കടുവക്ക് അന്തിമവിധി; കുറുവച്ചനെന്ന പേര് മാറ്റണമെന്ന് സെൻസർ ബോർഡ്
‘കടുവ’ ചിത്രത്തിന്റെ നിയമപോരാട്ടത്തിൽ അന്തിമവിധിയുമായി സെൻസർ ബോർഡ്. പൃഥ്വിരാജിന്റെ കഥാപാത്രത്തിന്റെ പേരായി ഉപയോഗിച്ചിരുന്ന കടുവാക്കുന്നേൽ കുറുവച്ചൻ’ എന്നതിനു പകരം മറ്റൊരു പേര് ഉപയോഗിക്കാനാണ് സെൻസര്‍ ബോർഡിന്റെ നിർദേശം. കടുവ എന്ന സിനിമയിൽ, പരാതിക്കാരനായ കുരുവിനാക്കുന്നേൽ കുറുവച്ചന്റെ ജീവിതത്തിന്റെ യഥാർഥ ചിത്രീകരണമാണെന്നു പറയാൻ കഴിയില്ലെന്നും പരാതിക്കാരനെ മോശമായി ചിത്രീകരിക്കുന്നതൊന്നും ‘കടുവ’ എന്ന ചിത്രത്തിൽ ഇല്ലെന്നും സെൻസർ ബോർഡ് ഉത്തരവിൽ പറയുന്നു. കൂടാതെ സിനിമയിൽനിന്ന് ഒരു രംഗം പോലും ഒഴിവാക്കിയില്ലെന്നും സെൻസര്‍ ബോർഡിന് കാണാൻ കൊടുത്ത അതേ കോപ്പി തന്നെയാണ് തിയറ്ററുകളിലും റിലീസ് ചെയ്യുന്നതെന്നും കടുവയുടെ തിരക്കഥാകൃത്ത് ജിനു ഏബ്രഹാം പറഞ്ഞു.
സെൻസറിംഗ് പൂർത്തിയാക്കിയ ചിത്രത്തിന് യു/ എ സർട്ടിഫിക്കേഷൻ ആണ് ലഭിച്ചിരിക്കുന്നത്. റിലീസ് തീയതിയിൽ അന്തിമ തീരുമാനമായതോടെ അഡ്വാൻസ് റിസർവേഷനും ആരംഭിച്ചിട്ടുണ്ട്.
ജോസ് കുരുവിനാക്കുന്നേൽ എന്ന കുറുവച്ചൻ നൽകിയ പരാതിയെത്തുടർന്നാണ് ചിത്രത്തിന്റെ റിലീസിംഗിൽ അനിശ്ചിതത്വം നേരിട്ടത്. പരാതി പരിശോധിക്കാൻ സെൻസർ ബോർഡിന് ഹൈക്കോടതി സിംഗിൾ ബഞ്ച് നിർദ്ദേശം നൽകിയിരുന്നു. സിനിമ തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും തന്നെയും കുടുംബത്തേയും അവഹേളിക്കുന്ന രംഗങ്ങൾ സിനിമയിലുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പരാതി. ഇത് പരിശോധിക്കുന്നതിനായിട്ടാണ് ഹൈക്കോടതി സിംഗിൾ ബഞ്ച് സെൻസർ ബോർഡിന് നിർദ്ദേശം നൽകിയത്.
നീണ്ട എട്ടു വർഷത്തിന് ശേഷമുള്ള ഷാജി കൈലാസിൻറെ തിരിച്ചുവരവ് ചിത്രമാണ് ഇത് . എന്നാൽ കടുവയുടെ ഷെഡ്യൂൾ ബ്രേക്കിനിടെ മോഹൻലാലിനെ നായകനാക്കി ‘എലോൺ’ എന്ന ചിത്രം ഷാജി പ്രഖ്യാപിക്കുകയും ചിത്രീകരണം പൂർത്തിയാക്കുകയും ചെയ്തു. എന്നാൽ കടുവയാണ് ആദ്യം റിലീസായി എത്തുന്നത്. എലോൺ ഡയറക്ട് ഒടിടി റിലീസ് ആയിരിക്കുമെന്നാണ് സൂചന. ഏപ്രിൽ പകുതിയോടെ ചിത്രീകരണം തുടങ്ങിയ ചിത്രം കൊവിഡ് രണ്ടാം തരംഗത്തെ തുടർന്ന് രണ്ടാം ആഴ്ച ചിത്രീകരണം നിർത്തിവച്ചിരുന്നു. പിന്നീട് മോഹൻലാൽ ചിത്രം എലോൺ പൂർത്തിയാക്കിയതിനു ശേഷമാണ് ഷാജി കൈലാസ് കടുവയുടെ രണ്ടാം ഷെഡ്യൂൾ ആരംഭിച്ചത്.
Content Highlighs: Final Judgment , Kaduva, Movie, Censor Board,name, Kuruvachan,