കാട്ടാന ചവിട്ടിക്കൊന്ന എല്‍ദോസിന്റെ കുടുംബത്തിന് സര്‍ക്കാര്‍ 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്കി
എറണാകുളം കോതമംഗലത്തിന് സമീപം കുട്ടമ്പുഴയില്‍ ക്ണാച്ചേരി സ്വദേശി എല്‍ദോസ് എന്ന യുവാവ് കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ച സംഭവത്തില്‍ നാട്ടുകാരുടെ ആവശ്യങ്ങളില്‍ ഉറപ്പ് നല്കി ജില്ലാ കളക്ടര്‍. ഇതോടെ എട്ടുമണിക്കൂറിലധികം നീണ്ട പ്രതിഷേധം നാട്ടുകാര്‍ അവസാനിപ്പിച്ചു.
നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങളില്‍ കളക്ടര്‍ എന്‍ എസ് കെ ഉമേഷ് ഉറപ്പ് നല്‍കിയതോടെയാണ് നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചത്. അടിയന്തര സഹായമായി എല്‍ദോസിന്റെ കുടുംബത്തിന് പത്തുലക്ഷം രൂപയുടെ ചെക്ക് കളക്ടര്‍ കൈമാറി.
തൃശൂരില്‍ സെക്യൂരിറ്റി ഉദ്യോഗസ്ഥനായി ജോലി ചെയ്യുകയായിരുന്ന എല്‍ദോസ് തിങ്കളാഴ്ച രാത്രി എട്ടര മണിയോടെ ജോലി കഴിഞ്ഞ് വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കെഎസ്ആര്‍ടിസി ബസിറങ്ങി വീട്ടിലേയ്ക്ക് നടക്കുകയായിരുന്നു യുവാവ്. വഴിവിളക്കുകള്‍ ഇല്ലാതിരുന്നതിനാല്‍ കൂരിരുട്ടില്‍ കാട്ടാന നില്‍ക്കുന്നത് എല്‍ദോസിന് കാണാന്‍ കഴിഞ്ഞില്ല. എല്‍ദോസിനെ മരത്തിലടിച്ച് കൊലപ്പെടുത്തയതിനുശേഷം കാട്ടാന വഴിയില്‍ എറിയുകയായിരുന്നു. ആനയുടെ ചവിട്ടേറ്റ നിലയില്‍ യുവാവിന്റെ മൃതദേഹം റോഡരികില്‍ നിന്നാണ് ലഭിച്ചത്.
സംഭവത്തെത്തുടര്‍ന്ന് നാട്ടുകാര്‍ വലിയ രീതിയില്‍ പ്രതിഷേധിച്ചതോടെ പ്രദേശത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. നാട്ടുകാരുടെ ആവശ്യപ്രകാരം ട്രഞ്ചുകളുടെ നിര്‍മാണം ഇന്ന് തുടങ്ങും.