‘വിമാനത്തിലെ കയ്യാങ്കളിയിൽ നേതൃത്വത്തിന് പങ്കില്ല, പക്ഷേ പ്രവർത്തകരെ കോൺഗ്രസ് തള്ളിപ്പറയില്ല’- KPCC പ്രസിഡണ്ട് കെ സുധാകരൻ
കണ്ണൂരിൽ വിമാനത്തിൽ മുഖ്യമന്ത്രിക്ക് നേരെയുണ്ടായ ആക്രമണത്തിൽ പാർട്ടി നേതൃത്വത്തിന് അറിവുണ്ടായിരുന്നില്ലെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ. വിമാനത്തിലുണ്ടായ ആക്രമണത്തെ പാർട്ടി ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്നില്ലെന്നും പാർട്ടി നേതൃത്വത്തിന്റെ അറിവോടെയല്ല ആ പ്രതിഷേധം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. എങ്കിലും അവരെ ഒരു തരത്തിലും പാർട്ടി തള്ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു.
വിഡ്ഢിത്തം പറയാൻ മാത്രം വാ തുറക്കുന്ന ഇ പി ജയരാജനെതിരെ കേസെടുക്കണം. എത്ര പാർട്ടി ഓഫീസാണ് അടിച്ചു പൊളിച്ചത്. ഈ പണി കോൺഗ്രസുകാർക്കും അറിയാം. ഞങ്ങൾ അക്രമത്തെ പ്രോത്സാഹിപ്പിക്കാറില്ല. മുഖ്യമന്ത്രി നേരിട്ട് അക്രമം തടയാൻ തയ്യാറായിട്ടില്ലെങ്കിൽ വലിയ ഭവിഷ്യത്തുകൾ നേരിടേണ്ടി വരുമെന്നും കെ സുധാകരൻ പറഞ്ഞു.
അക്രമ സ്വഭാവം ഇടത് മുന്നണിയുടെ അടിസ്ഥാനമാണ്. അത് വ്യാപിപ്പിക്കാനാണ് അവർ ശ്രമിക്കുന്നതെങ്കിൽ നാളെ തല കുനിക്കേണ്ട അവസ്ഥ വരും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് തൃക്കാക്കരയിൽ സംഭവിച്ചത്. കെ റെയിലിൽ നിന്ന് മുഖ്യമന്ത്രിക്ക് മാറിചിന്തിക്കേണ്ടി വന്നത് ജനരോഷം കൊണ്ടാണ്. അതേ അവസ്ഥയായിരിക്കും അക്രമ രാഷ്ട്രീയത്തിന്റെ കാര്യത്തിലും.
സിപിഎമ്മന് വേണ്ടി വിടുപണി ചെയ്യുകയാണ് പൊലീസ് നേതൃത്വമെന്നും കെ പി സി സി പ്രസിഡണ്ട് കുറ്റപ്പെടുത്തി. കോൺഗ്രസ് പ്രവർത്തകരെ അക്രമിക്കാൻ ഡി വൈ എഫ് ഐ ക്കാർക്ക് ഒത്താശ ചെയ്യുകയാണ് നിലവിൽ കേരള പൊലീസ്.
Content Highlights : K Sudhakaran on protest against Pinarayi Vijayan