പ്രശസ്ത തിരക്കഥാകൃത്ത് ജോൺ പോൾ അന്തരിച്ചു; വിടവാങ്ങുന്നത് തൂലികത്തുമ്പിൽ ചലച്ചിത്ര വിസ്മയങ്ങൾ തീർത്ത അതുല്യ പ്രതിഭ
പ്രശസ്ത മലയാള തിരക്കഥാകൃത്തും നിർമാതാവുമായ ജോൺ പോൾ (John Paul- 71) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസതടസവും മറ്റ് ആരോഗ്യ പ്രശ്നങ്ങളുമായി മാസങ്ങളായി ചികിൽസയിലായിരുന്നു.
സമാന്തര സിനിമകളും വിനോദ സിനിമകളും രണ്ടായിരുന്ന കാലത്ത് രണ്ടുതരം പ്രേക്ഷകർക്കും ആസ്വദിക്കാവുന്ന സിനിമകൾ തൂലികത്തുമ്പിലൂടെ സൃഷ്ടിച്ച അതുല്യ പ്രതിഭയായിരുന്നു ജോൺ പോൾ. 1980 കളുടെ തുടക്കത്തിൽ മലയാളത്തിലെ പ്രഗൽഭരായ സംവിധായകരുമായി ഒരുമിച്ച് പ്രവർത്തിച്ച ജോൺപോൾ നൂറിലധികം ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതി.
കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പോളിന്റെ ചികിത്സ സഹായ നിധിയിലേക്ക് മുഖ്യമന്ത്രിയുടെ ഫണ്ടിൽ നിന്ന് 2ലക്ഷം രൂപ നേരത്തെ സംസ്ഥാന സർക്കാർ അനുവദിച്ചിരുന്നു. ഇത് കൂടാതെ പതിനൊന്ന് ലക്ഷത്തി അറുപത്തി നാലായിരം രൂപയാണ് പൊതുജനങ്ങളിൽ നിന്നായി ചികിത്സ സഹായമെത്തിയത്. ജോൺ പോളിനെ മന്ത്രി പി രാജീവ് ആശുപത്രിയിലെത്തി കണ്ടിരുന്നു. മാസങ്ങളായി തുടരുന്ന ചികിത്സ മൂലം ജോൺ പോളിൻ്റെ കുടുംബത്തിൻ്റെ സാമ്പത്തിക സ്ഥിതി മോശമായതോടെയാണ് പ്രേക്ഷകരുതെ സഹായത്തോടെ ഫണ്ട് സ്വരൂപിക്കാൻ ശ്രമം തുടങ്ങിയത്. എന്നാൽ ഈ നടപടി പുരോഗമിക്കുന്നതിനിടെ അദ്ദേഹം വിട വാങ്ങുകയായിരുന്നു.
സ്കൂൾ അധ്യാപകനായിരുന്ന പുതുശ്ശേരി പി.വി പൗലോസിന്റെയും റബേക്കയുടെയും അഞ്ചുമക്കളിൽ നാലാമനായി 1950 ഒക്ടോബർ 29ന് എറണാകുളത്താണ് ജോൺ പോളിന്റെ ജനനം. എറണാകുളം മഹാരാജാസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദാനന്തരബിരുദം നേടി. കാനറാ ബാങ്കിൽ ഉദ്യോഗസ്ഥനായിരുന്നെങ്കിലും സിനിമയിൽ സജീവമായപ്പോൾ രാജിവച്ചു.
ഐവി ശശിയുടെ ‘ഞാന്‍, ഞാന്‍ മാത്രം’ എന്ന സിനിമക്ക് കഥയെഴുതിക്കൊണ്ടാണ് മലയാള സിനിമയില്‍ തുടക്കമിടുന്നത്. ഭരതന്റെ ‘ചാമര’ത്തിനു വേണ്ടി തിരക്കഥയെഴുതിക്കൊണ്ട് തിരക്കഥാ രംഗത്തും സജീവമായി. ദേശീയ അന്തർദേശീയപുരസ്കാരങ്ങൾ നേടിയ ഒരു ചെറുപുഞ്ചിരി എന്ന എം.ടി. വാസുദേവൻ നായർ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമ്മാണം ജോൺപോൾ ആയിരുന്നു. കേരളത്തിലെ ചലച്ചിത്രസാങ്കേതിക കലാകാരന്മാരുടെ സംഘടനയായ മാക്ടയുടെ (MACTA) സ്ഥാപക സെക്രട്ടറിയായിരുന്നു ജോൺപോൾ.
ജോണ്‍ പോള്‍ ഏറ്റവുമധികം തിരക്കഥകള്‍ എഴുതിയത് സംവിധായകന് ഭരതന് വേണ്ടിയായിരുന്നു. ഐവി ശശി, മോഹന്‍, ജോഷി, കെ എസ് സേതുമാധവന്, പിഎന്‍ മേനോന്, കമല്‍, സത്യന് അന്തിക്കാട്, ഭരത് ഗോപി, ജേസി, കെ മധു, പിജി വിശ്വംഭരന്, വിജി തമ്പി തുടങ്ങി മലയാളത്തിലെ പ്രമുഖ സംവിധായകര്‍ക്ക് ഒപ്പവും ജോണ്‍പോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാതോടു കാതോരം, കാറ്റത്തെ കിളിക്കൂട്, യാത്ര, മാളൂട്ടി, അതിരാത്രം, ഓർമയ്ക്കായ്, ഇത്തിരിപ്പൂവേ ചുവന്ന പൂവേ, ആലോലം, ഇണ, അവിടത്തെപ്പോലെ ഇവിടെയും, ഈ തണലിൽ ഇത്തിരിനേരം, ഈറൻ സന്ധ്യ, ഉണ്ണികളെ ഒരു കഥ പറയാം, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം, ഉത്സവപ്പിറ്റേന്ന്, പുറപ്പാട്, കേളി, ചമയം, ഒരു യാത്രാമൊഴി എന്നിങ്ങനെ മലയാളചലച്ചിത്രലോകത്തിന് മറക്കാനാകാത്ത നിരവധി ചിത്രങ്ങൾ രചിച്ചത് ജോൺ പോൾ ആണ്. കമൽ സംവിധാനം ചെയ്ത പ്രണയമീനുകളുടെ കടൽ എന്ന ചിത്രത്തിന്റെ തിരക്കഥയാണ് ഒടുവിൽ എഴുതിയത്.
മികച്ച ചലച്ചിത്രഗ്രന്ഥത്തിനുള്ള സംസ്ഥാന അവാർഡ്, മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡ്, മികച്ച പരിസ്ഥിതി ചിത്രത്തിനുള്ള ദേശിയ അവാർഡ്, തിരക്കഥയ്ക്കും ഡോക്കുമെന്ററിക്കുമുള്ള ഫിലിം ക്രിട്ടിക്സ് അവാർഡ്, സംസ്ഥാന ടെലിവിഷൻ അവാർഡ്, അന്താരാഷ്ട്ര നിരൂപക സംഘടനായ ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് ഫിലിം ക്രിട്ടിക്സ് (ഫിപ്രസി) പ്രത്യേക ജൂറി അവാർഡ് തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.
ഭാര്യ. ഐഷ എലിസബത്ത്. മകൾ ജിഷ ജിബി.
Content Highlight: Famous Malayalam Scriptwriter John Paul passes away