ഷിരൂരിൽ നിന്നും ഒരു മൃതദേഹം കണ്ടെത്തിയതായി ഈശ്വർ മാൽപ്പെ; ആരുടേതെന്ന് വ്യക്തമല്ല
കർണാടകയിലെ ഷിരൂരിൽ നിന്നും ഒരു പുരുഷൻ്റെ മൃതദേഹം കണ്ടെത്തിയെന്ന് മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപ്പെ. ഷിരൂരിൽ നിന്നും ആറ് കിലോമീറ്റർ ചുറ്റളവിൽ ഗോകർണത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കടലിൽ ഒഴുകിനടക്കുന്ന നിലയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. എന്നാൽ ജീർണിച്ച അവസ്ഥയിലായതിനാൽ ആരുടെതെന്ന് വ്യക്തമല്ല. നാട്ടുകാരാണ് വിവരം അറിയിച്ചത്. കഴിഞ്ഞ മാസം അർജുനെ കാണാതായ ഷിരൂർ മണ്ണിടിച്ചിൽ ദുരന്തമുണ്ടായ പ്രദേശത്തിനടുത്തുള്ള കടലിൽ വെച്ചാണ് അജ്ഞാത മൃതദേഹം കണ്ടെത്തിയത്.
ഷിരൂർ-ഹോന്നവാര കടലിൽ ഒഴുകി നടക്കുന്ന രീതിയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇത് അർജുൻ്റെ മൃതദേഹം ആകാനിടയില്ലെന്നാണ് സൂചന. രാവിലെ 11 മണിയോടെയാണ് മത്സ്യത്തൊഴിലാളികൾ കടലിൽ മൃതദേഹം കണ്ടെത്തിയത്. പിന്നീട് അധികൃതരെ വിവരമറിയിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം പ്രദേശത്ത് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായിരുന്നു. ഈശ്വർ മാൽപ്പ സ്ഥലത്തേക്ക് പുറപ്പെട്ടിട്ടുണ്ട്. കാലിൽ വല കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഈ മൃതദേഹം അർജുൻ്റേതാകാൻ വഴിയില്ലെന്ന് ഷിരൂർ എംഎൽഎ സതീഷ് കൃഷ്ണ സെയിൽ പ്രതികരിച്ചു.