളില്‍ നിന്നുമുള്ള നര്‍ത്തകര്‍ പരിപാടിയില്‍ പങ്കെടുത്തു. കല്യാണ്‍ സില്‍ക്സിന്റെ നെയ്ത്തുഗ്രാമങ്ങളില്‍ ഡിസൈന്‍ ചെയ്ത നീല നിറത്തിലുള്ള ആര്‍ട്ട് സില്‍ക്ക് സാരി ധരിച്ചാണ് നര്‍ത്തകര്‍ പ്രോഗ്രാം അവതരിപ്പിച്ചത്.