ബ്രാഹ്മണൻ ആകുന്നതും, എഴുന്നേറ്റ് നിൽക്കുന്നതും അശ്ളീലമാണോ?? പഴയ പീഡനപരാതികൾ കമൽ മറന്നോ??
സിനിമാനടനും ബിജെപി നേതാവുമായ സുരേഷ്ഗോപിയെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ കമൽ. അടുത്ത ജന്മത്തിൽ ബ്രാഹ്മണനായി ജനിക്കണമെന്ന് പറഞ്ഞ സുരേഷ് ഗോപി ലജ്ജിപ്പിക്കുന്ന കലാകാരനായി മാറിയെന്ന് സംവിധായകൻ കമൽ പറയുന്നു. സുരേഷ് ഗോപിയെ നയിക്കുന്നത് സവർണബോധമാണെന്നും അദ്ദേഹം പറഞ്ഞു. ‘എന്റെ സഹപ്രവർത്തകനായ, ഈ കൊല്ലത്തുകാരനായ, വലിയ നടൻ പറഞ്ഞതെന്താണ്? അടുത്ത ജന്മത്തിൽ എനിക്ക് ബ്രാഹ്മണനായി ജനിക്കണമെന്ന്. ഇന്ത്യയുടെ പേര് ഭാരത് എന്നാക്കണമെന്ന് നിർദേശിച്ച ആ മനുഷ്യനേപ്പോലെ തന്നെ അശ്ലീലമായും ലജ്ജിക്കേണ്ട കലാകാരനായും എന്റെ സുഹൃത്ത് മാറിയതിൽ നമുക്ക് ലജ്ജയുണ്ട്. അദ്ദേഹത്തെ നയിക്കുന്നത് സവർണബോധമാണ്. സ്വന്തം മാതാവിനെയും പിതാവിനെയും കുടുംബത്തെയും തള്ളിപ്പറയുകയാണ് എന്നുപോലും മറന്നുകൊണ്ട്, അദ്ദേഹത്തിന്റെ അപരമതവിദ്വേഷമോ അപര ജാതിയോടുള്ള വിദ്വേഷമോ വ്യക്തമായി ക്കഴിഞ്ഞു.
ഒരുപക്ഷേ, നടൻ ഭീമൻ രഘുവിനെപ്പോലെ അദ്ദേഹം കെെയുംകെട്ടി എഴുന്നേറ്റു നിൽക്കും, ഭക്തി കാണിക്കും. പിണറായി വിജയന്റെ മുൻപിൽ ഇങ്ങനെ ഭക്തി കാണിക്കുന്നതു ശരിയല്ല, അത് അശ്ലീലമാണെന്ന് ഭീമൻ രഘുവിനു മനസ്സിലായിട്ടില്ല. കാരണം അദ്ദേഹം ഏറെക്കാലം സംഘപരിവർ പാളയത്തിലായിരുന്നു. സിനിമാക്കാർ എന്ന രീതിയിൽ നമ്മളൊക്കെ ലജ്ജിക്കുകയാണ് ഭീമൻ രഘുവിന്റെ നിൽപ്പ് കാണുമ്പോൾ. നമ്മുടെ കലാകാരന്മാരുടെ ഇത്തരം ചില അഭിപ്രായ പ്രകടനങ്ങൾ കാണുമ്പോൾ ലജ്ജ തോന്നുകയാണ്. കാരണം ഇവർക്ക് ഈ രാഷ്ട്രീയ വിദ്യാഭ്യാസം ഏതു രീതിയിലാണു കിട്ടുന്നത് എന്ന് ആലോചിക്കുകയാണ്. ഇതല്ല നമ്മുടെ ഇന്ത്യയെന്ന് പുതിയ തലമുറ മനസ്സിലാക്കണം. നമ്മൾ സ്വപ്നം കണ്ടിരുന്നൊരു ഇന്ത്യയുണ്ട്. ഗാന്ധിജിയും അംബേദ്കറും നെഹ്റുവുമൊക്കെ നമുക്ക് സംഭാവന ചെയ്തത ഒരു ഇന്ത്യയുണ്ട്. അത് കാത്തുസൂക്ഷിക്കേണ്ട വലിയ ഉത്തരവാദിത്തം നമുക്കുണ്ടെന്നതാണ് സത്യം’, ഇതാണ് കമൽ പറഞ്ഞത്.
