കലാഭവൻ മണിയുടെ സഹോദരൻ RLV രാമകൃഷ്ണൻ കാക്കയെ പോലെ കറുത്തവൻ, പെറ്റ തള്ള പോലും സഹിക്കില്ല; വർണ്ണവെറിയുമായി കലാമണ്ഡലം സത്യഭാമ
ഇക്കാലത്തും നമ്മുടെ സമൂഹത്തിൽ, അതും കലാകാരന്മാരുടെ ഇടയിൽ വര്ണവെറി വീണ്ടും തല പൊക്കുകയാണ്. കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ഡോ. ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം നടത്തിയത് നർത്തകിയായ കലാമണ്ഡലം സത്യഭാമയാണ്. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അവർ അദ്ദേഹത്തിനെതിരെ വളരെ മോശമായ രീതിയിൽ ജാതി അധിക്ഷേപം നടത്തിയത്.
മോഹിനിയായിരിക്കണം എപ്പോഴും മോഹിനിയാട്ടം കളിക്കുന്ന വ്യക്തികൾ. ആർഎൽവി രാമകൃഷ്ണന് കാക്കയുടെ നിറമാണ്. അദ്ദേഹത്തെ മോഹനിയാട്ടത്തിന് കൊള്ളില്ല. കാല് ഇങ്ങനെ അകത്തി വെച്ച് കളിക്കുന്ന കലാരൂപമാണിത്. ഒരു പുരുഷൻ ഇങ്ങനെ കാല് അകത്തി മോഹനിയാട്ടം കളിക്കുകയെന്ന പോലെ അരോചകത്വം വെറെയില്ല. ആണ്പിള്ളേര് മോഹിനിയാട്ടം കളിക്കുകയാണെങ്കിൽ അവര്ക്ക് സൗന്ദര്യം വേണം. ആണ് പിള്ളേരില് നല്ല സൗന്ദര്യം ഉള്ളവരില്ലേ? ഇവനെ കണ്ടാല് ദൈവം പോലും, എന്തിന് പെറ്റ തള്ള പോലും സഹിക്കില്ല” – എന്നാണ് കലാമണ്ഡലം സത്യഭാമ പറയുന്നത്.
ഈ ജാതി അധിക്ഷേപത്തിനെതിരെ ആർഎൽവി രാമകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. തനിക്ക് കാക്കയുടെ നിറമാണ് എന്നും തന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും ഇവർ പറഞ്ഞു. ഇതാദ്യമായല്ല കലാമണ്ഡലം സത്യഭാമ തന്നെ അധിക്ഷേപിക്കുന്നത്. താൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ പിഎച്ച്ഡി എടുക്കുന്നതിലും ഇവർക്ക് താല്പര്യമില്ലായിരുന്നു.
ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത് എന്ന് അദ്ദേഹം പ്രതികരിച്ചു. ഈ സംഭവത്തിൽ നിയമനടപടിക്ക് ഒരുങ്ങുന്നതായും ആർഎൽവി രാമകൃഷ്ണൻ പ്രതികരിച്ചു.
ഈ സംഭവത്തിൽ കല-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്ന് നിരവധിപ്പേർ രാമകൃഷ്ണന് പിന്തുണ അറിയിച്ചിട്ടുണ്ട്. ‘പ്രിയപ്പെട്ട അനിയാ, പുഴുക്കുത്ത് പിടിച്ച മനസ്സുകളുള്ളവർ എന്തും പറയട്ടെ, നിങ്ങൾ മോഹിനിയാട്ടത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ പ്രതിഭാധനൻ ആയ കലാകാരനാണ്,’ എന്ന് മന്ത്രി ആർ ബിന്ദു പറയുന്നു.