വേഗം മരിച്ച് അടുത്ത ജന്മത്തിൽ തന്ത്രി കുടുംബത്തിൽ ജനിക്കണമെന്നും അയ്യനെ കെട്ടിപ്പിടിച്ചു തഴുകണമെന്നുമാണ് തന്റെ ആഗ്രഹമെന്ന് നേരത്തെ സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇതൊക്കെ സുരേഷ്ഗോപി പറയുന്നത് ഒരു രാഷ്ട്രീയക്കാരൻ ആയിട്ടാണ്. അദ്ദേഹം ബിജെപിയിൽ സജീവമായതിന് ശേഷമാണ് ഇത്തരം ആഗ്രഹങ്ങൾ പറയുന്നത്. കോൺഗ്രസിലേക്ക് ആയിരുന്നു അദ്ദേഹത്തിന്റെ നോട്ടം. പക്ഷെ നേതാക്കൾ അദ്ദേഹത്തെ അംഗീകരിക്കില്ല എന്ന് ഉറപ്പായത് കൊണ്ട് പോയില്ല എന്നേയുള്ളൂ. ഇപ്പോൾ സുരേഷ് ഗോപി പറയുന്ന അഭിപ്രായങ്ങളും ആഗ്രഹങ്ങളും ഒരു സംഘപരിവാർ ചിന്താഗതി ഉള്ള ആളുടെയാണ്. അദ്ദേഹത്തെ ഇനിയും നടൻ എന്ന ലേബലിൽ മാത്രം കാണേണ്ട ആവശ്യമില്ല. ഭീമൻ രഘു മുഖ്യമന്ത്രി പ്രസംഗിച്ച് തീരും വരെ എണീറ്റ് നിന്നത് സിനിമാനടൻ എന്ന നിലയിൽ അല്ല. അദ്ദേഹം സിപിഎമ്മിലേക്ക് വന്നത് കൊണ്ട് മാത്രമാണ് അങ്ങനെയൊരു പരിപാടി കാണിച്ചത്. അത് വലിയൊരു കോമാളിത്തരം ആയിപ്പോയെന്ന് അയാൾക്ക് മനസ്സിലായി. അതുകൊണ്ടാണ് അടുത്ത ഒരു പരിപാടിയിൽ മുഖ്യമന്ത്രി സംസാരിച്ചപ്പോൾ ഭീമൻ രഘു കസേരയിൽ തന്നെ നന്നായി ഉറച്ചിരുന്നത്.
കമൽ പറഞ്ഞ അഭിപ്രായം ശരിയാണ്, ഇവർ ചെയ്തത് ഒരു മോശം കാര്യം തന്നെയാണ്. പക്ഷെ ഇവർ രണ്ടുപേരും സിനിമക്കാരായത് കൊണ്ട് ലജ്ജ തോന്നേണ്ട കാര്യമൊന്നും കമലിനില്ല. അവർ ചെയ്ത ഈ രണ്ടു കാര്യങ്ങളും സിനിമയിൽ എന്തെങ്കിലും നേട്ടം ഉണ്ടാക്കാൻ വേണ്ടിയല്ല എന്നത് വളരെ വ്യക്തമായ കാര്യമാണ്. രാഷ്ട്രീയപരമായ നേട്ടം തന്നെയാണ് അവരുടെ ലക്ഷ്യം.
ഈ പറഞ്ഞ കമലിനെതിരെ മൂന്ന് വര്ഷം മുൻപ് ഒരു മീ ടൂ വെളിപ്പെടുത്തൽ ഉണ്ടായിട്ടുണ്ട്. നായികയാക്കാമെന്ന് പറഞ്ഞ് കമൽ തന്നെ പീഡിപ്പിച്ചുവെന്നാണ് ഒരു യുവനടിയുടെ വെളിപ്പെടുത്തൽ. കമൽ തന്നോട് മാപ്പ് പറയണമെന്നും നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ട് നടി വക്കീൽ നോട്ടീസ് അയച്ചതായും വാർത്തകൾ ഉണ്ടായിരുന്നു. പ്രണയമീനുകളുടെ കടൽ എന്ന സിനിമയിലെ നായിക വേഷം വാഗ്ദാനം ചെയ്താണ് തന്നെ ഫ്ലാറ്റിൽ വച്ച് പീഡിപ്പിച്ചതെന്നാണ് മോഡൽ കൂടിയായ നടിയുടെ പരാതി. ഔദ്യോഗിക വസതിയിലും പീഡനം നടന്നതായി യുവതി വക്കീൽ നോട്ടീസിൽ പറയുന്നു. കമൽ സംവിധാനം ചെയ്ത ആമി എന്ന സിനിമയുടെ ചിത്രീകരണത്തിനിടയിലും ലൈംഗിക ചൂഷണം നടന്നുവെന്നും ആരോപണമുണ്ട്. കമലിനെതിരെ മുമ്പും ഇത്തരം ആരോപണം ഉയർന്നിട്ടുണ്ടെന്ന് നിർമ്മാതാവ് കണ്ണൻ പെരുമുടിയൂരും പറയുന്നു. താൻ നിർമിച്ച് കമൽ സംവിധാനം ചെയ്ത ഈ പുഴയും കടന്ന് എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ചില സ്ത്രീകൾ കമലിനെതിരെ പരാതി ഉന്നയിച്ചുവെന്ന് അദ്ദേഹം പറയുന്നു.
സുരേഷ് ഗോപിയുടെയും ഭീമൻ രഘുവിന്റെയും പ്രവർത്തികൾ അശ്ലീലമാണെന്ന് മൈക്കിലൂടെ വിളിച്ചു പറയും മുൻപ് ഇക്കാര്യങ്ങൾ കൂടി മുൻ ചലച്ചിത്ര അക്കാദമി ചെയർമാനായ കമൽ ഓർക്കേണ്ടതുണ്ട്. സുരേഷ്ഗോപിയും ഭീമൻ രഘുവും കാണിച്ചതും പറഞ്ഞതും വിധേയത്വം കൊണ്ടാവാം, അല്ലെങ്കിൽ വിവരക്കേട് കൊണ്ടാകാം. പക്ഷെ അതൊരിക്കലും സഹപ്രവർത്തകയുടെ നേർക്കുള്ള ആക്രമണത്തേക്കാൾ മുന്നിൽ നിൽക്കുന്ന ഒരു അശ്ലീലം അല്ല.