നടിയും നർത്തകിയുമായ സ്നേഹ ശ്രീകുമാർ പ്രതികരിക്കുന്നത് ഇങ്ങനെയാണ്. – ‘എന്താണ് ഇവര് പറയുന്നത്? കാക്കയുടെ നിറം എന്നൊക്കെ. നിങ്ങളുടെ സൗന്ദര്യ സങ്കൽപ്പം അല്ല സ്ത്രീയെ ഇവിടെ എല്ലാർക്കും. ഒരാളെ നിറവും സൗന്ദര്യവും പറഞ്ഞു തകർക്കാൻ നോക്കുകയാണ് ഈ വിവരമില്ലാത്ത സ്ത്രീ. നിങ്ങൾ വെല്ലുവിളിക്കണ്ടത് കഴിവുകൊണ്ടും അറിവുകൊണ്ടും ആണ്, അല്ലാതെ ഇമ്മാതിരി തോന്ന്യവാസം പറഞ്ഞു കൊണ്ടല്ല. നിങ്ങൾ ഈ പറഞ്ഞ കലാകാരന് വേണ്ടി ഞാൻ നിങ്ങളെ വെല്ലുവിളിക്കുന്നു അദ്ദേഹത്തിന്റെ കൂടെ ഒരു വേദിയിൽ കട്ടക്ക് നിന്ന് നൃത്തം ചെയ്തു ജയിക്കാൻ പറ്റുമെങ്കിൽ ചെയ്തു കാണിക്കു. ഈ പോസ്റ്റ് ആരെങ്കിലും ഇവരെ ഒന്ന് കാണിക്കണേ, ഒന്ന് വായിച്ചും കൊടുക്കണം.
ഈ വിഷയത്തിൽ രാമകൃഷ്ണൻ ഒരു പോസ്റ്റ് ഇട്ടിട്ടുണ്ട് – പ്രിയപ്പെട്ട കലാ സ്നേഹികളെ,
കലാമണ്ഡലം എന്ന അതുല്യനാമം പേരോടു ചേർത്ത ഒരു കലാകാരി എന്നെ വീണ്ടും വീണ്ടും ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണ്. ഞാൻ കാക്ക പോലെ കറുത്തവനാണെന്നും ശരീരത്തിന് നിറവും സൗന്ദര്യവും ഉള്ളവൻ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും. എന്നെ കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല എന്നും. സുന്ദരികളായ സ്ത്രീകൾ മാത്രമെ മോഹിനിയാട്ടം കളിക്കാൻ പാടുള്ളൂ എന്നും . എനിക്ക് വിദ്യാഭ്യാസ യോഗ്യതയില്ല എന്നൊക്കെയാണ് ഇവർ ആക്ഷേപം ഉന്നയിച്ചിരിക്കുന്നത്.
ഞാൻ ഏതോ ഒരു സ്ഥാപനത്തിൽ എന്തോ ഒന്ന് പഠിച്ചു എന്നാണ് അവർ പുലമ്പുന്നത്. എന്നാൽ നന്നായി പഠിച്ച് വിജയിച്ചിട്ടാണ് ഞാൻ ഈ രംഗത്ത് നിലയുറപ്പിച്ചിട്ടുള്ളത്. 1996 മുതൽ തൃപ്പൂണിത്തുറ RLV കോളേജിൽ മോഹിനിയാട്ട കളരിയിൽ നിന്ന് പഠിച്ചിറങ്ങിയ കലാകാരനാണ് ഞാൻ. 4 വർഷത്തെ ഡിപ്ലോമയും പോസ്റ്റ് ഡിപ്ലോമയും കഴിഞ്ഞതിനു ശേഷം എം.ജി യൂണിവേഴ്സിറ്റിയിൽ നിന്ന് MA മോഹിനിയാട്ടം ഒന്നാം റാങ്കോടെ പാസ്സായിട്ടുണ്ട്. ഇതുകൂടാതെ ഇവർ പറയുന്ന കേരള കലാമണ്ഡലത്തിൽ നിന്ന് പെർഫോമിങ്ങ് ആർട്സിൽ Mphil Top Scorer ആയി പാസാവുകയും ഇതേ സ്ഥാപനത്തിൽ തന്നെ മോഹിനിയാട്ടത്തിൽ Phd പൂർത്തിയാക്കുകയും ചെയ്തു .UgC യുടെ അസിസ്റ്റൻ്റ് പ്രൊഫ: ആകുന്നതിനുള്ള നെറ്റ് പരീക്ഷയും വിജയിച്ചിട്ടുണ്ട്. ഇതുകൂടാതെ ദൂരദർശൻ കേന്ദ്രം A graded ആർട്ടിസ്റ്റായി തിരഞ്ഞെടുക്കുകയും ചെയ്തു. 15 വർഷത്തിലധികമായി കാലടി സംസ്കൃത സർവ്വകലാശാലയിലും RLV കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനം ചെയ്തിട്ടുണ്ട്.
കലാമണ്ഡലം പേരോടു ചേർത്ത് വെച്ച ഈ അഭിവന്ദ്യ ഗുരു എന്നെ നേരത്തെയും കലാമണ്ഡലത്തിൽ വച്ച് ആക്ഷേപിച്ചിട്ടുണ്ട്. ഞാൻ മോഹിനിയാട്ട രംഗത്ത് നിലകൊള്ളുന്നതും മോഹിനിയാട്ടത്തിൽ Phd നേടുന്നതും ഇവർക്ക് ഒട്ടും താൽപര്യമില്ലായിരുന്നു. ഇങ്ങനെയുള്ള വ്യക്തികൾ കാരണം ഒരു പട്ടികജാതി കലാകാരന് നൃത്തരംഗത്ത് പിടിച്ചു നിൽക്കാൻ പറ്റാത്ത സാഹചര്യമാണ് ഇന്നുള്ളത്.ഇതുപോലെയുള്ള ജീർണ്ണിച്ച മനസുള്ളവരെ നിയമത്തിനു മുൻപിൽ കൊണ്ടുവരിക തന്നെ ചെയ്യും എന്നാണ് രാമകൃഷ്ണൻ പറയുന്നത്.
ഡോക്ടർ രാമകൃഷ്ണൻ നേടിയ വിജയങ്ങൾ നോക്കുക. ഒരു കലാകാരൻ എന്തൊക്കെയാണ് ജീവിതത്തിൽ നേടാൻ കൊതിക്കുന്നത്, അതെല്ലാം നേടിയ ആളാണ് അദ്ദേഹം. ഇല്ലായ്മയുടെയും പട്ടിണിയുടെയും കാലങ്ങൾ താണ്ടി വന്നവനാണ് രാമകൃഷ്ണൻ. ചേട്ടൻ മണിയാണ് ഈ ഫീൽഡിൽ ഉറച്ച് നില്ക്കാൻ അനിയന് എന്നും താങ്ങായി നിന്നത്. ഒരു പട്ടികജാതിക്കാരനെ കലാപരമായി ഇത്രയും ഉയർന്ന ബിരുദങ്ങൾ നേടുമ്പോൾ, ഒന്നാം റാങ്ക് നേടുമ്പോൾ, അയാൾക്ക് ഡോക്ടറേറ്റ് കിട്ടുമ്പോൾ സവർണ്ണ മനസ്സ് പിടയുന്നത് സ്വാഭാവികമാണ്. തങ്ങളേക്കാൾ ഉയർന്ന് പറക്കേണ്ടവരല്ല ഈ കറുത്ത പക്ഷികൾ, അല്ലെങ്കിൽ കാക്കകൾ എന്നാണ് അവരുടെ ചിന്ത. മയൂരനടനം ആടുന്നവർക്ക് കാക്കയെ എങ്ങനെയാണ് ഇഷ്ടമാവുക. സത്യഭാമയെ പോലുള്ള നികൃഷ്ട ജന്മങ്ങൾ ഒന്നോർക്കണം. കേരളത്തിൽ വർണവിവേചനം ഇല്ലാതാക്കാൻ പടപൊരുതിയ ഒരുപാട് സാംസ്കാരിക നേതാക്കളുണ്ട്. അവരുടെ മുഖത്ത് കൂടിയാണ് നിങ്ങൾ കാറിതുപ്പുന്നത്. നടൻ വിനായകൻ ആയാലും, ജാസി ഗിഫ്റ്റ് ആയാലും, രാമകൃഷ്ണൻ ആയാലും അവരുടെ കഴിവല്ല നിങ്ങൾക്ക് പ്രധാനം. നിങ്ങൾ ഇപ്പോളും നോക്കുന്നത് അവരുടെ നിറമാണ് , ജാതിയാണ്.